
ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും തിരിച്ചുവരുമെന്നു കരുതിയ ജമ്മുകാശ്മീരിൽ വീണ്ടും അശാന്തിയുടെ സൂചനകൾ. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ചുമതലയേറ്റയുടൻ നടന്ന ഭീകരാക്രമണം കേന്ദ്ര സർക്കാരിനും കാശ്മീർ സർക്കാരിനും ഒരുപോലെ വെല്ലുവിളികളും ആശങ്കകളും ഉയർത്തുന്നതാണ്. ഒക്ടോബർ 20ന് ശ്രീനഗർ ലേ ദേശീയ പാതയോരത്തെ സോനാ മാർഗിനടുത്തുള്ള ഒരു ഇൻഫ്രാസ്ട്രക്ചർ കമ്പനിയിലെ തൊഴിലാളികളെ പാർപ്പിക്കുന്ന ക്യാമ്പിനു നേരെയാണ് ഭീകരവാദികൾ മാരകമായ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടർ ഉൾപ്പെടെ തദ്ദേശീയരും കുടിയേറ്റ തൊഴിലാളികളുമുണ്ട്. ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറും സോനാ മാർഗും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാനസൗകര്യ പദ്ധതിയായ ഇസഡ്മോർ തുരങ്കത്തിന്റെ നിർമ്മാണ സംഘത്തിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട ഡോ. ഷാനവാസും മറ്റു തൊഴിലാളികളും.
ജമ്മു കാശ്മീരിലെ ഒരു മുഖ്യ വികസന പദ്ധതിക്കു നേരെ സമീപകാലത്തെ വലിയ ആക്രമണമായിരുന്നു അത്. കഴിഞ്ഞ ഒന്നര വർഷമായി കാശ്മീർ താഴ്വരയിൽ സജീവമായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ ത്വയ്ബയുടെ ശാഖയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്" (ടി.ആർ.എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ടത്. ടി.ആർ.എഫ് തലവൻ ഷെയ്ഖ് സജ്ജാദ് ഗുൽ ആക്രമണം സംഘടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഗ്രൂപ്പിന്റെ പ്രദേശിക പ്രവർത്തകർ കശ്മീരികളെയും കാശ്മീരി ഇതര തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇവർ കഴിഞ്ഞ മാസങ്ങളിൽ ഒട്ടേറെ തീവ്രവാദ റിക്രൂട്ട്മെന്റുകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് വ്യക്തമായി. സുരക്ഷാ ഭീഷണി സംസ്ഥാന പദവി പുന:സ്ഥാപിക്കലിന് തടസമാവുമോയെന്ന ആശങ്ക ഒമർ അബ്ദുല്ല സർക്കാരിനുണ്ട്.
2022-ൽ ഗുലിനെയും മറ്റു മൂന്ന് തീവ്രവാദികളെയും പിടികൂടാൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാശ്മീരി പണ്ഡിറ്റുകൾ, സിഖുകാർ, തദ്ദേശീയരല്ലാത്തവർ എന്നിവർക്കെതിരായ ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടി.ആർ.എഫ് അതിന്റെ തന്ത്രം മാറ്റിയിരുന്നു. ആക്രമണം നടത്തുന്നതിനു മുമ്പ്, തീവ്രവാദികൾ ഒരു മാസത്തോളം മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് ശ്രദ്ധ പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് കരുതുന്നു.
തന്ത്രങ്ങളിൽ
വന്ന മാറ്റം
കാശ്മീരിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആക്രമണത്തെ 'ഭീകരവും ഭീരുത്വവുമായി" വിശേഷിപ്പിച്ചു. നിരപരാധികളായ തൊഴിലാളികൾക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒരു ലക്ഷ്യത്തിനും ഉതകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരിലെ അക്രമങ്ങളെ പിന്തുണയ്ക്കുന്നത് ഇസ്ലാമാബാദ് അവസാനിപ്പിക്കുന്നതുവരെ സംഭാഷണം നടത്താൻ കഴിയില്ലെന്നു പറഞ്ഞ ഫാറൂഖ് അബ്ദുള്ളയും പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്തു. സോനാ മാർഗിലെ സമീപകാല ആക്രമണം, ജമ്മു മേഖലയിൽ, 2021 മുതൽ തീവ്രവാദപ്രവർത്തനങ്ങളുടെ വർദ്ധനയ്ക്ക് സാക്ഷ്യം വഹിച്ച അക്രമത്തിന്റെ തുടർച്ചയാണ്. 1989 മുതൽ കാശ്മീർ താഴ്വര തീവ്രവാദത്തിന്റെ പിടിയിലായിരുന്നു. എന്നാൽ 2000-കളുടെ തുടക്കത്തിനുശേഷം ജമ്മു താരതമ്യേന സമാധാനപരമായിരുന്നു. പിന്നീട്, ഏറക്കുറെ സമാധാനാന്തരീക്ഷം നിലനിന്ന ജമ്മുവിലേക്കുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ തന്ത്രപരമായ മാറ്റമാണ് സമീപകാല ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.
തീവ്രവാദികൾ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളുമായി പൊരുത്തപ്പെട്ടും, മലകളും ദുർഘട ഭൂപ്രദേശങ്ങളും തന്ത്രപരമായി പ്രയോജനപ്പെടുത്തിയും അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തുന്നു. ജമ്മുവിന്റെ പല ഭാഗങ്ങളിലും റോഡ് ബന്ധങ്ങളുടെ അഭാവം സുരക്ഷാ പ്രവർത്തനങ്ങളെ കൂടുതൽ തടസപ്പെടുത്തുന്നുണ്ട്. ഇത് തീവ്രവാദികളെ രക്ഷപ്പെടാൻ അനുവദിക്കുന്നു. കാശ്മീർ താഴ്വരയിൽ സുരക്ഷാ സേനയുടെ കേന്ദ്രീകരണം തീവ്രവാദികളെ തെക്കോട്ട് തള്ളിവിട്ടിരിക്കാമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. കാശ്മീരിലെ തന്ത്രപ്രധാന പ്രദേശങ്ങളിൽ നിന്ന് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള തീവ്രവാദികളുടെ ബോധപൂർവമായ ശ്രമമാണിത്.
അവകാശവാദവും
യാഥാർത്ഥ്യവും
ഇക്കഴിഞ്ഞ ജൂണിൽ, റിയാസി ജില്ലയിൽ ഒരു ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് ഹിന്ദു തീർത്ഥാടകർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമീപവർഷങ്ങളിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. സിവിലിയൻമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയുടെ തുടർച്ചയായിരുന്നു പുതിയ മുന്നേറ്റം. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു കേന്ദ്ര സർക്കാരിന്റെ ബഹുമുഖ തന്ത്രത്തെ ഉദ്ധരിച്ച്, കശ്മീരിലെ ആക്രമണങ്ങൾ അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നെങ്കിലും, ആ മാസംതന്നെ കുൽഗാം, കത്വ, ദോഡ ജില്ലകളിലുണ്ടായ ആക്രമണങ്ങൾ മോദിയുടെ അവകാശവാദത്തെ അപ്രസക്തമാക്കുന്നതാണ്.
അനുച്ഛേദം 370 റദ്ദാക്കിയതിനൊപ്പം നിയമപരമായ മാറ്റങ്ങളുടെ ഒരു പരമ്പരയും കാശ്മീരിലുണ്ടായി. കൂടുതൽ കേന്ദ്ര നിയന്ത്രണം അനുവദിക്കുന്നതിനായി ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തു. സുരക്ഷാ നടപടികളിൽ കർഫ്യൂ, ഇന്റർനെറ്റ് നിരോധനം, കൂട്ട അറസ്റ്റുകൾ എന്നിവ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം കാശ്മീരികളും കേന്ദ്ര സർക്കാരും തമ്മിലുള്ള വിശ്വാസക്കുറവ് വർദ്ധിപ്പിച്ചു. മാദ്ധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ എന്നിവരെ ലക്ഷ്യം വച്ചുള്ള, യു.എ.പി.എ പ്രകാരമുള്ള അറസ്റ്റുകൾ വ്യാപകമായ അതൃപ്തിക്ക് കാരണമായി.
ഉണങ്ങാത്ത
മുറിവുകൾ
തിരഞ്ഞെടുപ്പിനു ശേഷം ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് അംഗീകാരം നൽകി ലഫ്. ഗവർണർ മനോജ് സിൻഹ ഒപ്പിട്ടതായി വാർത്തയുണ്ട്. ജമ്മു കാശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്, 370 റദ്ദാക്കിയതിലൂടെ സംഭവിച്ച രാഷ്ട്രീയ മുറിവുകൾ ഉണക്കുന്നതിനുള്ള നടപടികൾ കേന്ദ്രം പരിഗണിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പൗരാവകാശങ്ങൾ പുനഃസ്ഥാപിക്കുകയും സാമ്പത്തിക വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും വാഗ്ദാനങ്ങൾ നിറവേറ്റുകയും വേണം. കൂടാതെ, ഭാവിയിലെ ആക്രമണങ്ങൾ തടയാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ രഹസ്യാന്വേഷണ ശൃംഖലകൾ മെച്ചപ്പെടുത്തുകയും വേണം.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പാക്കിസ്ഥാൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുകലിന് തുടക്കമിടുമെന്ന് കരുതിയെങ്കിലും പുതിയ ആക്രമണങ്ങൾ വീണ്ടും കാര്യങ്ങളെ മാറ്റിമറിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. അക്രമം കുറയ്ക്കുന്നതിനും കാശ്മീരിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്കൊപ്പം നയതന്ത്രചർച്ചകളുടെ ആവശ്യകതയും ഇപ്പോൾ വിദഗ്ദ്ധർ ഊന്നിപ്പറയുന്നു. സമാധാനപരമായ പരിഹാരം പ്രദേശിക സ്ഥിരതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. സംഭാഷണത്തിനും അനുരഞ്ജനത്തിനുമുള്ള അടിയന്തര ശ്രമങ്ങളില്ലെങ്കിൽ ജമ്മു കാശ്മീരിൽ അക്രമത്തിന്റെ തുടർച്ചയ്ക്ക് സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും വിദേശബന്ധങ്ങൾക്കും കാര്യമായ വെല്ലുവിളി ഉയർത്തിയേക്കാം.
(എം.ജി. സർവകലാശാലാ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ദ്ധനുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |