ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. റിയാസി ജില്ലയിലെ മാർഡി സ്വദേശി മുഹമ്മദ് മുഷ്‌താഖ് (37) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മുഷ്‌താഖിനെ ആദ്യം റിയാസി ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിയേറ്റ നിലയിലാണ് മുഷ്‌താഖിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് റിയാസി ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ട് കരം വീർ സിംഗ് സ്ഥിരീകരിച്ചു. തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നുവെന്നും നില ഗുരുതരമായതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് നിർദേശിക്കുകയായിരുന്നുവെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജവാന്റെ മരണത്തിൽ സിഐഎസ്എഫും അന്വേഷണം തുടങ്ങി.
ഇക്കഴിഞ്ഞ സെപ്‌തംബർ 29ന് കത്വയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിലുണ്ടായ വെടിവയ്‌പ്പിൽ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിവയ്‌പ്പ് ഉണ്ടായിരിക്കുന്നത്. മഷ്‌കയിലെ ജലവൈദ്യുത നിലയത്തിൽ ഡ്യൂട്ടിക്കിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് സിഐഎസ്എഫ് കോൺസ്റ്റബിൾ സഹപ്രവർത്തകർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ അസിസ്റ്റൻഡ് കമാൻഡന്റ്, സബ് ഇൻസ്പെക്‌ടർ, രണ്ട് കോൺസ്റ്റബിൾമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
CISF jawan Mohammed Mushtaq, 37, died after being shot under mysterious circumstances while on duty in Jammu and Kashmir’s Reasi district. He was taken to hospitals for treatment but could not be saved. Police and the CISF have launched investigations into the incident, which follows a deadly shooting involving CISF personnel in Kathua on September 29.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |