SignIn
Kerala Kaumudi Online
Thursday, 22 October 2026 1.37 PM IST

ഗവർണർ ഒപ്പിടുമോ തള്ളുമോ

gov

കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി ജയിൽ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ ഗവർണർ എന്തു നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ തീരുമാനം ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല. നല്ലനടപ്പും വനിതയാണെന്നതും പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. അതേസമയം, 25വർഷമായി ശിക്ഷയനുഭവിക്കുന്നവരും രോഗികളുമായ സ്ത്രീകളുടെ മോചനത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തുനൽകിയിട്ടുണ്ട്.

തടവുകാരെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശയിൽ ചോദ്യങ്ങളുന്നയിക്കാമെങ്കിലും തള്ളിക്കളയാനോ അനന്തമായി തടഞ്ഞുവയ്ക്കാനോ ഗവർണർക്ക് കഴിയില്ല. പതിന്നാലു വർഷം തടവുശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാരെ, നല്ലനടപ്പ് പരിഗണിച്ച് ജയിൽമോചിതരാക്കുന്നുണ്ടെന്നും ഗവർണറുടെ തീരുമാനം വൈകുന്നത് മോചനത്തിന് മതിയായ കാരണമാണെന്നും രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ ശുപാർശ പ്രകാരമാവണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സ്വന്തം താത്പര്യമല്ല നടപ്പാക്കേണ്ടതെന്നും ഈ കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്.

ഇരുപതു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരൻ മണിച്ചനെ വിട്ടയയ്ക്കാനുള്ള ഹർജിയിൽ, പേരറിവാളൻ കേസിലെ ഉത്തരവ് കണക്കിലെടുത്ത് നടപടിയെടുക്കാൻ ഗവർണർക്ക് സുപ്രീംകോടതി ഉത്തരവ് നൽകുകയും ചെയ്തതോടെ ഗവർണറുടെ അധികാരത്തിന്മേൽ മന്ത്രിസഭയുടെ തീരുമാനം നിലനിൽക്കുമെന്നുറപ്പായിരുന്നു. സർക്കാരിന്റെ ശുപാർശ വച്ചുതാമസിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഗവർണർ സംസ്ഥാന സർക്കാരിന്റെ 'സംക്ഷിപ്ത രൂപം' മാത്രമാണെന്നുമാണ് സുപ്രീംകോടതി പേരറിവാളൻ കേസിൽ പറഞ്ഞത്. ഗവർണർ തീരുമാനം വൈകിപ്പിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ ശുപാർശ ഗവർണർ മാനിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിന്റെ കാതൽ.

കാരവണർ വധക്കേസിലെ ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അടിസ്ഥാനമായ പൊലീസ്, പ്രബേഷൻ, ജയിൽ റിപ്പോർട്ടുകളിൽ ഗവർണർക്ക് സർക്കാരിനോട് സംശയങ്ങളുന്നയിക്കാമെങ്കിലും ശുപാർശ തള്ളാൻ ഗവർണർക്കാവില്ല. ആസാദി-കാ-അമൃത് മഹോത്സവത്തിന്റെ ഭാഗമായി വൃദ്ധർ, വനിതകൾ, ശാരീരിക വൈകല്യമുള്ളവർ, ഗുരുതരരോഗികൾ എന്നിവരെ പ്രത്യേക ഇളവുനൽകി വിട്ടയയ്ക്കാനാണ് കേന്ദ്രനിർദ്ദേശം. 55വയസിനു മുകളിലുള്ള വനിതകൾ, ട്രാൻസ്‌ജെൻഡറുകൾ, 60വയസിനു മുകളിലുള്ള പുരുഷന്മാർ എന്നിവർ ശിക്ഷയുടെ പകുതി കാലാവധിയും ഗുരുതരരോഗം ബാധിച്ചവർ ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധിയും അനുഭവിച്ചിട്ടുണ്ടെങ്കിൽ മോചിപ്പിക്കും. കൂട്ടക്കൊല, സ്ത്രീധനക്കൊല, മാനഭംഗം, മനുഷ്യക്കടത്ത്, കുട്ടികളെ പീഡിപ്പിക്കൽ, കള്ളനോട്ട്, മയക്കുമരുന്ന്, വിദേശനാണ്യവിനിമയ കേസുകളിലെ തടവുകാർക്ക് ഇളവില്ല.

മുൻപും ഗവർണമാർ സർക്കാരിന്റെ ശുപാർശകൾ തള്ളുകയോ തീരുമാനമെടുക്കാതെ ഫയൽ പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിക്ക് 36പേരെ മോചിപ്പിക്കണമെന്ന ശുപാർശ ഗവർണറായിരുന്ന പി.സദാശിവം തള്ളിയിരുന്നു. മോചിപ്പിക്കപ്പെടേണ്ടവർ പ്രതികളായ കേസുകളിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിപ്രായം അറിയണമെന്നായിരുന്നു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ സദാശിവത്തിന്റെ നിലപാട്. കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച്, 1850തടവുകാരുടെ ശിക്ഷയിളവിനുള്ള ശുപാർശയും പി.സദാശിവം മടക്കിഅയച്ചിരുന്നു. വാടകക്കൊലയാളികളെയും സ്ത്രീപീഡകരെയും ഒഴിവാക്കി 739പേരുടെ പട്ടിക സർക്കാർ നൽകിയെങ്കിലും അദ്ദേഹം ഒപ്പിട്ടിരുന്നില്ല.

രണ്ടാമതും ശുപാർശ

ചെയ്താൽ അംഗീകരിക്കണം

സ്വന്തംതാത്പര്യമല്ല, മന്ത്രിസഭയുടെ ശുപാർശയാണ് ഗവർണർ നടപ്പാക്കേണ്ടതെന്ന് പേരറിവാളൻ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതിനാൽ, ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ച് മോചനത്തിന് മന്ത്രിസഭ നൽകിയ ശുപാർശ അതേപടി അംഗീകരിക്കുക.

മോചിപ്പിക്കേണ്ട തടവുകാരിയെ ശിക്ഷിച്ച ഉത്തരവുകളടക്കം പരിശോധിക്കേണ്ടതുണ്ടെന്നും വിശദമായ നിയമപരിശോധന വേണമെന്നും ചൂണ്ടിക്കാട്ടി ശുപാർശ മടക്കാം. അല്ലെങ്കിൽ സ്വന്തംനിലയിൽ നിയമോപദേശം തേടാം. പരാതികളിൽ വസ്തുതാപരിശോധന നടത്താം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണംതേടാം. പക്ഷേ, രണ്ടാമതും മന്ത്രിസഭ ഇതേ ശുപാർശ നൽകിയാൽ ഒപ്പിട്ടേപറ്റൂ. സുപ്രീംകോടതി ഉത്തരവുള്ളതിനാൽ അനിശ്ചിതമായി പിടിച്ചുവയ്ക്കാനാവില്ല. തടവുകാരുടെ ശിക്ഷ ഇളവു നൽകാൻ ഗവർണർക്ക് ശുപാർശ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിക്ക് പകരം മന്ത്രിസഭയ്ക്ക് നൽകി അടുത്തിടെ കാര്യനിർവഹണ ചട്ടഭേദഗതി വരുത്തിയിരുന്നു. മന്ത്രിസഭ അറിയാതെയുള്ള ശുപാർശ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണിത്.

ഗവർണറുടെ

അധികാരങ്ങൾ

ഭരണഘടനയുടെ 161–163 വകുപ്പുകളിലാണ് ഗവർണറുടെ അധികാരങ്ങളെപ്പ​റ്റി പറയുന്നത്. തിരഞ്ഞെടുക്കപ്പെടാത്ത പദവിയിലുള്ള ഗവർണർമാർ സംസ്ഥാനങ്ങളിലെ നിർണായകമായ അധികാരം കയ്യാളുന്നവരാകരുത് എന്നാണ് ഭരണഘടനയിലുള്ളത്. സംസ്ഥാനത്തിന്റെ തലവൻ എന്ന ആലങ്കാരിക പദവിയാണ് ഗവർണറുടേത്. കാബിന​റ്റിന്റെ തീരുമാനവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നു. അതേസമയം 163 (2), (3) വകുപ്പുകൾ അനുസരിച്ച് ഗവർണർക്ക് ചില കാര്യങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാം. എന്നാൽ ഏതൊക്കെ സന്ദർഭങ്ങളെന്നു ഭരണഘടനയിൽ വ്യക്തമല്ല. ഭരണഘടനാ വീഴ്ചയുണ്ടാകുന്ന സന്ദർഭങ്ങളിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം. അധികാര ദുർവിനിയോഗമുണ്ടായാൽ ഗവർണർക്ക് ഇടപെടാനാവും. ഭൂരിപക്ഷം നഷ്ടമാകുമ്പോൾ നിയമസഭ വിളിച്ചുകൂട്ടാൻ സർക്കാർ വിസമ്മതിച്ചാലോ സ്പീക്കർ അവിശ്വാസ പ്രമേയത്തിന് അനുമതി നൽകാതിരുന്നാലോ ഗവർണർക്ക് ഇടപെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMPINARAYI, GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION