
കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും. ഉന്നതബിരുദങ്ങൾ നേടി തൊഴിലില്ലാപ്പടയായി അലയുന്ന യുവാക്കളുടെ നാടാണ് കേരളം. സ്വകാര്യ സർവകലാശാലകളിൽ ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ ഉറപ്പാക്കുന്ന ആധുനിക കോഴ്സുകളായിരിക്കും പഠിപ്പിക്കുക. വ്യവസായശാലകൾക്ക് ആവശ്യമുള്ള വൈദഗ്ദ്ധ്യം ഉറപ്പാക്കുന്നതാവും സിലബസ്. കോഴ്സുകളെല്ലാം വ്യവസായ ബന്ധിതമായിരിക്കും. പഠനകാലത്തേ തൊഴിൽ-നൈപുണ്യ പരിശീലനവുമുണ്ടാവും. ഇതിനായി ഐ.ഐ.ടി, വിദേശ സർവകലാശാലകൾ എന്നിവയുമായി കരാറുണ്ടാക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കഴിയും. ക്യാമ്പസ് പ്ലേസ്മെന്റായിരിക്കും മുഖ്യ ആകർഷണം. പരമ്പരാഗതരീതികൾ മാറ്റുന്ന സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ വിദേശപഠനത്തിനുള്ള ഒഴുക്ക് കുറയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഇരുപത് സ്വകാര്യ സർവകലാശാലകളെങ്കിലും കേരളത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന് പണച്ചെലവില്ലാതെ സംസ്ഥാനത്ത് മികച്ചപഠനസൗകര്യമൊരുങ്ങുമെന്നതാണ് ഗുണം. മെഡിക്കൽ, എൻജിനിയറിംഗ്, നിയമം, മാനേജ്മെന്റ്, പാരാമെഡിക്കൽ എന്നിവയെല്ലാം പഠിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റികളാണ് വരുന്നത്. കാസർകോട്ടും ഇടുക്കിയിലുമടക്കം സ്വകാര്യ സർവകലാശാലയ്ക്കായി വൻഗ്രൂപ്പുകൾ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഒന്നിലേറെ ക്യാമ്പസുണ്ടെങ്കിൽ ആസ്ഥാനത്ത് പത്തേക്കർ ഭൂമിയുണ്ടാവണമെന്നാണ് വ്യവസ്ഥ. യൂണിവേഴ്സിറ്രികളോട് ചേർന്ന് ഷോപ്പിംഗ്-വിനോദ-ഭവന സമുച്ചയങ്ങളോടെ ടൗൺഷിപ്പുകളുംവരും. അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗ്രൂപ്പുകളുംട്രസ്റ്റുകളും സൊസൈറ്റികളും ക്രിസ്ത്യൻസഭകളും താത്പര്യമറിയിച്ചിട്ടുണ്ട്. നിലവിലെ സ്വയംഭരണ, എയ്ഡഡ് കോളേജുകളും സർവകലാശാലയാകാൻ രംഗത്തുണ്ട്. കൽപ്പിത സർവകലാശാലയാവാൻ 5കോളേജുകൾ നേരത്തേ അപേക്ഷിച്ചിരുന്നു.
സ്വകാര്യ സർവകലാശാലകൾക്ക് യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ തുടങ്ങാം. സിലബസ്, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവയ്ക്ക് യൂണിവേഴ്സിറ്രിക്ക് അധികാരമുണ്ട്. ഓൺലൈൻ, വിദൂരപഠനവുമാവാം. തൊഴിൽമേഖലയ്ക്ക് വേണ്ടിയുള്ള കോഴ്സുകളാണുള്ളത്. അഫിലിയേറ്റഡ് കോളേജുകൾ പാടില്ലെങ്കിലും രാജ്യത്തെവിടെയും വിദേശത്തും ഒഫ് ക്യാമ്പസ് സെന്റുകളും പഠനകേന്ദ്രങ്ങളുംതുറക്കാം. കേരളത്തിൽ പഠിക്കാമെന്ന പ്രചാരണം നൽകി വിദേശ വിദ്യാർത്ഥികളെയും ആകർഷിക്കാം.
ഗവേഷണത്തിനും
ഗുണം
നൂതനശാസ്ത്രമേഖലകളിൽ ഗവേഷണത്തിന് അവസരമൊരുങ്ങും. സർക്കാർ,പൊതുമേഖലാ, ശാസ്ത്ര സ്ഥാപനങ്ങളുമായി ഗവേഷണത്തിന് കരാറുണ്ടാക്കാം. ഫോട്ടോണിക്സ്, സൈബർസിറ്റംസ്, ആർട്ടിഫിഷ്യൽഇന്റലിജൻസ്, നാനോടെക്നോളജി, ബയോടെക്നോളജി, നാനോ മെറ്റീരിയൽസ് ഗവേഷണ സൗകര്യമൊരുങ്ങും. ഇതോടെ കൂടുതൽ കുട്ടികൾ അന്യസംസ്ഥാനത്ത് നിന്നടക്കം കേരളത്തിലേക്കെത്തും. എപ്പിഡമിയോളജി, വൈറോളജി, ഇമ്യൂണോളജി,ബയോളജിക്കൽ ഡേറ്റാ മാനേജ്മെന്റ്, മെഡിക്കൽ ഡോക്യുമെേന്റഷൻ എന്നിവയിൽ ഗവേഷണവും കോഴ്സുകളും. പ്രവേശനത്തിലും ഫലപ്രഖ്യാപനത്തിലുമടക്കം ക്രമക്കേട് കാട്ടിയാൽ 5വർഷത്തേക്ക് പ്രവേശനം യു.ജി.സി തടയും. നിലവാരമില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾക്ക് പിഎച്ച്ഡി നൽകിയാലും ശിക്ഷയിതാണ്. കോഴ്സുകളുടെ അംഗീകാരവും റദ്ദാക്കപ്പെടാം.
മുന്നിൽ ഗുജറാത്ത്
502 സ്വകാര്യ സർവകലാശാലകളാണ് രാജ്യത്തുള്ളത്. കൂടുതലുള്ളത് ഗുജറാത്ത്-66, മദ്ധ്യപ്രദേശ്-54, രാജസ്ഥാൻ-53, മഹാരാഷ്ട്ര-33, കർണാടക-29, ഉത്തരാഖണ്ഡ്-27, ഹരിയാന-25 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്ക്. രാജ്യത്താകെ 57കേന്ദ്ര സർവകലാശാലകളും 495 സ്റ്രേറ്റ് യൂണിവേഴ്സിറ്റികളും 138കൽപ്പിത സർവകലാശാലകളുമുണ്ട്. പ്രതിവർഷം 35,000നും 40,000നുമിടയിൽ മലയാളികൾ വിദേശപഠനത്തിന് പോവുന്നതായാണ് സർക്കാർ കണക്ക്. യഥാർത്ഥ കണക്ക് ഇരട്ടിയിലേറെയുണ്ടാവും. ഒരു ഏജൻസി മാത്രം 7000പേരെ വിദേശത്ത് അയയ്ക്കുന്നു. വിദേശത്ത് പോവുന്നതിൽ ഭൂരിഭാഗവും നിലവാരമില്ലാത്ത കോളേജുകളിലും അംഗീകാരമില്ലാത്ത കോഴ്സുകളിലുമാണ് എത്തപ്പെടുന്നത്. ലോകോത്തര നിലവാരത്തിലെ സൗകര്യങ്ങളൊരുക്കി വിദ്യാർത്ഥികളെ ഇവിടെത്തന്നെ പഠിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
കുട്ടികളെ കിട്ടുമോ
കേരളത്തിൽ ഒരു വർഷം 3.75ലക്ഷം കുട്ടികളാണ് ഹയർസെക്കൻഡറി വിജയിച്ച് ബിരുദപഠനത്തിന് എത്തുന്നത്. നിലവിലെ ആയിരത്തിലേറെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും സർവകലാശാലകളിലും പോലും ആവശ്യത്തിന് കുട്ടികളില്ലാത്ത സ്ഥിതിയാണിപ്പോൾ. എൻജിനിയറിംഗ് കോളേജുകളിലും പ്രവേശനം തീരെ കുറവാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ മത്സരം വീണ്ടും കടുക്കും. സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കം ഹയർസെക്കൻഡറി വിജയിച്ച് 3,72,910 പേരാണ് ബിരുദ പഠനത്തിന് യോഗ്യത നേടിയത്. 2.75 ലക്ഷം കുട്ടികൾ കോളേജുകളിൽ പ്രവേശനം നേടി. മെഡിക്കൽ, പാരാമെഡിക്കൽ അടക്കം 2.90ലക്ഷം കുട്ടികളാണ് പ്രതിവർഷം പ്രവേശനം നേടുന്നതത്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ കോളേജുകളിൽ 82,000 ബിരുദ സീറ്റ് കാലിയാണ്. 51,155 ബി.ടെക് സീറ്റുകളിൽ 14,198 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ സർവകലാശാലകളുടെ വരവ് സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളെയാവും കാര്യമായി ബാധിക്കുക.
വിദേശ ബന്ധവുമാവാം
വിദേശ സർവകലാശാലകളുമായും ചേർന്നുപ്രവർത്തിക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് അനുമതിയുണ്ട്. വിദേശത്ത് ഒഫ് ഷോർ ക്യാമ്പസുകളും തുറക്കാം. ഇന്ത്യയിലും വിദേശത്തുമുള്ള മറ്റേതെങ്കിലും സർവകലാശാലയുമായോ സ്ഥാപനവുമായോ അധികാര സ്ഥാപനവുമായോ സഹകരണവും യോജിച്ചുള്ള പ്രവർത്തനവും ആവാമെന്നാണ് ബില്ലിലുള്ളത്. ‘ഒരു മൾട്ടി ഡിസിപ്ലിനറി സർവകലാശാല ആയിരിക്കണം. അതിന്റെ സ്ഥാനം സംസ്ഥാനത്തിനകത്തായിരിക്കണം. എന്നാൽ, യു.ജി.സി.യും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികളും അനുശാസിക്കുന്ന നിബന്ധനകൾക്കു വിധേയമായി, സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് ഒഫ് ക്യാമ്പസ് സെന്ററുകളും ഒഫ് ഷോർ ക്യാമ്പസുകളും ആരംഭിക്കാൻ സർവകലാശാലയ്ക്ക് അനുമതി നൽകാവുന്നതാണ്. ബില്ലിൽ പറയുന്നു. സ്വകാര്യ-വിദേശ സർവകലാശാലകൾ തമ്മിൽ സഹകരണമാവാമെന്ന് യു.ജി.സിയും പറയുന്നു.
''സ്വകാര്യസർവകലാശാല അനിവാര്യം. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യസർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണ്. മുന്നോട്ടുപോയ പറ്റൂ.''
-ഡോ.ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |