SignIn
Kerala Kaumudi Online
Sunday, 25 October 2026 3.28 AM IST

കൊയിലാണ്ടി ദുരന്തം പഠിപ്പിക്കുന്ന പാഠങ്ങൾ

aa

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപക‌ടത്തിൽ മൂന്ന് ജീവൻ പൊലിഞ്ഞതിന്റെ തേങ്ങലടങ്ങിയിട്ടില്ല. കാട്ടാനക്കൊമ്പിൽ കുരുതി കൊടുക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതിനിടെയാണ് നാട്ടാനയുടെ പരാക്രമങ്ങളും അരങ്ങേറുന്നത്. ആരാണ് കാരണക്കാർ? മണക്കുളരയിലുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം വനംവകുപ്പ് ഉൾപ്പെടെ എല്ലാവർക്കുമുണ്ടെങ്കിലും പ്രാഥമികമായി ക്ഷേത്രക്കമ്മിറ്റിയുടെ ഏകോപനത്തിലാണ് പാളിച്ചയുണ്ടായത്.

ഗുരുവായൂർ ദേവസ്വം ആനയായ പീതാംബരൻ, ദേവസ്വത്തിന്റെ മറ്റൊരു ആനയായ ഗോകുലിനെ കുത്താനിടയായ സാഹചര്യമെന്താണ്? ഏതു ഘട്ടത്തിലാണ് പീതാംബരൻ പ്രകോപിതനായത്? പ്രശ്നത്തിൽ സർക്കാരും വനംവകുപ്പും ഗുരുവായൂർ ദേവസ്വവും കോടതിയിൽ വിശദീകരണം നൽകണം. അതിനിടെ പരസ്പരം പഴിചാരാനും തടിതപ്പാനുമുള്ള ശ്രമവും തകൃതിയായി നടക്കുന്നു. ഉത്സവങ്ങൾക്കിടെ ആന ഇടയുന്നത് ഒഴിവാക്കാൻ ക്രിയാത്മക നിർദ്ദേശങ്ങളുമില്ല.

പടക്കം പൊട്ടിയതിനെ തുടർന്ന് ഭയന്ന പീതാംബരനെന്ന ആന കൂടെയുള്ള ഗോകുൽ എന്ന ആനയെ കുത്തി. എഴുന്നെള്ളിപ്പിൽ അതുവരെ പിന്നിലായിരുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുലിനെ മുമ്പിലേക്ക് മാറ്റിയതും വിനയായി. ഇവിടെ പീതാംബരന്റെ സ്വഭാവത്തെപ്പറ്റി ക്ഷേത്രക്കമ്മിറ്റിക്കാർ അൽപ്പം മനസിലാക്കേണ്ടിയിരുന്നു. പീതാംബരന്റെ പാപ്പാൻ ആനയുടെ സ്വഭാവത്തെപ്പറ്റി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളോട് പറഞ്ഞിരുന്നെങ്കിലും അവർ ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. പടക്കം പൊട്ടുമ്പോൾ വിരളാൻ സാദ്ധ്യതയുള്ള ആനയാണ് പീതാംബരൻ. എഴുന്നെള്ളിപ്പിൽ മറ്റൊരാനയെ കടത്തിവിടുന്നതും ഇഷ്ടമല്ലത്രെ. ഗുരുവായൂരിൽ തന്നെ നാലുവർഷം മുമ്പ് നടന്ന എഴുന്നെള്ളിപ്പിൽ കൂട്ടാനയെ കുത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ നാലു വർഷമായി പീതാംബരൻ പ്രശ്നക്കാരനല്ലെന്നാണ് ഗുരുവായൂർ ദേവസ്വം പറയുന്നത്. എങ്കിലും എഴുന്നെള്ളിപ്പിന് ആനയെ ബുക്ക് ചെയ്യുമ്പോൾ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം ക്ഷേത്രക്കമ്മിറ്റിക്കാണ്, അത് ചെയ്തില്ല.

എഴുന്നെള്ളിപ്പിന് ആന വേണമെന്നത് ആചാരമല്ലെന്ന് ക്ഷേത്രം മേൽശാന്തി പ്രദീപൻ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെപ്പറ്റി വനംവകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി നൽകിയ റിപ്പോർട്ടിൽ ബുക്ക് ചെയ്ത ആനയുടെ പശ്ചാത്തലം പഠിക്കേണ്ടിയിരുന്നുവെന്ന് പറയുന്നുണ്ട്.

വെടിക്കെട്ട് നടത്തേണ്ടത്

ആനയെ തളച്ച ശേഷം

ആന നിന്നതിനു സമീപത്തായി പടക്കം പൊട്ടിച്ചതിലും കമ്മിറ്റിക്കാരുടെ വീഴ്ചയുണ്ട്. എഴുന്നെള്ളത്ത് അവസാനിച്ച് ആനയെ തളച്ചതിന് ശേഷമാണ് എല്ലായിടത്തും വെടിക്കെട്ട് നടത്താറുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിലെ പതിവും ഇതാണ്. എന്നാൽ മണക്കുളങ്ങരയിൽ എഴുന്നെള്ളിപ്പിനിടെയാണ് പടക്കം പൊട്ടിച്ചത്. അങ്ങനെ ചെയ്താൽ പീതാംബരന് പ്രശ്നമുണ്ടാകുമെന്ന് പാപ്പാൻ മുന്നറിയിപ്പ് നൽകിയിട്ടും ശ്രദ്ധിച്ചില്ല. അതിനിടെ, ആ സമയത്ത് പടക്കം പൊട്ടിക്കാൻ പറഞ്ഞത് ആരാണെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പറയുന്നു. ഈ പരാമർശം തന്നെ അവരുടെ ഏകോപനത്തിലെ വീഴ്ചയെയാണ് കാണിക്കുന്നത്.

എഴുന്നെള്ളിപ്പിൽ പീതാംബരനെ മുമ്പിൽ നടത്താനാണ് ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ കമ്മിറ്റിക്കാരിൽ ഒരു വിഭാഗം ഗോകുലിനെ മുന്നിലെത്തിച്ചുവെന്ന് വനംവകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ഇതിലും കാണാം ഏകോപനത്തിലെ വീഴ്ച. ഗോകുലിനെ മുമ്പിലെത്തിക്കാനുള്ള ശ്രമത്തിനിടെ ആനകൾ തമ്മിലുള്ള അകലം കുറഞ്ഞതും വിനയായി. ആനകൾ തമ്മിലും ആനയും ആളുകളും തമ്മിലുള്ള അകലവും പാലിച്ചില്ല. എല്ലാം തോന്നിയപടിയായി. ആന പ്രകോപിതനാകും മുമ്പും പടക്കം പൊട്ടിയിരുന്നു. അപ്പോഴൊന്നും കുഴപ്പമുണ്ടായിരുന്നില്ലെന്ന വിചിത്രവാദവും ക്ഷേത്രക്കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.

പീതാംബരൻ കൂട്ടാനയെ കുത്താറില്ലെന്ന് ഗുരുവായൂർ ദേവസ്വം പറയുന്നു. ഗുരുവായൂരിലും മറ്റ് ക്ഷേത്രങ്ങളിലും എഴുന്നെള്ളിപ്പിന് അയക്കാറുണ്ട്. അപ്പോഴൊന്നും പ്രശ്നമുണ്ടാക്കിയിട്ടില്ല. പ്രശ്നക്കാരായ കൊമ്പന്മാരെ ഒരെഴുന്നെള്ളിപ്പിനും അയക്കാറില്ലെന്നും പറയുന്നു.

ഉദ്യോഗസ്ഥർക്കുമുണ്ട്

ഉത്തരവാദിത്വം

അതിനിടെ ഇതേ ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന അമ്പാടി ബാലനാരായണൻ എന്ന ആന അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ഉടമ പിൻവലിച്ച് മര്യാദ കാട്ടി. കമ്മിറ്റിക്കാരുടെ എതിർപ്പിനെ അവഗണിച്ചാണിത്. നഷ്ടമുണ്ടാകുമെന്നും അവസാന നിമിഷം മറ്റൊരാനയെ കണ്ടെത്താനാകില്ലെന്നും കമ്മിറ്റിക്കാർ പറഞ്ഞുവത്രെ. നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. അത് നൽകിയാണ് ഉടമ ആനയെ പിൻവലിച്ചത്. പിന്നീട് വലിയ തുകയ്ക്ക് ലേലത്തിലെടുത്താണ് ഗുരുവായൂരിലെ ആനകളെ എഴുന്നെള്ളിപ്പിന് കൊണ്ടുവന്നത്. 40,000 രൂപ ഏക്കത്തുക നിശ്ചയിച്ചിട്ടുള്ള പീതാംബരനെ രണ്ടു ദിവസത്തേക്ക് 1,11,000 രൂപയ്ക്കാണ് വിലപേശി കൊണ്ടുവന്നത്. കാലിൽ ഇടച്ചങ്ങലയിടുന്നത് ഉൾപ്പെടെ നാട്ടാന പരിപാ‌ലനച്ചട്ടവും മണക്കുളങ്ങരയിൽ പാലിച്ചില്ലെന്ന് വനംമന്ത്രിയും പറഞ്ഞു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും പറഞ്ഞു.

ഏകോപനത്തിലെ പാളിച്ചയിൽ ഉദ്യോഗസ്ഥർക്കുമുണ്ട് ഉത്തരവദിത്വം. ജില്ലാ കളക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടുന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി ഉത്സവ നടത്തിപ്പിൽ അപാകതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പരോക്ഷമായി ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കുന്നതാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ട്. വനം, പൊലീസ്. ഫയർ ഉദ്യോഗസ്ഥരടങ്ങുന്ന സബ് കമ്മിറ്റി ഉത്സവ സ്ഥലം സന്ദർശിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ നിർദ്ദേശങ്ങളും ഉത്തരവുകളുമിറക്കി ഉദ്യോഗസ്ഥർ തടിതപ്പുകയായിരുന്നുവെന്ന് വ്യക്തം. ആനയുടെ പശ്ചാത്തലം പഠിക്കാനും വേറെ കമ്മിറ്റി വേണമെന്നും റിപ്പോർട്ടിലുണ്ട്. വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുരക്ഷാ മാനദണ്ഡം പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്. ഇവയെല്ലാം പാലിക്കുന്നതിൽ ഉദ്യോഗസ്ഥരം ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പാപ്പാന്മാരും ആനയുടമകളും ശ്രദ്ധിച്ചാൽ അപകടമുണ്ടാകില്ല. ഒരു ജീവനും നഷ്ടപ്പെടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION