
ഡൽഹി കേരളഹൗസിലെ ചായ ഒന്നൊന്നര ചായയാണ്. ഒരു ചായ കുടിച്ചാൽ പിണക്കങ്ങൾ പറപറക്കും. ഇഷ്ടങ്ങൾ പതഞ്ഞുയരും. 'സ്‌നേഹമാണഖിലസാരമൂഴിയിൽ" എന്നു ബോദ്ധ്യപ്പെടും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വട്ടംകൂടിയിരുന്ന് ഒരു കാലിച്ചായ കുടിച്ചതേയുള്ളൂ. എല്ലാ പ്രശ്‌നങ്ങളും 'കോംപ്ലിമെന്റ്‌സായി". തർക്കം ഉണ്ടായിട്ടുവേണ്ടേ തീർക്കാൻ എന്നാണ് പുറത്തിറങ്ങി നേതാക്കൾ പ്രതികരിച്ചത്.
പക്ഷേ, ചില തർക്കങ്ങൾ ഉണ്ടായി എന്നതാണ് പരമാർത്ഥം. കെ.പി.സി.സി പ്രസിഡന്റ് സുധാകർജി വല്ലാതെ ക്ഷീണിച്ചുപോയെന്നും ഇങ്ങനെയായാൽ പറ്റില്ലെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻജി പിണങ്ങി. പ്രസിഡന്റായി ദീർഘകാലം കൂടെയുണ്ടാവണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അതോടെ കൺട്രോളുപോയി , 'എന്റെ പൊന്നനിയാ" എന്നുവിളിച്ച് സുധാകർജി ഒറ്റ കരച്ചിലായിരുന്നു. അതുകണ്ട് രമേശ് ചെന്നിത്തലജിയും കെ.സി. വേണുഗോപാൽജിയും വിതുമ്പി. വനിതാനേതാക്കൾ തേങ്ങി.
ഭാഗ്യത്തിന് രാഹുൽജി സ്ഥലത്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ കേരളഹൗസ് കണ്ണീരിൽ മുങ്ങുമായിരുന്നു. കരയാതിരുന്ന ഏക വ്യക്തി ശശി തരൂർജിയായിരുന്നു. അതിനിടെ, അനിയാ, കേരളത്തിലെ അടുത്ത മുഖ്യമന്ത്രി നീയാകണമെന്ന് സതീശൻജിയെ നോക്കി മുൻ പ്രതിപക്ഷനേതാവായ രമേശ്ജി പറഞ്ഞപ്പോൾ അദ്ദേഹം തിരുത്തി. താൻ ലക്ഷ്മണനാണെന്നും രാമനായ രമേശ്ജിയാണ് ഭരിക്കേണ്ടതെന്നും സതീശൻജി പറഞ്ഞു. അഞ്ചുമിനിട്ടോളം ഇരുവരും കെട്ടിപ്പിടിച്ചുനിന്നു എന്നാണ് വിവരം.
രണ്ടുപേരും വിഷമിക്കരുതെന്നും സമയമാകുമ്പോൾ എല്ലാറ്റിനും ഒരു വഴിതെളിയുമെന്നും കോൺഗ്രസ് വാർറൂം മേധാവി കെ.സി. വേണുഗോപാൽജി സമാധാനിപ്പിച്ചു. മുകളിലൊരാളുള്ളപ്പോൾ ആർക്കും ആശങ്കവേണ്ട. തരൂർജി പതിവുപോലെ നിറചിരിയോടെ ആദ്യാവസാനം നിറഞ്ഞുനിന്നു. ഇത്രയും ഐക്യമുള്ള മറ്റൊരു പാർട്ടി ഈ ദുനിയാവിലുണ്ടോ എന്നാണ് പഴയ പടക്കുതിരയായ പി.ജെ. കുര്യൻജി പറഞ്ഞത്.
ചുറുചുറുക്കോടെ ഓടി നടക്കുന്ന സുധാകർജിയെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉടനെങ്ങും മാറ്റില്ലെന്നാണ് തോളോടുതോൾ ചേർന്നുനിന്ന് എല്ലാവരും പറഞ്ഞതെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. അല്ലെങ്കിലും ഈയിടെയായി അദ്ദേഹം ഇങ്ങനെയാണ്. ഉള്ളിൽ സന്തോഷം തിങ്ങിവിങ്ങുമ്പോഴും പുറത്തുകാണിക്കില്ല. പക്ഷേ, തിളച്ചുമറിയുമ്പോൾ ചുണ്ടൊന്ന് അനങ്ങും. അത്രമാത്രം. അടുത്തെങ്ങും മൈക്കില്ലെന്ന് അതുകൊണ്ടുതന്നെ അദ്ദേഹം ഈയിടെയായി ശ്രദ്ധിക്കാറുമുണ്ട്.
ആദർശം ഉയർത്തിപ്പിടിക്കുകയും സകലരും അത് കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ശുദ്ധഹൃദയനായ വി.എം. സുധീരൻജിയും ഡൽഹിയിൽ പറന്നെത്തി എന്നത് ശ്രദ്ധേയം. ഡ്രൈവറോ, കണ്ടക്ടറോ, കിളിയോ ഇല്ലെന്നുകരുതി ഒരു ബസിന്റെ സർവീസ് മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന ആദർശ ധീരനാണ് അദ്ദേഹം. പാർട്ടിക്ക് ഒരാവശ്യമുണ്ടായാൽ അദ്ദേഹം ഉണ്ടാകും. വിരക്തിയിൽ ജീവിക്കുന്ന സന്യാസിക്കും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാനാവില്ലെന്ന് നീതിസാരത്തിൽ പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ, എഴുതിച്ചേർക്കാം.
ഇത്രയും ഐക്യമുള്ള ഒരു പ്രസ്ഥാനത്തെക്കുറിച്ചാണ് ക്ഷുദ്രജീവികൾ അപഖ്യാതി പറഞ്ഞുപരത്തുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എല്ലാവരും അതത് സ്ഥാനങ്ങളിൽ തന്നെ ഉണ്ടാകുമെന്ന് എല്ലാവരും ഊന്നിപ്പറഞ്ഞ നിലയ്ക്ക് എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാം.
കേരളത്തിൽ മടങ്ങിയെത്തി പഴയ പരിപാടികൾ വീണ്ടും തുടങ്ങുന്നുണ്ടോ എന്നു കണ്ടുപിടിക്കാൻ തനിക്ക് നിരീക്ഷണ സംവിധാനമുണ്ടെന്ന് രാഹുൽജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആർക്കുമില്ലാത്ത ഈ നൂതന സംവിധാനം എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് ജയിക്കുമെന്ന് ഈ സംവിധാനത്തിലൂടെ രാഹുൽജി മനസിലാക്കിയിട്ടുണ്ട്.
കോൺഗ്രസ് നേതാക്കൾ ആവശ്യത്തിൽ കൂടുതൽ വാചകമടിക്കുന്നതാണ് സകലപ്രശ്നങ്ങൾക്കും കാരണമെന്നാണ് വൈകിയാണെങ്കിലും അദ്ദേഹം കണ്ടെത്തിയത്. 'നാവടക്കൂ പണിയെടുക്കൂ" എന്ന് മുത്തശി ഇന്ദിരാഗാന്ധി പണ്ടുപറഞ്ഞതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പിടികിട്ടിയത്.
ഹൈക്കമാൻഡിനെ
ഞെട്ടിച്ച് ആ പല്ലുകൾ
ബ്രണ്ണൻ കോളേജ് മുതൽ എതിരാളികളുടെ മാരകായുധങ്ങളെ അതിജീവിച്ച് കോൺഗ്രസിന് വളർത്തുന്ന തന്നെ എല്ലാവരുംകൂടി ഒറ്റപ്പെടുത്തുന്നതായി പരാതിപ്പെട്ട സുധാകരനെ ഹൈക്കമാൻഡ് സമാധാനിപ്പിച്ചു. തന്നെ വീഴ്ത്താൻ കമ്മ്യൂണിസ്റ്റുകാർക്കുവേണ്ടി ചിലർ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്ന് സുധാകരൻ പരാതിപ്പെട്ടെന്നാണ് റിപ്പോർട്ട്. കളരിയഭ്യാസിയായ തന്നെ തോൽപ്പിക്കാനാവില്ലെന്നു ബോദ്ധ്യമായപ്പോൾ ആഭിചാര പ്രയോഗങ്ങൾ തുടങ്ങി. മനുഷ്യരോടോ മൃഗങ്ങളോടോ യുദ്ധം ചെയ്യാം. കോഴിയുടെ പ്രേതത്തെ എന്തു ചെയ്യാനാവും. നൂറുകണക്കിന് കോഴികളുടെ ആത്മാക്കളെ നേരിടേണ്ടിവന്നതായി അദ്ദേഹം വെളിപ്പെടുത്തി. അത്രമാത്രം കോഴിത്തലകളാണ് വീട്ടിലെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഒരുസെറ്റ് പല്ലും കിട്ടിയിരുന്നു. കോഴിക്ക് പല്ലില്ലാത്തതിനാൽ, കൂടോത്രം നടത്തിയ ആളുടെ ഊരിവീണതാകാനാണ് സാദ്ധ്യത. ശുദ്ധികർമ്മങ്ങൾക്കു ശേഷം പല്ലുസെറ്റ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. കണ്ടെത്തിയ തലകളുടെ ഉടമകളായ കോഴികളുടെ ശരീരം എവിടെയൊക്കെ ബിരിയാണിയായി എന്നതിന്റെ വിശദമായ റിപ്പോർട്ട് കൈമാറുകയും ചെയ്തു. വീടും പരിസരവും ഒന്നു ശരിയാക്കിയെടുക്കുന്നതിനിടെ ഓഫിസിലും ലവന്മാർ പണിപറ്റിച്ചു. കസേരയിലെ കുഷ്യനടിയിൽവരെ ചില സൂത്രങ്ങൾ ഒപ്പിച്ചു. കളരിയഭ്യാസി ആയതുകൊണ്ടുമാത്രമാണ് ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടത്. കേരളത്തിൽ നാടൻ കോഴികൾ കുറവായതിനാൽ കർണാടകത്തിൽനിന്ന് കൊണ്ടുവരികയായിരുന്നു. കോഴികളെ ഏർപ്പാടാക്കിയ വിദ്വാൻമാരിലൊരാൾ ഹൈക്കമാൻഡിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായും പറഞ്ഞുവെന്നാണ് വിവരം. മന്ത്രവാദത്തിലൊന്നും തനിക്ക് വിശ്വാസമില്ലെങ്കിലും അതിനുശേഷം കൈകാലുകൾക്ക് ബലം കുറഞ്ഞതായി സുധാകർജി സംശയിക്കുന്നു.
ഇതെല്ലാം കേട്ട് രാഹുൽജിയും പ്രിയങ്കാജിയും ആകെ തകർന്നുപോയി. കർണാടകയിൽ നിന്ന് കോഴിയെ കയറ്റിവിട്ട ആ വിദ്വാൻ ആരാണെന്ന് അന്വേഷിച്ചു കണ്ടുപിടിച്ച് റിപ്പോർട്ട് നൽകാൻ കന്നഡക്കാരനായ എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും ആളെ കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ഹൈക്കമാൻഡിനറിയാം. ഇതോടൊപ്പം ആ പല്ലുസെറ്റിന്റെ ഉടമയെയും കണ്ടെത്തും.
ഇത്രയും വലിയ ഗുലുമാലുകൾക്കിടയിൽ, തരൂർജിയുടെ പ്രശ്‌നം എത്ര നിസാരമാണെന്ന് രാഹുൽജി ചോദിച്ചു. തനിക്കൊരു പ്രശ്‌നവുമില്ലെന്നും കോൺഗ്രസിനെക്കാൾ നല്ലൊരു പ്രസ്ഥാനമില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും തരൂർജി പറഞ്ഞതോടെ കേരളഹൗസ് സമ്മേളനം വൻവിജയമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |