
അനധികൃത കുടിയേറ്റം പല രാജ്യങ്ങളിലും ഇപ്പോൾ വലിയ ചർച്ചാവിഷയമാണല്ലോ. ഇന്ത്യയിലെ കുടിയേറ്റ നിയമങ്ങൾക്ക് വലിയ മാറ്റം കൊണ്ടുവരുന്നതാണ് ഈ വർഷം കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ. ഫോറിനേഴ്സ് ആക്ട് (1946), പാസ്‌പോർട്ട് (എൻട്രി ഇന്റു ഇന്ത്യ) ആക്ട് (1920), രജിസ്‌ട്രേഷൻ ഒഫ് ഫോറിനേഴ്സ് ആക്ട് (1939), ഇമിഗ്രേഷൻ (കേരിയേഴ്സ്' ലയബിലിറ്റി) ആക്ട് (2000) എന്നീ നിയമങ്ങൾ സംയോജിപ്പിച്ചാണ് പുതിയ ബില്ലിന് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയിലേക്കുള്ള വിദേശികളുടെ പ്രവേശനം, താമസം, പൗരത്വം, വിസാ വ്യവസ്ഥകൾ, അനധികൃത കുടിയേറ്റം എന്നിവ കൂടുതൽ കർശനമായി നിയന്ത്രിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ചുവടെ നൽകിയിരിക്കുന്നതാണ് ബില്ലിന്റെ പ്രധാന പ്രയോജനങ്ങൾ:
രാജ്യത്തിന്റെ അതിർത്തി സുരക്ഷ ശക്തമാക്കും.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ കൂടുതൽ സംവിധാനങ്ങൾ.
വിദേശികൾക്ക് വെളിപ്പെടുത്തലുകൾ സംബന്ധിച്ച് കൂടുതൽ ഉത്തരവാദിത്വങ്ങൾ.
വ്യാജരേഖ ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പിടികൂടാനുള്ള മെക്കാനിസം സൃഷ്ടിക്കും.
പൗരത്വം സംബന്ധിച്ച വ്യവസ്ഥകളിൽ കർശന നിയന്ത്രണങ്ങൾ.
വിസാ നിയമങ്ങൾ പുതുക്കും, ലംഘനങ്ങൾക്ക് കർശന ശിക്ഷ.
ചില പ്രധാന
വ്യവസ്ഥകൾ
അനധികൃത കുടിയേറ്റം തടയാൻ കർശന ശിക്ഷകൾ
ഇന്ത്യയിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും കനത്ത ശിക്ഷകൾ
പാസ്‌പോർട്ടോ വിസയോ ഇല്ലാതെ പ്രവേശിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ പിഴ അഥവാ അഞ്ചു വർഷംവരെ തടവ്
വ്യാജ രേഖകൾ ഉപയോഗിച്ചാൽ രണ്ടു മുതൽ ഏഴു വർഷംവരെ തടവ് അഥവാ ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴ
വിസാ കാലാവധി ലംഘിച്ചാൽ മൂന്നു വർഷം തടവ് അഥവാ മൂന്നു ലക്ഷം രൂപ വരെ പിഴ.
വിദേശികളുടെ മേൽ കർശന നിയന്ത്രണങ്ങൾക്കായി ഇ- ഫോറിനേഴ്സ് രജിസ്‌ട്രേഷൻ (e-FRRO) ശക്തിപ്പെടുത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിദേശികളുടെ വിവരങ്ങൾ സർക്കാരിന് നൽകേണ്ടിവരും.
അനധികൃത കുടിയേറ്റക്കാരെ പൊലീസിന് തിരിച്ചറിയാൻ പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കും
രാജ്യത്ത് അനധികൃതമായി കഴിയുന്നവർക്കെതിരെയുള്ള നടപടികൾ ഇനി പറയുന്നവയാണ്:
വിദേശികളെ തിരിച്ചറിയാനുള്ള 'ഫോറിനേഴ്സ് ഐഡന്റിഫിക്കേഷൻ പോർട്ടൽ' നടപ്പിലാക്കും.
അനധികൃത കുടിയേറ്റക്കാർക്കായി പ്രത്യേക ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കും.
വ്യാജ ആധാർ, പാൻ, റേഷൻ കാർഡ് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംവിധാനമുണ്ടാകും.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ തിരിച്ചറിയുന്നതിനായി ഇൻഫർമേഷൻ ടെക്‌നോളജി സംവിധാനം ശക്തിപ്പെടുത്തും
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കും താമസിക്കുന്നവർക്കും പുതിയ ബിൽ നിർദ്ദേശിക്കുന്ന കർശന നിയന്ത്രണങ്ങൾ ചുവടെ:
വിസാ അപേക്ഷകളിൽ അത്യാധുനിക വെരിഫിക്കേഷൻ സംവിധാനങ്ങൾ.
അധികം കാലം താമസിക്കുന്നവർക്കുള്ള പ്രത്യേക പെർമിറ്റ് സംവിധാനം.
നിരന്തരമായി നിയമലംഘനം നടത്തുന്നവരെ (carrier) ബ്ലാക്ക്ലിസ്റ്റ് ചെയ്യൽ.
അതിർത്തികൾ കൂടുതൽ സുരക്ഷിതമാക്കാൻ ഡിജിറ്റൽ ടെക്‌നോളജി, ഡ്രോൺ നിരീക്ഷണം എന്നിവ ഉപയോഗിക്കും.
പൊലീസ് ഇമിഗ്രേഷൻ, ഇന്റലിജൻസ് വിഭാഗങ്ങൾ തമ്മിൽ കൂടുതൽ വിവരങ്ങൾ കൈമാറും.
സംശയാസ്പദമായ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ശക്തമാക്കും.
പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിനെതിരെ മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവർത്തകരും ചില വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ബുദ്ധിമുട്ടുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നതാണ് ഒരു വിമർശനം. അനധികൃത കുടിയേറ്റത്തിനെതിരായ കർശന നടപടികൾ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉണ്ടാക്കമോ എന്ന ആശങ്കയുമുണ്ട്. വ്യാജരേഖ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്നവർക്കെതിരായ നടപടി കൂടുതൽ സുതാര്യമാക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |