ന്യൂഡൽഹി: ഇന്ത്യയുടെ ഉറ്റചങ്ങാതിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യൻ ഐടി മേഖലയ്‌ക്ക് തിരിച്ചടിയാകുന്നു. ഗ്രീൻ കാർഡ് നടപടികളിലെ നിർണായക ഘട്ടമായ പെർമനറ്റ് ലേബർ സർട്ടിഫിക്കേഷൻ (പിഇആർഎം) പദ്ധതിയിൽ നിന്ന് ടാറ്റ, വിപ്രോ, ഇൻഫോസിസ്, മൈക്രോസോഫ്‌റ്റ് ഉൾപ്പെടെ പ്രമുഖ ഐടി കമ്പനികളെ വിലക്കിയിരിക്കുകയാണ് അമേരിക്കൻ ഭരണകൂടം. ട്രംപിന്റെ ഈ നീക്കം അമേരിക്കയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായേക്കും.
അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ വിദേശ തൊഴിലാളികൾ കൈയടക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് കമ്പനികൾ കുടിയേറ്റ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തതായും ഭരണകൂടം ആരോപിക്കുന്നു. അഡോബി, കോഗ്നിസന്റ്, എച്ച്‌സിഎൽ, ക്യാപ്‌ജെമിനി എന്നിവയാണ് നടപടിയുടെ പരിധിയിലുള്ള മറ്റ് കമ്പനികൾ. അമേരിക്കൻ ഭരണകൂടം എച്ച്1ബി വിസ നിയമനങ്ങളിൽ പരിശോധനകൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം.
തൊഴിൽദാതാവ് സ്‌പോൺസർ ചെയ്യുന്ന ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള നിർണായക ഘട്ടമാണ് പിഇആർഎം. ഇതിലേക്കുള്ള അപേക്ഷകൾ പുതുതായി സ്വീകരിക്കില്ലെന്നും നിലവിലുള്ള അപേക്ഷകളുടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകില്ലെന്നുമാണ് അമേരിക്കൻ സർക്കാരിന്റെ നിലപാട്. ഇതോടെ സ്ഥിരതാമസത്തിനായി ഗ്രീൻ കാർഡിനെ ആശ്രയിക്കുന്ന ഇന്ത്യൻ ജിവനക്കാർ അനിശ്ചിതത്വത്തിലായേക്കും.
അതേസമയം, നടപടി നിലവിലുള്ള എച്ച്1ബി വിസകൾ സ്വമേധയാ റദ്ദാക്കുന്നതിന് തുല്യമല്ല. ഇന്ത്യക്കാർക്ക് ഇബി-2, ഇബി-3 വിഭാഗങ്ങളിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള ദീർഘകാലം കാത്തിരിക്കേണ്ടിവരുന്നത് ഇതിനകം വലിയ വെല്ലുവിളിയാണ്. പുതിയ നിയന്ത്രണം കാത്തിരിപ്പ് കൂടുതൽ നീട്ടിയേക്കും. കമ്പനികൾ ഭാവിയിൽ ഗ്രീൻ കാർഡ് സ്‌പോൺസർഷിപ് കുറച്ച് അമേരിക്കൻ തൊഴിലാളികളുടെ നിയമനം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയുമായുള്ള സൗഹൃദബന്ധം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്ന അമേരിക്കയുടെ ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തൊഴിൽ ബന്ധങ്ങളുടെ പശ്ചാത്തലത്തിലും ചർച്ചയാകുകയാണ്.
The Trump administration has barred eight major IT firms from the PERM Green Card programme, raising concerns among Indian professionals in the US over delays in permanent residency. Existing H-1B visas remain unaffected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |