
പ്രത്യയശാസ്ത്ര അടിത്തറയുടെ രാഷ്ട്രീയ പാഠവും അച്ചടക്കത്തിന്റെ കർക്കശ നിലപാടുകളുമായി പാർട്ടിയെ പുതിയ കാലത്തേക്കും, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മൂന്നാം ഭരണത്തിലേക്കും നയിക്കാൻ വീണ്ടും പാർട്ടിയുടെ മാഷ്. മുൻ കായികാദ്ധ്യാപകനായ എം.വി. ഗോവിന്ദന് എന്നും മാർക്‌സിസ്റ്റ് തത്വശാസ്ത്രമായിരുന്നു ഇഷ്ടവിഷയം. ദീർഘവീക്ഷണത്തോടെ പാർട്ടിയുടെ ഭാവി ലക്ഷ്യം വച്ചാണ് മാഷിന്റെ ഓരോ നിലപാടും. പാർട്ടി അണികൾക്കും നേതാക്കൾക്കും പാർട്ടി ക്ലാസ് നൽകുന്നതിന്റെ ചുമതല ദീർഘകാലം വഹിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണം പാർട്ടിയുടെ പൊതുവേദികളിൽ പ്രസംഗത്തിനു പകരം ഓരോ വിഷയത്തിന്റെയും അവതരണവും അതിന്റെ വിശദമാക്കലും- അതാണ് മാഷിന്റെ രീതി.
സംഘടനാ അച്ചടക്കത്തിൽ നിന്ന് വ്യതിചലിക്കുന്നവരെ ശക്തമായ ഭാഷയിൽ തിരുത്തുന്നതാണ് രീതി. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2022-ലാണ് എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കായിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ നേടി, തളിപ്പറമ്പ് പരിയാരം ഇരിങ്ങൽ യു.പി സ്‌കൂളിൽ കായികാദ്ധ്യാപകനായി. സി.പി.എമ്മിന്റെ മുഴുവൻസമയ പ്രവർത്തകനാകാനായി ദീർഘകാല അവധിയെടുത്ത എം.വി. ഗോവിന്ദൻ പിന്നീട് സ്വയം വിരമിക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് പോരാട്ട ഭൂമിയായ മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പു- എം.വി. മാധവി ദമ്പതികളുടെ മകനാണ് എം.വി. ഗോവിന്ദൻ. 1970-ൽ പാർട്ടി മെംബറായി. കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റും, പിന്നീട് സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദ്ദനവും അനുഭവിച്ചു.
ഇ.പി. ജയരാജനു ശേഷം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1991-ലാണ് സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്. 2006 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ഇടക്കാലത്ത് എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ആലപ്പുഴയിലും സംഘടനാ ചുമതല വഹിച്ചു. സംഘടനാപരമായ പ്രതിസന്ധി നേരിട്ട അവിടെ കണ്ണൂർ ശൈലിയിൽ പ്രശ്നങ്ങളെ നേരിട്ട് പരിഹാരം കണ്ടു. പാർട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ഇതിനിടെ മൂന്നുതവണ (1996, 2001, 2021) തളിപ്പറമ്പിൽ നിന്ന് നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശ്യാമളയാണ് ഭാര്യ. മക്കൾ: അഡ്വ. രംഗീത്, ശ്യാംജിത്ത് (ചലച്ചിത്ര രംഗം). മരുമകൾ: ഷിനി. പേരക്കുട്ടികൾ വിദാർത്ഥ്, രയരാർത്ഥ്
ചരിത്രത്തിന്റെ
ആവർത്തനം
രണ്ടാം പിണറായി സർക്കാരിൽ തദ്ദേശം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്ത് ഒന്നര വർഷത്തിനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനായി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു, 1998-ൽ ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന്, അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിസ്ഥാനം രാജിവച്ചാണ് സംസ്ഥാന സെക്രട്ടറിയായത്. ദീർഘകാലം പാർട്ടി സെക്രട്ടറിയായി തുടർന്ന പിണറായി പിന്നീട് പാർലമെന്ററി രംഗത്തേക്കു തിരിച്ചെത്തിയത് മുഖ്യമന്ത്രിയായാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |