SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

എ.കെ.ജിയെ ആകർഷിച്ച ശിവഗിരിയും ഗുരുദർശനവും 

akg

സ്വാതന്ത്ര്യാനന്തരം,​ രാജ്യത്തു നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച പതിനാറ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ ഒരാളായിരുന്നു സഖാവ് എ.കെ. ഗോപാലൻ. പാർലമെന്റിലെ പ്രഥമ പ്രതിപക്ഷ നേതാവ് എന്ന നിലയിലും, തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയിലും ആഗോളതലത്തിൽ ഖ്യാതി നേടിയ എ.കെ.ജി 1962-ൽ ആയുർവേദ ചികിത്സയ്ക്കും വിശ്രമത്തിനുമായി മൂന്നു മാസക്കാലം കുടുംബസമേതം ശിവഗിരി മഠത്തിലുണ്ടായിരുന്നു എന്ന ചരിത്രം അധികമാരും ഓർമ്മിക്കാറില്ല.

ധർമ്മസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വനജാക്ഷി മന്ദിരത്തിലായിരുന്നു എ.കെ.ജിയുടെ താമസം. ആലുംമൂട്ടിൽ കുടുംബത്തിന്റെ കാരണവരായിരുന്ന എം.കെ. ഗോവിന്ദദാസ് മകളുടെ പേരിൽ നിർമ്മിച്ചതാണ് വനജാക്ഷി മന്ദിരം. 1925 മാർച്ച് 12ന് ഗുരുദേവനും മഹാത്മജിയും സംഭാഷണം നടത്തിയത് ഈ മന്ദിരത്തിന്റെ ഹാളിലാണ്. ആയുർവേദ ചികിത്സയ്ക്കും വിശ്രമത്തിനുമായി ശിവഗിരിയിലെത്തിയ എ.കെ.ജി,​ മഠത്തിൽ സൂക്ഷിച്ചിട്ടുള്ള സന്ദർശക ഡയറിയിൽ എഴുതിയിരിക്കുന്ന കുറിപ്പ് വായിക്കേണ്ടതു തന്നെയാണ്. ഇംഗ്ളീഷിലുള്ള ആ കുറിപ്പിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ:

'ഞാൻ ഉദ്ദേശം മൂന്നു മാസക്കാലം ശിവഗിരി മഠത്തിന്റെ അതിഥിയായിരുന്നു. ഈ അവസരത്തിൽ നിരവധി തവണ ശിവഗിരി മഠത്തിലും മഹാസമാധിയിലും സന്ദർശനം നടത്തിയിട്ടുണ്ട്. ചതയാഘോഷത്തിൽ പങ്കെടുക്കാനും സമ്മേളനത്തിൽ അദ്ധ്യക്ഷനാകാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഋഷിവര്യനായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് ജനഹൃദയങ്ങളിൽ ആഴത്തിൽ വേരോട്ടം കിട്ടുന്നുവെന്ന് അറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സ്ഥാപനം സമസ്ത ജനവിഭാഗങ്ങളുടെയും സർക്കാരിന്റെയും സവിശേഷമായ സംരക്ഷണവും പരിലാളനവും അർഹിക്കുന്നുണ്ട്. മഹത്തായ ഈ സ്ഥാപനത്തിന് സർവവിധ വിജയങ്ങളും ആശംസിക്കുന്നു."
എ.കെ ഗോപാലൻ എം.പി
(ഒപ്പ്)

6.10.1962

കറകളഞ്ഞ കമ്യൂണിസ്റ്റും, ആഗോള വ്യാപകമായി തൊഴിലാളിവർഗത്തിന്റെ കണ്ണിലുണ്ണിയുമായിരുന്ന എ.കെ.ജിക്ക് ഗുരുദേവ സന്ദേശങ്ങളോട് ഇവ്വിധം ആഭിമുഖ്യമുണ്ടാകാൻ കാരണമെന്ത്?​ അനുപമമായ ആരാധനാ സമ്പ്രദായവും, ജാതി- മത ചിന്തകൾക്ക് അതീതമായ മനുഷ്യസ്‌നേഹവും പ്രയോഗത്തിൽ വരുത്താൻ ഗുരുദേവനു കഴിഞ്ഞു എന്നതുതന്നെയാകണം അദ്ദേഹത്തെ ആകർഷിച്ചിരിക്കുക എന്നു തീർച്ച. ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന രണ്ട് ഉദാഹരണങ്ങൾ എടുത്തു പറയേണ്ടതുണ്ട്:


ഗുരുദേവൻ നേരിട്ട് നിർദ്ദേശിച്ചതനുസരിച്ച് 1922 മാർച്ച് 31-ന് ആലപ്പുഴയിലെ ഘണ്ഠാകർണ ക്ഷേത്ര മൈതാനത്ത് ഗൃഹസ്ഥ ശിഷ്യനായിരുന്ന വാടപ്പുറം പി.കെ. ബാവ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകരിച്ചത്. തിരുവിതാംകൂർ ലേബർ യൂണിയൻ എന്ന് തുടക്കത്തിൽ പേരിട്ട, കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായിരുന്നു അത്. ഒരു മാസത്തിനുള്ളിൽ ഈ സംഘടന തിരുവിതാംകൂർ ലേബർ അസോസിയേഷൻ ആയി മാറി. ആദ്യ യോഗത്തിൽ ഗുരുദേവന്റെ പ്രതിനിധിയായി എത്തിയത് സംന്യാസി ശിഷ്യനും മഹാത്യാഗിയുമായ സ്വാമി സത്യവ്രതനായിരുന്നു.

'തൊഴിലാളികളുടെ കാലമാണ് വരാൻ പോകുന്നത്; ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക."-അക്കാലത്ത് ആലപ്പുഴ തണ്ണീർമുക്കത്ത് വിശ്രമിച്ചിരുന്ന ഗുരുദേവന്റെ ഈ സന്ദേശം സത്യവ്രത സ്വാമികളാണ് യോഗത്തിൽ വായിച്ചത്. അതിനു പുറമെ, ഗുരുദേവൻ കൊടുത്തയച്ച ഒരുരൂപ നാണയം സത്യവ്രത സ്വാമി പി.കെ .ബാവയ്ക്ക് കൈമാറുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയുടെ സൂത്രധാരനായിരുന്ന ഗുരുദേവൻ,​ തൊഴിലാളികളോടൊപ്പം ജീവിച്ച എ.കെ.ജിയുടെ ആരാധനാപാത്രമായതിൽ അതിശയിക്കേണ്ടതില്ല.

ശിവഗിരിയിലെ ശാരദാപ്രതിഷ്ഠ ഗുരുദേവൻ രൂപകല്പന ചെയ്തിരിക്കുന്നതിലും, സമാനതകളില്ലാത്ത അതിന്റെ ലക്ഷണങ്ങളും എ.കെ.ജിയെ അതിശയപ്പെടുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല. ശാരദാദേവിയുടെ പ്രതിഷ്ഠയിൽ സാധാരണമായി കാണുന്ന വീണ ശിവഗിരിയിലെ ശാരദാദേവിയിൽ കാണാനാകുന്നില്ല. ഇരുവശത്തുമായുള്ള നാലു കരങ്ങളിൽ ഓരോന്നിലും നിർമ്മലത്വമുള്ള ചിഹ്നരൂപ പ്രകാശനത്തിലാണ് ഭക്തന്റെ ദൃഷ്ടി പതിയുന്നത്.

ദേവിയുടെ മേൽഭാഗത്തെ വലതുകൈയിലെ കിളിയും, താഴ്ഭാഗത്തെ വലതുകൈയിലെ ചിന്മുദ്ര‌യുമാണ് നമ്മുടെ ദൃഷ്ടിയിൽ ആദ്യം പതിയേണ്ടേത്(വലതു കൈയിലെ ചൂണ്ടുവിരൽ തള്ളവിരലിനോട് ചേർത്ത് വൃത്താകാരമാക്കിയും ചെറുവിരൽ,​ മോതിര വിരൽ, നടുവിരൽ എന്നിവ നിവർത്തിയും പിടിക്കുന്നതാണ് ചിന്മുദ്ര). പിന്നീട്, മേൽഭാഗത്തെ ഇടതു കൈയിലെ അമൃതകുംഭവും,​ താഴ്ഭാഗത്തെ കൈയിലെ ഗ്രന്ഥവും നോക്കുക. ഏകാഗ്രത വർദ്ധിപ്പിക്കുക,​ ശരീരത്തിൽ സവിശേഷമായ ഊർജ്ജപ്രവാഹം സൃഷ്ടിക്കണമെന്ന അനുഭവബോധം ഉണർത്തുക എന്നീ പാഠങ്ങളാണ് ചിന്മുദ്ര ദ്യോതിപ്പിക്കുന്നത്.


ഒന്നുകൂടി ആഴത്തിൽ വിലയിരുത്തിയാൽ, 'വിദ്യകൊണ്ട് സ്വതന്ത്രരാകുക" എന്ന ഗുരുദേവ സന്ദേശം വ്യക്തിഗതമായി എങ്ങനെ പ്രവൃത്തിപഥത്തിൽ എത്തിക്കാമെന്ന് ശിവഗിരി ശാരദാദേവിയെ വണങ്ങുന്നതിലൂടെ നമുക്ക് ബോദ്ധ്യപ്പെടും. മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യൻ അസ്വസ്ഥനാണ്; അസമർത്ഥനാണ്; ആശയരഹിതനാണ് എന്ന പ്രപഞ്ച രഹസ്യം ഓർമ്മിപ്പിക്കുക കൂടിയാണ് ശാരദാപ്രതിഷ്ഠയിലൂടെ ഗുരുദേവൻ നിർവഹിച്ചിരിക്കുന്നത്. രാജയോഗ ജനനിയായ ശാരദാദേവിയെ ഒരു ക്ഷേത്രപ്രതിഷ്ഠയായല്ല,​ ജ്ഞാന പ്രതിഷ്ഠയായാണ് കാണേണ്ടതും സ്വീകരിക്കേണ്ടതും. പടിപടിയായി ഒരു വ്യക്തിക്ക് ധർമ്മാർത്ഥ കാമമോക്ഷത്തെ പ്രാപിക്കാനുള്ള തത്ത്വദർശനമാണ് ഇവിടെ പ്രകാശിക്കുന്നത് എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് എ.കെ.ജി ശിവഗിരിയെക്കുറിച്ച് മനസു തുറന്ന് അഭിപ്രായം പ്രകടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION