
തിരുവനന്തപുരം: എ.കെ.ജി സെന്ററിന്റെ കൈവശമുള്ള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീൽദാർ. അങ്ങനെ ഒരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് തഹസീൽദാർ അനീഷ് ശങ്കർ അറിയിച്ചു. സർവകലാശാലയുടെ ഭൂമി അളക്കാൻ മാത്രമാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. അതിന്റെ സർവേ നാളെ രാവിലെ10 മണിക്ക് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന റവന്യു വകുപ്പ് തിരുവനന്തപുരം തഹസീൽദാർക്ക് എ.കെ.ജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
സർവകലാശാലയുടെ ഭൂമി കൈയേറിയെന്നും ഗവേഷണ കേന്ദ്രം തുടങ്ങാതെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററായി പ്രവർത്തിപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ആരോപിച്ച് സിൻഡിക്കേറ്റംഗം ആർ.എസ് ശശികുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് സർവകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. 1977ൽ എ.കെ. ആന്റണി സർക്കാർ എ.കെ.ജി സ്മാരക സമിതിക്ക് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടു നൽകിയിരുന്നു. അതിനുപുറമേയുള്ള സ്ഥലവും കൈയടക്കി എന്നാണ് ആക്ഷേപം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |