SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

വില്ലേജ് ഓഫീസറുടെ ബൂമറാംഗ്

village

പഞ്ചായത്തുകളിൽ കെട്ടിട നികുതി അടയ്ക്കുന്നതിന് ജനങ്ങൾക്കുമേൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിന് മുൻപായി നികുതി പൂർണമായും പിരിച്ചെടുക്കണമെന്ന കർശന നിർദേശമുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥർ നികുതി പിരിവിന് ഇറങ്ങിയത്. ഇതിനിടെയാണ് കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജുവിനെ ഫോണിൽ വിളിച്ചത്. മൂന്ന് വർഷമായി കെട്ടിട നികുതി അടയ്ക്കാത്തത് വില്ലേജ് ഓഫീസർ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഇരുവരും തമ്മിലുളള സംസാരം തർക്കത്തിലേക്ക് നീങ്ങി. വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞുകൊണ്ട് ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഏരിയ സെക്രട്ടറിയുടെ സംസാരം വിവാദമാവുകയും ചെയ്തു. ഒരു പൊതുപ്രവർത്തകനിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഏരിയ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത് എന്ന് പരക്കെ വിമർശനമുയർന്നു. വില്ലേജ് ഓഫീസർ പ്രകോപിപ്പിച്ചതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്ന് ഏരിയാ സെക്രട്ടറി വിശദീകരിച്ചു. ഇനി നാരങ്ങാനത്ത് ജോലി ചെയ്യാനാകില്ലെന്ന് ജില്ലാ കളക്ടറോട് പറഞ്ഞ വില്ലേജ് ഓഫീസർ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകുകയും ചെയ്തു. അപേക്ഷ അംഗീകരിച്ച് കളക്ടർ സ്ഥലം മാറ്റം തരപ്പെടുത്തി തരുമെന്നായിരുന്നു വില്ലേജ് ഓഫീസറുടെ പ്രതീക്ഷ. പക്ഷെ, കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് വില്ലേജ് ഓഫീസറുടെ പൂർവകാല ചരിത്രം ഏരിയ സെക്രട്ടറി ചികഞ്ഞ് പുറത്തിട്ടപ്പോഴാണ്. ഒടുവിൽ, തനിക്ക് സ്ഥലം മാറ്റം വേണ്ടെന്ന നിലപാടിലെത്തിയ വില്ലേജ് ഓഫീസർ രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് നാരങ്ങാനത്ത് തന്നെ ജോലിയിൽ പ്രവേശിച്ചു. ഏരിയ സെക്രട്ടറിയമുയുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്തെന്ന് അവകാശപ്പെട്ട വില്ലേജ് ഓഫീസർ എന്താണ് ധാരണയെന്ന് വെളിപ്പെടുത്തിയില്ല. വില്ലേജ് ഓഫീസർ നേരത്തെ കൈക്കൂലി ആരോപണത്തിൽ കുടുങ്ങുകയും സസ്പെൻഷനിലാവുകയും ചെയ്തതിന്റെ രേഖകൾ പുറത്തുവിട്ട ഏരിയ സെക്രട്ടറി തന്റെ പക്കൽ മറ്റു ചില കേസുകളുടെ രേഖകളുമുണ്ടെന്ന് വെളിപ്പെടുത്തിയത് വില്ലേജ് ഓഫീസറെ ഞെട്ടിച്ചതായാണ് കരക്കമ്പി.

വില്ലേജ് ഓഫീസറെ ഭരണക്ഷി നേതാവ് ഭീഷണിപ്പെടുത്തിയത് അധികാരത്തിന്റെ ഹുങ്കു കൊണ്ടാണെന്ന് ജനം കരുതിയതിൽ തെറ്റുപറയാനാവില്ല. പക്ഷെ, വില്ലേജ് ഓഫീസർ നിലവിട്ട് പെരുമാറിയോ എന്നത് പരിശോധിക്കേണ്ടതാണ്. സി.പി.എം നേതാവിനെ ഫോണിൽ വിളിക്കുന്നതും പരിചയപ്പെടുന്നതുമാണ് പുറത്തു വന്ന ഫോൺ സംഭാഷണത്തിലെ തുടക്കം. കെട്ടിട നികുതി അടയ്ക്കണമെന്ന് 2022 മുതൽ പലതവണ ആവശ്യപ്പെട്ടിട്ടും അടയ്ക്കാമെന്ന മറുപടി മാത്രമാണ് കിട്ടിയത്. നിങ്ങളൊക്കെ വലിയ ആളുകളും രാഷ്ട്രീയ പാർട്ടികളുടെ ആളുകളുമായിരിക്കും. പക്ഷെ, ചോദ്യം വന്നാൽ ഡെപ്യൂട്ടി കളക്ടറുടെയും കളക്ടറുടെയും മുന്നിൽ ഞങ്ങൾക്ക് മുട്ടുമടക്കി നിൽക്കേണ്ടി വരും. അതുകൊണ്ട് സാഹചര്യമുണ്ടെങ്കിൽ തുക അടയ്ക്കണം എന്നാണ് വില്ലേജ് ഓഫീസർ പറഞ്ഞത്. ഇത് ഒരു ഉദ്യോഗസ്ഥൻ പാലിക്കേണ്ട മര്യാദയുടെ അതിരുവിട്ടുള്ള വർത്തമാനമാണെന്ന് ആക്ഷേപമുയർന്നിരുന്നു.

സി.പി.എം നേതാവ് സമയത്ത് കെട്ടിട നികുതി അടച്ചില്ലെന്ന തെറ്റിനെ പൊതുമദ്ധ്യത്തിലേക്ക് എത്തിക്കുകയെന്ന ആസൂത്രിതമായി നീക്കമായിരുന്നു വില്ലേജ് ഓഫീസറുടേതെന്നാണ് സംസാരം. ഏരിയ സെക്രട്ടറിയെ പ്രകോപിപ്പിക്കുകയും എതിർത്തു സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവിടുകയും ചെയ്യണമെന്നായിരുന്നോ വില്ലേജ് ഓഫീസറുടെ രഹസ്യ അജണ്ടയെന്ന് സംശയമുണ്ട്.

തനിക്ക് ക്ളീൻ ഇമേജ് ലഭിച്ചതിന്റെ ഒളിപ്പിച്ചു വച്ച സന്തോഷം വില്ലേജ് ഓഫീസർ അനുവഭിച്ചു. കൈക്കൂലി കേസിൽ അന്വേഷണവും സസ്പെൻഷനും നേരിട്ടതിന്റെ കറ മായ്ക്കാൻ ഇതിലും നല്ലൊരു ഉപാധി വേറെയില്ലെന്ന് വില്ലേജ് ഓഫീസർ ആശ്വാസംകൊണ്ടു കാണും. നാരങ്ങാനം വില്ലേജ് ഓഫീസിൽ പതിനഞ്ച് ദിവസം മുൻപ് മാത്രം ചാർജെടുത്തയാളാണ് ജോസഫ് ജോർജ്. പല വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്ത് പരിചയ സമ്പന്നനായ ആൾക്ക് ഒരു പാർട്ടി നേതാവിനോട് സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയാത്തതല്ല.

സീൻ രണ്ട്

നാടകത്തിന്റെ രണ്ടാം ഭാഗം നടന്നത് കളക്ടറേറ്റിലാണ്. ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ പരാതിയില്ലെന്ന് വില്ലേജ് ഓഫീസർ കളക്ടറോടു പറഞ്ഞു. നാരങ്ങാനത്ത് ജോലി ചെയ്യാൻ ഇനി ഭയമാണെന്നും മറ്റെവിടേക്കെങ്കിലും മാറ്റണമെന്നുമാണ് അദ്ദേഹം ആദ്യം കളക്ടറോട് ആവശ്യപ്പെട്ടത്. സംഭവത്തിന് പിന്നാലെ വില്ലേജ് ഓഫീസർ രണ്ടു ദിവസത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. തനിക്ക് ജോലി ചെയ്യാൻ താത്പ്പര്യമുള്ള ഏതോ വില്ലേജ് ഓഫീസ് കണ്ടു വച്ചിട്ടുണ്ടാകുമെന്ന് മറ്റ് ഉദ്യോഗസ്ഥർ സംശയിച്ചു.

സ്ഥലംമാറ്റം നേടി അവിടേക്കു പോകാനായിരുന്നു ലക്ഷ്യമെന്ന് പിന്നാമ്പുറ സംസാരമുണ്ട്. റവന്യു വകുപ്പിൽ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥൻ ഒരു സംഘടനയിലും ഉൾപ്പെടുന്നയാളല്ലെന്ന് ജീവനക്കാരുടെ യൂണിയൻ നേതാക്കളും വ്യക്തമാക്കി. വയനാട്ടിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പത്തനംതിട്ട കൊടുമണ്ണിന് സമീപം അങ്ങാടിക്കൽ വില്ലേജ് ഓഫീസിൽ ജോലി ചെയ്തപ്പോഴാണ് സസ്പെൻഷനിലായത്. ഇതിനിടെ, വില്ലേജ് ഓഫീസറെ സ്ഥലം മാറ്റേണ്ടതില്ലെന്നും നാരങ്ങാനത്ത് തന്നെ ജോലി ചെയ്യട്ടെയെന്നുമാണ് സി.പി.എം നിലപാട്. സ്ഥലം മാറ്റം റവന്യു സെക്രട്ടറിയുമായി ആലോചിച്ചു ചെയ്യേണ്ട വിഷയമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ തന്റെ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ വില്ലേജ് ഓഫീസർ പ്രശ്നങ്ങളെല്ലാം തീർന്നതായി അറിയിച്ച് നാരങ്ങനാത്ത് തന്നെ ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ചു. സ്ഥലം മാറ്റത്തിനുള്ള അപേക്ഷ റവന്യു സെക്രട്ടറി നിരസിച്ചതാകാനാണ് സാദ്ധ്യതയെന്നും ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ വകുപ്പ്തല നടപടി നേരിടേണ്ടി വരുന്നതു കാരണമാണ് വില്ലേജ് ഓഫീസർ നിലപാട് മാറ്റിയതെന്നും സംസാരമുണ്ട്.

കഴിഞ്ഞ ദിവസം ഏരിയെ സെക്രട്ടറിയെ ഫോണിൽ വിളിച്ച വില്ലേജ് ഓഫീസർ കഴിഞ്ഞതെല്ലാം മറക്കാനും പൊറുക്കാനും പറയാതായണ് അറിയുന്നത്. നാരങ്ങാനത്ത് താൻ ജോലി ചെയ്യുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടോയെന്ന വില്ലേജ് ഓഫീസറുടെ ചോദ്യത്തിന് എല്ലാ സംരക്ഷണവും തങ്ങൾ ഉറപ്പാക്കുമെന്നായിരുന്നു ഏരിയ സെക്രട്ടറിയുടെ മറുപടി. വിവാദത്തിന് വില്ലേജ് ഓഫീസർ തിരികൊളുത്തുമ്പോൾ ആളിപ്പടർന്ന് തന്നെത്തന്നെ വിഴുങ്ങുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VILLAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION