SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലേക്ക്

ss

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യട്ടെ. പരീക്ഷ എന്നത് ഭയപ്പെടേണ്ട ഒന്നല്ലെന്നും,​ നിങ്ങൾ ഇതുവരെ ആർജ്ജിച്ച അറിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരവസരമാണ് അതെന്നും ഓരോ കുട്ടിയും ആദ്യംതന്നെ

തിരിച്ചറിയണം. നീണ്ട പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് അടിസ്ഥാനമാക്കി പരിഷ്കരിച്ച പാഠപുസ്തകങ്ങളിലൂടെ പഠനം പൂർത്തിയാക്കിയാണ് നിങ്ങൾ ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്.

വിമർശനാത്മക ചിന്ത, വിശകലന നൈപുണ്യം, സർഗാത്മകത തുടങ്ങി,​ 21-ാം നൂറ്റാണ്ടിന്റെ ശേഷികൾ നിങ്ങളിൽ എത്രത്തോളം വളർന്നുവെന്ന് പരിശോധിക്കുന്ന രീതിയിലാണ് പുതിയ മൂല്യനിർണയക്രമം വിഭാവനം ചെയ്തിട്ടുള്ളത്. ഈ വർഷത്തെ പരീക്ഷാഘടനയിൽ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ലെന്ന് എല്ലാ കുട്ടികളും ഓർമ്മിക്കേണ്ടതുണ്ട്. പരീക്ഷയുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഭീതി പടർത്താനുള്ള ബോധപൂർവമായ ശ്രമം ചിലർ നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ തള്ളിക്കളയാനുള്ള വിവേകം നമുക്ക് ഉണ്ടാകണം.

എല്ലാ കുട്ടികൾക്കും അവരവരുടെ അറിവും കഴിവും പ്രകടിപ്പിക്കാനുള്ള ഇടം മൂല്യനിർണയത്തിന്റെ ഭാഗമായുണ്ടാകും. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കും. പാഠ്യപദ്ധതി ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള ആകർഷകമായ ചോദ്യങ്ങൾ ജീവിതത്തിലെ ഉദാഹരണങ്ങളെക്കൂടി ചേർത്തുനിറുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷയെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളിൽ പതറാതെ അധ്യാപകരുടെ നിർദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടർന്ന് ആത്മവിശ്വാസം വർദ്ധിപ്പിക്കുക.

പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും,​ കേരളത്തിൽ എല്ലാവർക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മനസിലാക്കണം.

പരീക്ഷാ തിരക്കുകൾക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട്,​ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകാൻ ശ്രദ്ധിക്കുക. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും,​ വലിയ അവസരങ്ങളുടെ ലോകം നിങ്ങൾക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസോടെ പരീക്ഷയെ അഭിമുഖീകരിക്കുക. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് അർഹമായ ഫലം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXAMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY