SignIn
Kerala Kaumudi Online
Sunday, 24 May 2026 12.56 AM IST

കേരളത്തിന്റെ സിലിക്കൺ സാദ്ധ്യത

s

പതിറ്റാണ്ടുകളായി കേരളത്തിന്റെ ഏറ്റവും വലിയ കയറ്റുമതി സുഗന്ധദ്രവ്യങ്ങളോ റബ്ബറോ ടൂറിസമോ ഒന്നുമല്ല.മറിച്ച് നൈപുണ്യമാണ്. സിലിക്കൺവാലിയിലെ എഞ്ചിനീയർമാർ മുതൽ ഗൾഫിലെ ഡോക്ടർമാർ വരെ, ബംഗളൂരുവിലെ സോഫ്റ്റ്വെയർ പ്രൊഫഷണലുകൾ മുതൽ ലോകമെങ്ങുമുള്ള സ്റ്റാർട്ടപ്പുകൾ വരെ മലയാളികൾ അവരുടെ യഥാർത്ഥ സമ്പത്ത് വിദ്യാഭ്യാസം വഴി നേടിയെടുത്ത ആഗോള ബന്ധമാണെന്നു തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യത്തെ സെമി കണ്ടക്ടർ വിപ്ലവം കേരളത്തിന് ഐ.ടി യുടെ കൃതിച്ചു ചാട്ടത്തിനു ശേഷം കൈവരുന്ന സുപ്രധാന സാമ്പത്തിക സാദ്ധ്യതയാണ്. ആഗോള സെമി കണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യ പ്രധാന ഇടപാടുകാരായി മാറുമോ എന്നതല്ല, മറിച്ച് കേരളം ചരിത്രപരമായ ഈ മുഹൂർത്തം സ്വന്തമാക്കുമോ എന്നതാണ്.

ഇന്ത്യയുടെ സെമികണ്ടക്ടർ

അവസരം സമാഗതമായി

എല്ലാ ആധുനിക സാങ്കേതിക വിദ്യയെയും ശക്തിപ്പെടുത്തുന്ന സൂക്ഷ്മ ചിപ്പുകളാണ് സെമി കണ്ടക്ടറുകൾ. സ്മാർട്ട് ഫോൺ, വൈദ്യുത വാഹനങ്ങൾ, ഉപഗ്രഹങ്ങർ, എ.ഐ സംവിധാനം, ചികിത്സാ ഉപകരണങ്ങൾ, മിസൈലുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്കെല്ലാം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ് സെമി കണ്ടക്ടറുകൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലാണിത്.

ഇതു തിരിച്ചറിഞ്ഞാണ് 2021 ൽ ഇന്ത്യ സെമികണ്ടക്ടർ മിഷൻ ആരംഭിച്ചത്. ആഭ്യന്തരമായ ഒരു സമ്പൂർണ സെമികണ്ടക്ടർ ആവാസ വ്യവസ്ഥയ്ക്കായി 76,000 കോടി മുതൽ മുടക്കിയാണ് ഇത് ആരംഭിച്ചത്. ഡിസൈൻ, ഫാബ്രിക്കേഷൻ, പാക്കേജിങ്ങ്, ടെസ്റ്റിങ്ങ്, മെറ്റീരിയലുകൾ, ഗവേഷണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിന്റെ ഗതിവേഗം നാടകീയമായി വർദ്ധിച്ചു.

2026 മെയിൽ കേന്ദ്ര മന്ത്രിസഭ 3936 കോടിയുടെ രണ്ട് അഡീഷണൽ സെമികണ്ടക്ടർ പ്രോജക്ട് കൂടി അംഗീകരിച്ചു. ഇതോടെ അംഗീകരിക്കപ്പെട്ട പ്രോജക്ടുകൾ 12 ആയി. ഇതിന്റെയെല്ലാം കൂടിയുള്ള സഞ്ചിത നിക്ഷേപം 1.64 ലക്ഷം കോടിയുടേതായി. 2026 ലെ കേന്ദ്ര ബഡ്ജറ്റിൽ സെമി കണ്ടക്ടർ മിഷൻ 2.0 പ്രഖ്യാപിച്ചു. 2029 ഓടെ രാജ്യത്തിനാവശ്യമുള്ള സെമികണ്ടക്ടറുകളുടെ 70-75 ശതമാനം ഇവിടെ ഉല്പാദിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. ഇതൊരു വ്യവസായ നയമല്ല, മറിച്ച് രാഷ്ട്ര നിർമ്മാണമാണ്.

സെമി കണ്ടക്ടറുകൾ

കേരളത്തിന് വേണം


വളരെയേറെ ഭൂമിയും വെളളവും വ്യാവസായിക അടിസ്ഥാന വികസന സൗകര്യങ്ങളും ആവശ്യമാണെന്നതു കൊണ്ട് കേരളത്തിൽ ഭീമൻ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാന്റുകൾ പ്രായോഗികമല്ല. എന്നാലിത് കേരളത്തിന്റെ വിശാലമായ മൂല്യശൃംഖലയുടെ ഒരു ഭാഗമാണ്. യഥാർത്ഥ മൂല്യവർദ്ധന, ചിപ്പ് ഡിസൈനിങ്ങ്, വെരിഫിക്കേഷൻ, ഇലക്ട്രോണിക് ഡിസൈൻ ഓട്ടമേഷൻ, എ.ഐ, അനുബന്ധ സംവിധാനങ്ങൾ, ബൗദ്ധിക സ്വത്തുല്പാദനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യ ഇപ്പോൾത്തന്നെ ലോകത്തെ സെമികണ്ടക്ടർ ഡിസൈൻ തൊഴിൽ ശക്തിയുടെ 20 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. ഇതു വഴി ഡിസൈൻ, ആർ ആന്റ് ഡി എന്നീ രംഗങ്ങൾ രാജ്യത്തിന്റെ ഏറ്റവും ശക്തമായ മത്സരമുഖമായി മാറിയിട്ടുമുണ്ട്. ഇവിടെയാണ് കേരളത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിയുക.

രാജ്യത്തെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കും, ശക്തമായ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസ വ്യവസ്ഥയും, പാലക്കാട് ഐ. ഐ.റ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ് കേരള, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജി എന്നിവ ഈ അടിത്തറ ശക്തമാക്കുന്നു. ടെക്നോപാർക്കിലും ഇൻഫോ പാർക്കിലുമുള്ള ഐ.ടി വ്യവസായ സംവിധാനവുമായി ബന്ധപ്പെടുക കൂടി ചെയ്യുന്നതോടെ കേരളം ഇപ്പോൾത്തന്നെ സെമികണ്ടക്ടർ ഡിസൈനിന്റെയും എ.ഐ സഹായത്തോടെയുള്ള ചിപ്പ് നവീകരണത്തിന്റെന്റെയും ദേശീയ കേന്ദ്രമായി മാറിയിട്ടുണ്ട്.

ഇലക്ട്രോണിക് നിർമ്മാണ

മേഖലയിലെ കൃതിച്ചുചാട്ടം


ഇന്ത്യയുടെ കയറ്റുമതിയിലെ വലിയ ഒരു മേഖലയായി ഇലക്ട്രോണിക്സ് വളർന്നിട്ടുണ്ട്. രാജ്യത്തിന്റെ സെമികണ്ടക്ടർ വിപണി 2023 ൽ 3800 കോടി ഡോളറിന്റേതായിരുന്നെങ്കിൽ 2030 ആകുമ്പോൾ ഇത് 10000 കോടി ഡോളറിന്റേതാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മൈക്രോൺ ടെക്നോളജി, ഇന്റെൽ, ലാം റിസർച്ച്,​ NXP സെമി കണ്ടക്ടേഴ്സ് എന്നീ ആഗോള ഭീമന്മാരിൽ നിന്നുള്ള നിക്ഷേപം ഇന്ത്യ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. ടാറ്റ ഇലക്ട്രോണിക്സ് ധൊലറയിൽ 91,000 കോടിയുടെ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ മൈക്രോണിന്റെ 22,000 കോടിയുടെ പ്രോജക്ടിൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളിൽ ഓരോയിടത്തും ആയിരക്കണക്കിനു ചിപ്പ് ഡിസൈനർമാർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡാറ്റാ ശാസ്ത്രജ്ഞർ, മെറ്റീരിയൽ സ്പെഷ്യലിസ്റ്റുകൾ, എക്വിപ്മെന്റ് വിദഗ്ധർ എന്നിവർക്ക് അവസരങ്ങളുണ്ട്.

കേരള യുവതയ്ക്ക്

പുതിയ ഭാവി

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ സമർത്ഥരായ ബിരുദധാരികൾ അവസരം തേടി ബംഗളൂരു, ഹൈദരാബാദ്, ദുബായ്, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇവർക്കൊക്കെ നാട്ടിലേക്കു തിരിച്ചു വരാൻ അവസരമൊരുക്കുന്നതാണ് സെമികണ്ടക്ടർ വിപ്ലവം. വി.എൽ.എസ്.ഐ ഡിസൈൻ ആന്റ് വെരിഫിക്കേഷൻ, എ.ഐ ഹാർഡ് വെയർ ആക്സിലറേഷൻ, എംബഡഡ് സിസ്റ്റംസ്, ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ, റോബോട്ടിക്സ് ആന്റ് കെ.ഒ.ടി, ക്വാണ്ടം ആന്റ് ഫോട്ടോണിക്സ് റിസർച്ച്, സെമി കണ്ടക്ടർ സ്റ്റാർട്ടപ്പ് എന്റർപ്രണർഷിപ്പ് എന്നീ മേഖലകളിൽ യുവജനങ്ങൾക്ക് ധാരാളം തൊഴിലവസരങ്ങൾ ഒരുങ്ങുകയാണ്. ഇതാണ് കേരളത്തിലെ യുവജനങ്ങൾക്ക് ഉന്നത തൊഴിലവസരങ്ങൾ നൽകി അവരെ ഇവിടെത്തന്നെ പിടിച്ചു നിർത്താൻ സഹായിക്കുക.

കേരളം എന്തു ചെയ്യണം?


ഈ അവസരം മുതലെടുക്കാൻ കേരളം നിർണായക ഇടപെടൽ നടത്തണം. ഒന്നാമതായി, പണ്ഡിതരെയും വ്യവസായത്തെയും നിക്ഷേപകരെയും ഏകോപിപ്പിക്കുന്നതിന് ഒരു കേരളാ സെമികണ്ടക്ടർ ആന്റ് എ.ഐ മിഷൻ രൂപീകരിക്കണം. രണ്ടാമതായി. സർവകലാശാലകൾ സ്പെഷ്യലൈസ്ഡ് വി.എൽ.എസ്.ഐ ചിപ്പ് ഡിസൈൻ പ്രോഗ്രാമുകൾ ആരംഭിക്കണം. മൂന്നാമതായി. ടെക്നോപാർക്കും ഇൻഫോപാർക്കും സമ്പൂർണ സെമികണ്ടക്ടർ ഡിസൈൻ ക്ലസ്റ്റേഴ്സ് ഉണ്ടാക്കണം. അടുത്തതായി കേരളം ഇൻസന്റീവുകളും പങ്കാളിത്തവും നൽകി ആഗോള ഡിസൈൻ സെന്ററുകളെ കേരളത്തിലേക്ക് ആകർഷിക്കണം.
അവസാനമായി ഫാബ്ലെസ് ചിപ്പ് കമ്പനികളും സാങ്കേതിക സംരംഭങ്ങളും ലക്ഷ്യം വച്ച് സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾ സ്ഥാപിക്കണം.
കേരളം ഇതു മുമ്പേ തന്നെ ചെയ്തിട്ടുള്ളതാണ്. 1990 കളിൽ ഡിജിറ്റൽ ഭരണ സംവിധാനവും ഐ.ടി അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ കേരളം മുമ്പേ പറക്കുന്ന പക്ഷിയായിരുന്നു.

ഗൾഫിൽ നിന്നും സിലിക്കൺവാലിയിൽ

നിന്നുമുള്ള പാഠങ്ങൾ


മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാനുള്ള കേരളത്തിന്റെ കരുത്താണ് ഏറ്റവും വലിയ സ്വത്ത്. അമേരിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലെ സാങ്കേതിക സ്ഥാപനങ്ങളിൽ ആയിരക്കണക്കിനു മലയാളി പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഏറെപ്പേർക്കും ചിപ്പ് ഡിസൈൻ, ഇലക്ട്രോണിക്സ്, എ.ഐ എന്നീ വിഷയങ്ങളിൽ വൈദഗ്ധ്യമുണ്ട്. പണ്ഡിതന്മാരും വ്യവസായവും തമ്മിലുള്ള ഏകോപനം വഴി ഈ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനാവും.

കേരളത്തിന്റെ ഇനിയുള്ള
സാമ്പത്തിക പരിവർത്തനം

ഒരു കാലത്ത് എണ്ണയായിരുന്നു തന്ത്ര പ്രധാനമെങ്കിൽ, ഇപ്പോൾ അത് ചിപ്പുകളാണ്. സെമികണ്ടക്ടറിൽ മേധാവിത്വമുള്ള രാജ്യങ്ങളായിരിക്കും ഇനി എ.ഐ, പ്രതിരോധം, ടെലി കമ്യൂണിക്കേഷൻ, ആരോഗ്യപരിപാലനം, ക്ലീൻ എനർജി എന്നിവ രൂപപ്പെടുത്തുക. ഇതു മനസ്സിലാക്കിയാണ് ഇന്ത്യ നിക്ഷേപങ്ങൾ നടത്തുന്നത്. കേരളം ഇപ്പോൾ ഒരു വഴിത്തിരിവിലാണ്. കേരളത്തിന് വേണമെങ്കിൽ മറ്റു സ്ഥലങ്ങളിലേക്ക് നൈപുണ്യമുള്ളവരെ കയറ്റി അയക്കാം. അല്ലെങ്കിൽ സെമികണ്ടക്ടർ ഡിസൈൻ, എ.ഐ. റിസർച്ച്, സാങ്കേതിക സംരംഭകത്വം എന്നീ രംഗങ്ങളിലെ മുൻനിര കേന്ദ്രമായി സ്വയം സ്ഥാനപ്പെടുത്താം. അതിനാവശ്യമായ ലോകോത്തര മനുഷ്യ മൂലധനം, ശക്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിജയകരമായ ഐ.ടി വ്യവസ്ഥ, ആഗോള തലത്തിലുള്ള ബന്ധങ്ങൾ എന്നിവയെല്ലാം കേരളത്തിനുണ്ട്.
ഇതിനാവശ്യമായ കാഴ്ചപ്പാടുണ്ടാവുക മാത്രമേ വേണ്ടൂ. വിനോദ സഞ്ചാരം കേരളത്തെ പ്രശസ്തമാക്കിയെങ്കിൽ, വിദ്യാഭ്യാസം ആദരവുണ്ടാക്കിയെങ്കിൽ, സെമികണ്ടക്ടറുകൾക്ക് കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക സംസ്ഥാനമാക്കി മാറ്റാൻ കഴിയും. അതുകൊണ്ട് ചിപ്പിന്റെ വിപ്ലവം തുടങ്ങിക്കഴിഞ്ഞു. കേരളം അതിന്റെ ഭാവി ഈയടിസ്ഥാനത്തിൽ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION