SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

നാലു വർഷ ബിരുദം: ലക്ഷ്യം തീരുമാനിക്കാം

s

നാല് വർഷ ബിരുദ പ്രോഗ്രാമുകൾ 2024 മുതൽ കേരളത്തിൽ നടന്നുവരികയാണ്. നടപ്പ് അദ്ധ്യയനവർഷം പൂർത്തിയാകുമ്പോഴേക്കും (2027 മാർച്ചിൽ), ഈ പ്രോഗ്രാമിൽ പഠിക്കുന്ന മൂന്നാംവർഷ വിദ്യാർത്ഥികൾക്ക് ഒരു സുപ്രധാന അക്കാഡമിക് തീരുമാനം എടുക്കേണ്ടിവരും ​​ മൂന്നുവർഷത്തെ ബിരുദത്തോടെ പ്രോഗ്രാം പൂർത്തിയാക്കണോ, അതോ നാലാം വർഷത്തിലേയ്ക്ക് കടന്ന്‌ ഓണേഴ്സ് ബിരുദം പൂർത്തിയാക്കണോ? വിദ്യാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങൾ, വിദേശപഠനം ഉൾപ്പെടെയുള്ള തുടർപഠനം/ഗവേഷണം, സംരംഭകത്വം തുടങ്ങിയ ഭാവി സാദ്ധ്യതകളെ സ്വാധീനിക്കുന്ന ഒരു തീരുമാനമാണിത്.


നിലവിലുള്ള എഫ്.വൈ.യു.ജി.പി പദ്ധതി ഓരോ വിദ്യാർത്ഥിക്കും തന്റെ അഭിരുചികൾക്കും കഴിവുകൾക്കും ഭാവി ലക്ഷ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ പഠനം തിരഞ്ഞെടുക്കാനും ക്രമീകരിക്കാനും സ്വാതന്ത്ര്യം നൽകുന്നതാണ്. പഴയ ഡിഗ്രി പ്രോഗ്രാമുകൾ പരമ്പരാഗത കല്യാണ സദ്യപോലെയായിരുന്നു. എല്ലാവർക്കും ഒരേവിഭവങ്ങൾ, ഒരേക്രമത്തിൽ, നിശ്ചിത രീതിയിൽ വിളമ്പുന്ന സംവിധാനം. വിദ്യാർത്ഥികളുടെ വ്യക്തിഗത അഭിരുചികൾക്കും കഴിവുകൾക്കും ഭാവി ലക്ഷ്യങ്ങൾക്കും അനുസരിച്ച് ഓരോ വിദ്യാർത്ഥിക്കും മാറ്റങ്ങൾ വരുത്താനുള്ള അവസരം കുറവായിരുന്നു.

പുതിയ സംവിധാനം ഒരു 'ബുഫേ' ശൈലിയിലുള്ള സദ്യപോലെയാണ്. പലതരം വിഭവങ്ങൾ മുന്നിൽ ഒരുക്കിവച്ചിരിക്കുന്നു. ഓരോരുത്തർക്കും തങ്ങൾക്ക് ആവശ്യമുള്ളതും ഇഷ്ടമുള്ളതുമായ വിഭവങ്ങൾ തിരഞ്ഞെടുക്കാം. അതായത് ഓരോ വിദ്യാർത്ഥിക്കും ഡിഗ്രി പ്രോഗ്രാം 'കസ്റ്റമൈസ്' ചെയ്യാം. എന്നാൽ പുതിയ സംവിധാനത്തിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം വിദ്യാർത്ഥിയുടെ ഉത്തരവാദിത്വവും, ചിലപ്പോഴൊക്കെ ചിന്താകുഴപ്പവും വർദ്ധിപ്പിക്കുന്നുമുണ്ട്. അതിന്റെ ഭാഗമാണ് നാലാം വർഷത്തിലേയ്ക്ക് തുടരണോ എന്നചോദ്യം.


മൂന്ന് വർഷമോ, നാലു വർഷമോ?
ഒരു വർഷം അധികമായി പഠിക്കുന്നതിലൂടെ കൂടുതൽ അറിവും സ്‌കില്ലും നേടുകയും തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് പൊതുവിൽ പറയാം. എന്നാൽ അവരവരുടെ ഭാവി ലക്ഷ്യത്തിന് മതിയാകുന്ന പഠനം മൂന്നാംവർഷം കൊണ്ട് പൂർത്തിയായി എന്ന്‌ ബോദ്ധ്യപ്പെട്ടവർക്ക് സ്വീകരിക്കാവുന്ന പൂർണമായ ബിരുദം ആണ് 3​വർഷ ഡിഗ്രി. അത് പഠനം പാതിവഴിയിൽ ഉപേക്ഷിക്കലല്ല. ഒരു വിദ്യാർത്ഥി ബിരുദം കഴിഞ്ഞാൽ എന്തായിരിക്കും ലക്ഷ്യമിടുക. തൊഴിൽ അല്ലെങ്കിൽ 'കൂടുതൽ പഠിച്ചശേഷം കൂടുതൽ മികച്ച തൊഴിൽ' എന്നായിരിക്കും പൊതുവിൽ പറയാവുന്നത്. ഓരോ തൊഴിലിനും ഏതു ഡിഗ്രിയാണ് അനുയോജ്യമെന്ന് പരിശോധിക്കണം. ചില സൂചനകൾ ഇതാ:


3​വർഷ സാദ്ധ്യതകൾ
പി.എസ്.സി., യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ തുടങ്ങിയവ നടത്തുന്ന പരീക്ഷകൾ വഴി നിയമനം നടത്തുന്ന, ബിരുദം മാത്രംയോഗ്യതയായി ആവശ്യപ്പെടുന്ന അനേകം തസ്തികകൾ ഉണ്ട്. ഇതിനു 3​വർഷ ബിരുദം മതിയാകും. 3​വർഷ ബിരുദത്തിനുശേഷം നിലവിലെ BEd കൂടി കഴിഞ്ഞാൽ സ്‌കൂൾ അദ്ധ്യാപകജോലിക്ക് ശ്രമിക്കാം (സമീപഭാവിയിൽ ഒരു വർഷ BEd ലഭ്യമാകും).

3​വർഷ LLB പോലുള്ള ഉപരിപഠനത്തിനും, CAT, CMAT എന്നിവ വഴിയുള്ള MBA പഠനത്തിനും സഹകരണ സ്ഥാപനങ്ങളിലെ ജോലിക്കാവശ്യമായ HDC ഡിപ്ലോമയ്ക്കും, Bank/ Insurance ഓഫീസർ തസ്തികകൾക്കും ഡിഫെൻസ് സർവീസിലും 3​വർഷ ബിരുദം മതി.

കോളേജുകളിൽ ലഭ്യമല്ലാത്തകോഴ്സുകളും പരീക്ഷകളും ലക്ഷ്യമിടുന്നവർക്കും 3​വർഷ ബിരുദം മതിയാകും ​​ ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ്,കോസ്റ്റ് അക്കൗണ്ടൻസി എന്നിവയിലെ പ്രൊഫഷണൽ പഠനം, IT രംഗത്ത് മൾട്ടി​നാഷണൽ കമ്പനികളുടെ സർട്ടിഫിക്കേഷൻ തുടങ്ങിയവ. ഗവേഷണ, ​കോളേജ് അദ്ധ്യാപന താല്പര്യങ്ങൾക്ക് Honours with Research Degree ആണ് അനുയോജ്യമെങ്കിലും, 3​വർഷ ബിരുദക്കാർക്ക് അത് നിഷിദ്ധമല്ല. പുതുതായി രൂപകല്പനചെയ്ത് 2027 മുതൽ നിലവിൽവരുന്ന 2​വർഷ മാസ്റ്റേഴ്സ്‌നേടി അവർക്ക് പരമ്പരാഗത രീതിയിൽ PhD നേടാം.


4​വർഷ സാദ്ധ്യതകൾ
മൂന്നാം വർഷം 133 ക്രെഡിറ്റ് (ചില സർവകലാശാലകളിൽ ഈ നിബന്ധനയില്ല)നേടുകയും, എല്ലാകോഴ്സും പാസാകുകയും ചെയ്തവർക്ക് നാലാം വർഷത്തിലേയ്ക്ക് കടക്കാം. Honours Degree അല്ലെങ്കിൽ Honours with Research Degree എന്നിങ്ങനെ രണ്ട് അക്കാഡമിക് പാതകൾ തിരഞ്ഞെടുക്കാം. Honours Degree സ്‌കിൽ വികസനത്തിനാണ് പ്രാധാന്യം നൽകുന്നത്. Honours with Research ആകട്ടെ ഗവേഷണവും അദ്ധ്യയനവും ലക്ഷ്യമാക്കിയുള്ള ഡിഗ്രിയാണ്. Honours with Research Degreeയിൽ പ്രവേശനം ലഭിക്കാൻ മൂന്നാംവർഷം വരെയുള്ള പഠനത്തിൽ 75 ശതമാനം മാർക്ക്‌നേടണം.

IAS, IPS, IFS, KAS എന്നിവനേടാൻ ആഗ്രഹിക്കുന്നവർക്ക് 3​വർഷ ബിരുദം മതിയാകുമെങ്കിലും 4​വർഷ Honours ബിരുദമാണ് കുറച്ചുകൂടി അനുയോജ്യം (മാസ്റ്റേഴ്സ് കൂടി ആകാം). ഗവേഷണം,കോളേജ് അദ്ധ്യാപനം, എന്നിവ ലക്ഷ്യമിടുന്നവർക്ക് Honours with Research ഉചിതമാണ്. 4​വർഷ Honours with Research നേടിക്കഴിഞ്ഞാൽനേരിട്ട് PhD ഗവേഷണത്തിനു വഴി തുറക്കും. JRF പരീക്ഷ പാസായാൽ മികച്ച ഫെലോഷിപ്പോടെ തന്നെ ഗവേഷണം തുടരാം (PhD ഉള്ള Honours with Research ബിരുദധാരികൾക്ക് മാസ്റ്റേഴ്സ് ഇല്ലാതെ തന്നെ അദ്ധ്യാപകജോലി ലഭിക്കുന്ന സംവിധാനം നിലവിൽ വന്നുകൊണ്ടിരിക്കുകയാണ്).

റിസർച്ച് അല്ലാത്ത Honours Degreeക്കാർക്ക് ഗവേഷണത്തിലേക്ക്‌പോകണമെന്ന്‌തോന്നിയാൽ ഒരു വർഷ മാസ്റ്റേഴ്സിനുശേഷം ഗവേഷണ പ്രവേശന പരീക്ഷ എഴുതാനാകും. വിദേശത്ത് ഉപരിപഠനത്തിനുപോകാനും അവിടെ തൊഴിൽ അവസരങ്ങൾതേടാനും 4​വർഷ ബിരുദം അഭികാമ്യമാണ്.


റെക്കഗ്നിഷനും എലിജിബിലിറ്റിയും
ഇതുവരെ പരിചയമില്ലാത്ത രീതിയിൽമേജർ, ഡബിൾമേജർ, ഡബിൾ മൈനർ എന്നൊക്കെയുള്ള വിശേഷണങ്ങളോടു കൂടിയാണ് പുതിയ ഡിഗ്രികൾ വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഈ പുതിയ ശൈലിയിലുള്ള ഡിഗ്രികൾക്ക്‌ജോലിയിലും ഉന്നത വിദ്യാഭ്യാസത്തിലുംവേണ്ടുന്ന റെക്കഗ്നിഷനും എലിജിബിലിറ്റിയും ഉണ്ടാകുമോ എന്ന സംശയം ഉയരുന്നുണ്ട്. ഡിഗ്രി തലത്തിൽ മേജറായോ മൈനറായോ പഠിച്ച ഏതു വിഷയത്തിലും മാസ്റ്റേഴ്സിന്‌പോകാനാകും.ജോലികളിലെ യോഗ്യതാ നിർവചനത്തിൽ പുതിയ ഡിഗ്രികളെ ഉൾപ്പെടുത്താൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമഗ്രമായിട്ടുള്ള നടപടികൾ രൂപകൽപന ചെയ്തുകൊണ്ടിരിക്കുകയാണ്.


ന്യൂനോർമൽ
ഈ സാദ്ധ്യതകളെല്ലാം ഓരോ വിദ്യാർത്ഥിയും പരിശോധിച്ച്, ലക്ഷ്യങ്ങൾ തീരുമാനിച്ച് അതിനെ ആശ്രയിച്ചായിരിക്കണം മൂന്നുവർഷത്തിനു ശേഷമുള്ള തുടർച്ച തീരുമാനിക്കേണ്ടത്.
എഫ്.വൈ.യു.ജി.പി ആദ്യമായി നടപ്പിലാക്കുന്ന ഘട്ടത്തിലായതിനാൽ, അത് പൂർണമായും ഒരു 'ബുഫെ'യുടെ രൂപത്തിലായി കഴിഞ്ഞിട്ടില്ല. എന്നാൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ ഘടന സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നതിനാൽ ഇതൊരു 'ന്യൂനോർമൽ' ആയിക്കഴിഞ്ഞു എന്ന് തിരിച്ചറിയണം.

(കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRADUATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION