SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

കുറവില്ലാതെ സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക്

s

ബൈക്ക് വാങ്ങി നൽകിയില്ല,​ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു,​ ഇത്തരത്തിലുള്ള വാർത്തകൾ പലപ്പോഴും പത്രമാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. നിസാരകാര്യത്തിനു പോലും പിണങ്ങി ആത്മഹത്യ ചെയ്യുന്ന യുവതലമുറക്കാരുടെ എണ്ണം കുറയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പറയാറുണ്ടെങ്കിലും, ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. എസ്.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാ നിരക്ക് ഒരുലക്ഷം ജനസംഖ്യയ്ക്ക് 24.3 ആണ്. അതേസമയം, ദേശീയ ശരാശരി 10.4 ആണ്. 2030ഓടെ കൈവരിക്കേണ്ട ലക്ഷ്യം കുറഞ്ഞ നിരക്കായ 3.5 ആണ്.
2020ഓടെ ആത്മഹത്യകളുടെ എണ്ണം ലക്ഷത്തിൽ 20ന് താഴെയായി കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020ൽ കേരളം 24 രേഖപ്പെടുത്തി. ഇത് രാജ്യത്ത് അഞ്ചാം സ്ഥാനത്തുമാണ്. സംസ്ഥാനത്തെ ആത്മഹത്യകളുടെ നിരക്ക് 2021ലെ 26.9 ൽ നിന്നും 2022ൽ 28.5 ആയി വർദ്ധിച്ചു. 2022ൽ ആത്മഹത്യ കേസുകളുടെ എണ്ണത്തിൽ കേരളം നാലാം സ്ഥാനത്തായിരുന്നു.

വിഷാദത്തിൽ നിന്ന്

ആത്മഹത്യയിലേക്ക്
ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ വിഷാദരോഗം പ്രധാന ഘടകമാണ്. പലരുടെയും നിത്യജീവിതത്തെ താളം തെറ്റിക്കുന്നാണ് വിഷാദം. അമിത ഉത്കണ്ഠ,​ മരുന്നുകളുടെ അമിത ഉപയോഗം,​ ലഹരി ഉപയോഗം,​ പ്രണയനൈരാശ്യം തുടങ്ങിയവയൊക്കെ വിഷാദത്തിലേക്ക് നയിക്കുന്നുണ്ട്. കൂടുതലും 30 വയസിന് താഴെയുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്. മനോബലം കുറഞ്ഞവരിൽ ഇത് ആത്മഹത്യയിലേക്ക് നയിക്കുമെന്നതാണ് വസ്തുത. ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിനും വിഷാദത്തെ തടയിടുന്നതിനും ആരോഗ്യ പ്രവർത്തകർക്കും സ്റ്റാഫ് നഴ്സുമാർക്കും പരിശീലനം നൽകുന്ന ആശ്വാസം പദ്ധതി കാര്യക്ഷമമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്.

പ്രതിവർഷം ഏഴ് ലക്ഷത്തിലധികം പേരാണ് ലോകത്ത് ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 2021ൽ ആഗോളതലത്തിൽ 15-29നും ഇടയിൽ പ്രായമുള്ളവരുടെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. ഭക്ഷണത്തിലോ ഉറക്കത്തിലോ ഉള്ള മാറ്റങ്ങൾ, ഒന്നിനോടും താത്പര്യമില്ലായ്മ, പതിവ് പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയൽ എന്നിവയെല്ലാം ആത്മഹത്യയുമായി ബന്ധപ്പെട്ട സൂചനകളായി കണക്കാക്കാം.

ദാരിദ്ര്യം മുതൽ

പ്രണയ നൈരാശ്യം വരെ

കടുത്ത ദാരിദ്ര്യം, മാറാരോഗങ്ങൾ, സമൂഹത്തിന് മുന്നിൽ സംഭവിക്കുന്ന അപമാനം, പ്രണയ നൈരാശ്യം, ബന്ധങ്ങളിലെ വിള്ളലുകൾ, പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വേർപാട് തുടങ്ങി ജീവിതത്തിന്റെ പലഘട്ടങ്ങളിൽ സംഭവിക്കുന്ന പ്രതിസന്ധികളാകാം പലരെയും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് ആത്മഹത്യാശ്രമങ്ങൾ മറ്റുള്ളവർ കണ്ടെത്തി ആശുപത്രികളിലെത്തിച്ച് രക്ഷപ്പെടുത്തുന്നതുകൊണ്ടും കൂടിയാണ് മരണനിരക്ക് കുറയുന്നത്. കേരളത്തിൽ പ്രതിദിനം 26 ആത്മഹത്യകളും അതിലേറെ ആത്മഹത്യ ശ്രമങ്ങളും നടക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആത്മഹത്യകളുടെ കാര്യത്തിലും കേരളം ഒട്ടും പുറകിലല്ല. പ്രണയനൈരാശ്യത്തിൽ നിന്നും ഉടലെടുക്കുന്ന പക മൂലം കാമുകിയെ കൊലപ്പെടുത്തി കമിതാവ് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും സമീപകാലങ്ങളിൽ വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവാഹശേഷവും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഉടലെടുക്കുന്ന പ്രണയങ്ങളും അവസാനിക്കുന്നത് ആത്മഹത്യകളിലാണ്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിരവധി മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, വിദേശജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികൾ, കൊവിഡ് മൂലം കച്ചവടം തകർന്നുപോയ ബിസിനസുകാർ, യുവജനങ്ങളുടെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, ലോക്ഡൗണിന് ശേഷം കൗമാരപ്രായക്കാർക്ക് സംഭവിച്ചിട്ടുള്ള സ്വഭാവ വ്യതിയാനങ്ങൾ, വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ എന്നിവയെല്ലാം മലയാളിയുടെ മാനസിക പ്രതിരോധശക്തി തകർത്ത് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിവില്ലാത്തവരായി തീർക്കുന്നു.

ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗം തങ്ങളുടെ ചിന്ത പ്രത്യക്ഷമായോ പരോക്ഷമായോ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. നിർഭാഗ്യവശാൽ ഇക്കാര്യം മറ്റുള്ളവർ ലഘുവായി കാണുന്നത് മൂലമോ ശ്രദ്ധയിൽപ്പെടാതെ പോകുന്നതുകൊണ്ടോ മുൻകരുതലുകളൊന്നും എടുക്കാൻ കഴിയാതെ പോകുന്നു. ദുഃഖഭാവം, നിർവികാരത, കരച്ചിൽ, ക്ഷീണം, ഉത്സാഹക്കുറവ്, അശ്രദ്ധ, കുറ്റബോധം, പരിഭ്രാന്തി, ഉൾവലിയൽ, ഉറക്കക്കുറവ്, വിശപ്പ് കുറവ്, എല്ലാം ആത്മഹത്യാ ലക്ഷണങ്ങളാണ്. ഏതെങ്കിലും വ്യക്തിക്ക് ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ മനസുതുറന്ന് അയാളുമായി സ്വകാര്യ സംഭാഷണത്തിന് തയാറായാൽ ഒട്ടേറെ ആത്മഹത്യകൾ തടയാൻ നമുക്ക് കഴിയും. മാനസിക രോഗമാണ് മൂലകാരണമെങ്കിൽ എത്രയും പെട്ടെന്ന് അവരെ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യണം.

ഒഴിവാക്കാനാകുന്ന

മരണങ്ങൾ

കുടുംബ പ്രശ്നങ്ങളുണ്ടാകുമ്പോൾ എല്ലാം ഉള്ളിൽ വെച്ച് സഹിക്കാതെ മനസ് തുറന്ന് കുടുംബക്കാരോടോ, ആത്മാർത്ഥ സുഹൃത്തുക്കളോടോ സംസാരിക്കാൻ ശ്രമിക്കുക. പ്രശ്നങ്ങൾ അതിലും സങ്കീർണ്ണമാണെങ്കിൽ ശാസ്ത്രീയമായ കൗൺസിലിംഗിന് വിധേയമാകുക. സർക്കാർ ഭാഗത്തുനിന്നും ചെയ്യാൻ കഴിയുന്ന ഒരുകാര്യം എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും പ്രവർത്തിക്കുന്ന ആത്മഹത്യാപ്രതിരോധ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ്. ആത്മഹത്യയ്ക്ക് കാരണമായേക്കാവുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നല്ലൊരു മാർഗം നമ്മുടെ ഓരോ പൗരനേയും സാമൂഹികസാമ്പത്തിക ജീവിത മേഖലകളിലെ ഏതൊരു പ്രശ്നത്തേയും ധൈര്യമായി നേരിടാൻ സജ്ജമാക്കുക എന്നതാണ്.

ആത്മഹത്യക്ക് ശ്രമിച്ച ഒരാളെ ഉപദേശിക്കുകയോ പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യാൻ പാടില്ല. അത് അയാളുടെ കുറ്റബോധം വർദ്ധിപ്പിക്കും. വിദഗ്ധമായ കൗൺസിലിംഗും ഹിപ്‌നോട്ടിസവും അപകടകാരികളാണ്. ആത്മഹത്യക്കു ശ്രമിച്ചയാളെ സംസാരിക്കാൻ പ്രേരിപ്പിക്കുകയും വൈകാതെ മനഃശാസ്ത്രചികിത്സ ലഭ്യമാക്കുകയുമാണ് വേണ്ടത്.
ആത്മഹത്യ നടന്നുകഴിഞ്ഞാൽ ആ വ്യക്തിയെ അതിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അപഗ്രഥനം നടത്തേണ്ടതുണ്ട്. മനശാസ്ത്രപരമായ പോസ്റ്റ്‌മോർട്ടം (സൈക്കോളജിക്കൽ ഓട്ടോപ്സി) എന്ന പ്രത്യേക മാർഗ്ഗത്തിലൂടെ, ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിയും. സമൂഹത്തിൽ തുടർന്ന് നടത്തേണ്ട പ്രതിരോധ ശ്രമങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION