SignIn
Kerala Kaumudi Online
Thursday, 22 October 2026 10.44 AM IST

സാമ്പത്തിക ദുർബല സംവരണം: പുനരാലോചനയ്ക്ക് സമയമായി!

w

ഇന്ത്യൻ ഭരണഘടനയ്ക്ക് എഴുപത്തിയാറ് വർഷം തികഞ്ഞിട്ട് അധികം ദിവസമായില്ല. ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, പദവിയിലും അവസരത്തിലും സമത്വവും ഭരണഘടന ഉറപ്പു നൽകിയിരുന്നെങ്കിലും, നിർഭാഗ്യവശാൽ ഏഴര പതിറ്റാണ്ടിനിപ്പുറം സാമൂഹ്യനീതി നിഷേധവും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വവുമാണ് അനുഭവപ്പെടുന്നതെന്ന്

പറയാതിരിക്കാനാവില്ല. ഭരണഘടനാ അസംബ്ലിയിൽ, അന്നത്തെ മദ്രാസ് സംസ്ഥാനത്തു നിന്നുള്ള അംഗമായിരുന്ന വി.ഐ. മുനിസ്വാമി പിള്ള പരാമർശിച്ചതുപോലെ,​ നമ്മുടെ പൊതുജീവിതത്തിന്റെ സമസ്ത മേഖലയിലും (വിശേഷിച്ച്,​ വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ)​ വർണാശ്രമ ധർമ്മത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വം പിടിമുറുക്കുകയാണ്.

ഭരണഘടന അടിസ്ഥാനപരമായി ഉറപ്പു നൽകുന്ന സാമൂഹ്യനീതിയുടെ അടിത്തറ തകർക്കുന്നതായിരുന്നു,​103-ം ഭരണഘടനാ ഭേദഗതിയിലൂടെ പാവപ്പെട്ടവരുടെ മറവിൽ നടപ്പാക്കിയ ഇ.ഡബ്ല്യു.എസ് (സാമ്പത്തിക ദുർബല വിഭാഗം)​ സംവരണം. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ 6589 ക്ലാർക്ക്മാരുടെ ഒഴിവിലേക്ക് ദേശവ്യാപകമായി നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം 2025 നവംബർ നാലിന് പ്രഖ്യാപിക്കുകയുണ്ടായി. അതിൽ ഓരോ സമുദായങ്ങൾക്കും നിശ്ചയിച്ച അർഹതാ മാർക്ക് ഇനി ചേർക്കുന്നു: പട്ടികജാതി: 63.5,​ പട്ടികവർഗം: 47.5,​ ഇ.ഡബ്ല്യു.എസ്: 36.5,​ ഒ.ബി.സി: 74,​ ജനറൽ: 74. ഈ ഫലം പൊതുജനങ്ങൾക്ക് അറിയാൻ കഴിയില്ല. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കു മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ,​ ഇതിൽ പതിയിരിക്കുന്ന അട്ടിമറി പൊതുസമൂഹം അറിയുന്നില്ല.

ഈയടുത്ത ദിവസങ്ങളിൽ വന്ന ചില മാദ്ധ്യമ വാർത്തകൾ അഖിലേന്ത്യാ തലത്തിൽ ഇ.ഡബ്ല്യു.എസ് വിഭാഗം ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ നേടുന്ന പ്രവേശനം സംബന്ധിച്ചായിരുന്നു. എട്ടു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സാമ്പത്തിക ദുർബല വിഭാഗം എന്ന പേരിൽ ഇ.ഡബ്ല്യു.എസ് സംവരണ ക്വാട്ടയിൽ റാങ്ക് ലിസ്റ്റിൽ വളരെ പിന്നിൽ തിരഞ്ഞെടുക്കപ്പെട്ടവർ സ്വകാര്യ മെഡിക്കൽ കോളജുകളിലെ എൻ.ആർ.ഐ /മാനേജ്മെന്റ് സീറ്റുകളിൽ 25 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിവർഷ ഫീസ് നൽകി പ്രവേശനം സമ്പാദിക്കുകയാണ് എന്നായിരുന്നു ആ വാ‌‌ർത്ത!

2.4 ലക്ഷം വിദ്യാർത്ഥികളാണ് മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ എഴുതിയത്. 1.3 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. 52,​000 സീറ്റുകളാണ് ഉള്ളത്. 1.1 ലക്ഷത്തിലും താഴെ റാങ്ക് നേടിയ ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ള ഒരു വിദ്യാർത്ഥി കർണാടകയിലെ ബേലഗാവിയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജായ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പ്രതിവർഷം ഒരു കോടി രൂപ ഫീസ് ഉള്ള എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടി. നവി മുംബയിലെ മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിൽ ആകെയുള്ള 16 മാനേജ്മെന്റ് സീറ്റിൽ നാലെണ്ണവും ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർ നേടി. 48.5 ലക്ഷം രൂപയാണ് പ്രതിവർഷ ഫീസ്.

പുതുച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിൽ 84,000-ത്തിൽ താഴ്ന്ന റാങ്കുള്ള ഒരു ഇ.ഡബ്ല്യു.എസ് വിദ്യാർത്ഥി പ്രതിവർഷം 55 ലക്ഷം രൂപ ഫീസ് നൽകി ജനറൽ മെഡിസിനിൽ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനം നേടി.140-ഓളം ഇ.ഡബ്ല്യു.എസ് വിദ്യാർത്ഥികൾ ഇത്തരത്തിൽ വൻതുക ഫീസുള്ള കോളേജുകളിൽ പ്രവേശനം നേടിയതായാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 103-ാം ഭരണഘടനാ ഭേദഗതിയുടെയും ഇ.ഡബ്ല്യു.എസ് സംവരണത്തിന്റെയും പ്രസക്തിയും ആവശ്യകതയും പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് മേൽ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നത്.


(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION