SignIn
Kerala Kaumudi Online
Saturday, 03 October 2026 11.26 AM IST

ജാതി  വിവേചനത്തെത്തുടർന്ന് ചികിത്സ നിഷേധിച്ചു?  ദളിത് യുവതി റോഡരികിൽ പ്രസവിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി

tribal-woman
ദളിത് യുവതി റോഡരികിൽ പ്രസവിച്ച സംഭവത്തിൽ നിന്ന്

ലക്‌നൗ: ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രി പ്രവേശനം നിഷേധിച്ചെന്ന് ആരോപിക്കപ്പെട്ട ദളിത് യുവതി റോഡരികിൽ പ്രസവിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ ഭദോഹിയിലെ മഹാരാജ ചേത് സിംഗ് ഗവൺമെന്റ് ആശുപത്രിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പങ്കജ് കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ദളിത് വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ടതായതിനാൽ 20കാരിയായ ഗർഭിണിയെ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരും പ്രസവചികിത്സ നൽകാൻ വിസമ്മതിച്ചെന്നാണ് ആരോപണം. കടുത്ത പ്രസവവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിൽ എത്തിയത്. എന്നാൽ 'മുസഹർ സമുദായക്കാരിയാണ് പ്രസവമെടുക്കില്ല' എന്ന് പറഞ്ഞ് ജീവനക്കാർ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു.

തുടർന്ന് ആശുപത്രിക്ക് പുറത്ത് റോഡരികിൽവച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെയാണ് അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചത്. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കി.

എന്നാൽ ജാതിയുടെ പേരിൽ വിവേചനം കാണിച്ചിട്ടില്ലെന്നും ഹീമോഗ്ലോബിന്റെ അളവ് കൂടുതലായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതാണെന്നുമാണ് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞത്. ദളിത്, ആദിവാസി വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

English Summary

A 20-year-old Dalit woman from the Mushahar community allegedly gave birth by the roadside after being denied treatment at Maharaja Chet Singh Government Hospital in Bhadohi, Uttar Pradesh. Following the incident and the emergence of video footage, action was taken against the doctor on duty, while a departmental inquiry was ordered.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSHAHAR WOMAN, DALIT WOMAN, CASTE DISCRIMINATION, UTTAR PRADESH HOSPITAL, BHADOHI HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360