
ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ കേവലം എണ്ണം അടിസ്ഥാനമാക്കിയുള്ള ഒരഭ്യാസമല്ല. അത് ആധുനിക ലോകത്തെ അസാധാരണമായ ഭരണമികവിന്റെ ഉദാഹരണമാണ്. ഭാഷ, ഭൂമിശാസ്ത്രം, സംസ്കാരം, സാമ്പത്തികാവസ്ഥ എന്നിവയിലെല്ലാം അസാധാരണ വൈവിദ്ധ്യമുള്ള 140 കോടിയിലേറെ ജനങ്ങളുള്ള ഒരു രാജ്യത്ത് സ്ഥിരമായി മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പുകൾ നടത്തിവരുന്നു എന്നത് അങ്ങേയറ്റം സുപ്രധാനമായ കാര്യമാണ്. കഠിന യാത്രകളിലൂടെ മാത്രം ചെന്നെത്താവുന്ന ഹിമാലയ ഗ്രാമങ്ങൾ മുതൽ വിദൂര ദ്വീപുകളും മരുഭൂമികളും ജനസാന്ദ്രതയേറിയ നഗരങ്ങളും ഒക്കെയുള്ള ഇന്ത്യ രൂപപ്പെടുത്തിയിട്ടുള്ള തിരഞ്ഞെടുപ്പു സംവിധാനം ലോകത്തെ മറ്റ് രാജ്യങ്ങൾക്കൊന്നും അവകാശപ്പെടാനാവില്ല. വോട്ടർമാരുടെ പങ്കാളിത്തവും തിരഞ്ഞെടുപ്പു സംവിധാനവും പൊതുജന വിശ്വാസവും ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ലോകത്തെ ഏതു ജനാധിപത്യ സംവിധാനത്തിനും ഇന്ത്യയുടെ അനുഭവ പാഠങ്ങൾ വിലയേറിയതാണ്.
എന്നാൽ ഈ നേട്ടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽത്തന്നെ വൈകാരികമായ ചില ആഖ്യാനങ്ങൾ സൃഷ്ടിച്ച് നിഴൽ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിലൊന്നാണ് അടുത്തിടെ തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിശോധന(എസ്.ഐ.ആർ) വഴി 13 കോടിയോളം പേരെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നത്. ഇത് സൂക്ഷ്മ പരിശോധന ആവശ്യമുള്ള വിഷയമാണ്. തികച്ചും കാലഹരണപ്പെട്ട വോട്ടുകൾ നീക്കം ചെയ്യുന്നതും യോഗ്യരായവരെ സ്ഥിരമായി ഒഴിവാക്കുന്നതും ഒരു പോലെയല്ല.
കൃത്യമായ വോട്ടർ
പട്ടിക പ്രധാനം
വിശ്വാസ യോഗ്യമായ ഓരോ തിരഞ്ഞെടുപ്പു സംവിധാനവും കുറ്റമറ്റ വോട്ടർ പട്ടിക സൂക്ഷിക്കേണ്ടതാണ്. ആളുകൾ മരണപ്പെടുകയോ, താമസ സ്ഥലമോ, മേൽവിലാസമോ മാറുകയോ, ഒന്നിലധികം തവണ രേഖകളിൽ വരികയോ ചെയ്തെന്ന് വരും. ഇതു കാലാകാലങ്ങളിൽ പരിശോധിക്കാതെയിരുന്നാൽ, ഇത്തരം വോട്ടർ പട്ടിക കാലഹരണപ്പെടും. ഇന്ത്യ ഇപ്പോൾ മുമ്പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വെല്ലുവിളിയാണ് നേരിടുന്നത്.
രജിസ്റ്റർ ചെയ്യപ്പെട്ട കോടിക്കണക്കിന് വോട്ടർമാർ ആയിരക്കണക്കിന് മണ്ഡലങ്ങളിലായി ചിതറിക്കിടക്കുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ജനസംഖ്യയിലുണ്ടായ മാറ്റങ്ങൾ മാത്രം ദശലക്ഷക്കണക്കിന് വോട്ടർമാരെ ബാധിക്കുന്നുണ്ട്. പ്രതിവർഷം രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നു. രാജ്യത്തിനകത്തുതന്നെയുണ്ടാകുന്ന കുടിയേറ്റം വോട്ടർ പട്ടിക നവീകരണം ആവശ്യപ്പെടുന്നു. ഉദാഹരണത്തിന് ബീഹാറിൽ നിന്ന് ഡൽഹിയിലേക്കു മാറുന്ന ഒരാളുടെ വോട്ട് നേരത്തെയുണ്ടായിരുന്ന മണ്ഡലത്തിൽ നിന്ന് മാറ്റുകയും പുതിയ സ്ഥലത്ത് ചേർക്കുകയും വേണം. ഇത് വോട്ടവകാശം ഇല്ലാതാക്കുന്നതല്ല. മറിച്ച്, തിരഞ്ഞെടുപ്പു സംവിധാനം ആർജവമാക്കുന്നതിന്റെ ഭാഗമാണ്.
എണ്ണം അറിയൽ
13 കോടി ഇന്ത്യക്കാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നത് സവിശേഷ പരിശോധന ആവശ്യപ്പെടുന്നതാണ്. മരിച്ചവർ, താമസ സ്ഥലം മാറിയവർ, ഇരട്ട വോട്ടുള്ളവർ, പരിശോധനാസമയത്ത് കണ്ടെത്താൻ കഴിയാത്തവർ എന്നിവരെല്ലാം വേർതിരിച്ചു കാണേണ്ടതുണ്ട്. ഇതിൽപ്പെട്ടവരെ, യോഗ്യതയുണ്ടായിട്ടും വോട്ടവകാശം നിഷേധിക്കപ്പെടുന്നവരുമായി താരതമ്യം ചെയ്യാനാവില്ല. അയോഗ്യരായവരും കാലഹരണപ്പെട്ട വോട്ടറെന്നു കണ്ടെത്തിയവരും പരിശോധനകൾക്കു ശേഷം പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിലുള്ളവരും വ്യത്യസ്തമാണ്. അതോടൊപ്പം ധാരാളം മരണമോ കുടിയേറ്റമോ ഉണ്ടായതിന്റെ പേരിൽ വലിയ തോതിൽ ആളുകളെ ഒഴിവാക്കാനും പാടില്ല. യഥാർത്ഥ പ്രതികരണം സുതാര്യമാണ്. തെറ്റുകൾ തിരുത്തി വോട്ടർ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചുവരികയാണ്. അതുകൊണ്ട്, യഥാർത്ഥത്തിൽ കാലഹരണപ്പെട്ട വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുകയും യോഗ്യതയുള്ള മുഴുവൻ പേർക്കും വോട്ടവകാശം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ അടിസ്ഥാനപ്പെടുത്തി വേണം തിരഞ്ഞെടുപ്പു കമ്മിഷനെ വിലയിരുത്താൻ.
ലോകം ഉറ്റുനോക്കുന്ന
ജനാധിപത്യ വൈദഗ്ദ്ധ്യം
മറ്റു രാജ്യങ്ങൾക്ക് അവരുടെ ജനാധിപത്യ സംവിധാനം മെച്ചപ്പെടുത്താൻ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ എങ്ങനെ സഹായകരമാകുന്നു എന്നതാണ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പു കമ്മിഷൻ ഇതിൽ അന്താരാഷ്ട്ര തലത്തിലുള്ള പരിശീലന സംവിധാനവും സഹകരണ ശൃംഖലയും ആവിഷ്കരിച്ചിട്ടുണ്ട്. 2011ൽ ആരംഭിച്ച ഈ സംവിധാനം വഴി 141 രാജ്യങ്ങളിലെ 3000ത്തോളം തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആസൂത്രണം, വോട്ടർമാരെ പഠിപ്പിക്കൽ, സ്ഥാപനശേഷി വർദ്ധിപ്പിക്കൽ, തിരഞ്ഞെടുപ്പു ഭരണ സംവിധാനം എന്നിവയെല്ലാം ഈ പരിശീലനത്തിൽപ്പെടുന്നു. കൂടാതെ, 28 രാജ്യങ്ങളുമായും മൂന്ന് അന്താരാഷ്ട്ര സംഘടനകളുമായും സഹകരണ കരാറുകളും ഇന്ത്യ ഉണ്ടാക്കിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻഅമേരിക്ക, പസഫിക് എന്നിവിടങ്ങിലെല്ലാമുള്ള തിരഞ്ഞെടുപ്പ് സ്ഥാപനങ്ങൾ ഇന്ത്യയുടെ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഭൂട്ടാൻ, നേപ്പാൾ, നമീബിയ തുടങ്ങിയ രാജ്യങ്ങൾക്ക് നിർദ്ദേശാനുസരണം പ്രവർത്തനക്ഷമമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം) നൽകിയിട്ടുണ്ട്. മായ്ക്കാൻ കഴിയാത്ത മഷിയും പല രാജ്യങ്ങൾക്കും നൽകിയിട്ടുണ്ട്.
ജനാധിപത്യത്തിന്റെ
കരുത്ത്
നിലവിലെ എസ്.ഐ.ആർ വിവാദം തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം വിശദമാക്കുന്നു. പ്രതിപക്ഷ പാർട്ടികളും പൗര സമൂഹവും ചില ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷൻ എസ്.ഐ.ആർ പ്രതിരോധിച്ചിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങളിലെ ചില പ്രശ്നങ്ങൾ കോടതികൾ പരിശോധിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ആശങ്കകൾ സ്വമേധയാ തള്ളിക്കളയുന്നതിനു പകരം പരിശോധന ആവശ്യമാണ്. അതോടൊപ്പം ബോധപൂർവം വോട്ടർമാരെ ഒഴിവാക്കിയിരിക്കുന്നുവെന്ന ആരോപണം വേണ്ടത്ര തെളിവുകളില്ലാതെ പരിഗണിക്കുകയും ചെയ്യരുത്.
സംരക്ഷിക്കപ്പെടേണ്ട
ജനാധിപത്യ നേട്ടം
ഇന്ത്യയുടെ തിരഞ്ഞെടുപ്പുനേട്ടം അഞ്ചു വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പു നടത്തുന്നു എന്നതിനും അപ്പുറമാണ്. വളരെ വിപുലമായ ജനാധിപത്യ സംവിധാനം നടപ്പാക്കുക, അതിൽ അസാധാരണവൈവിദ്ധ്യം ഉൾക്കൊള്ളുക, തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്ക് പരിശീലനം നൽകുക, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, ജനസംഖ്യാ വ്യതിയാനത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കുക എന്നിവയൊക്കെ ഉൾക്കൊള്ളുന്നതാണിത്. ഇത്തരത്തിൽ ജനാധിപത്യ പ്രക്രിയ നടപ്പാക്കുന്ന രാജ്യങ്ങൾ വളരെക്കുറവാണ്.
വികസിച്ചു വരുന്ന ജനാധിപത്യ സംവിധാനങ്ങൾക്ക്, ജനസംഖ്യാ വർദ്ധനവോ, ഭൂമിശാസ്ത്രപരമായ സങ്കീർണതകളോ, സാമ്പത്തിക അസമത്വങ്ങളോ ഒന്നും സ്ഥിരമായ തിരഞ്ഞെടുപ്പു നടത്താൻ തടസമല്ല എന്ന പാഠം കൂടി ഇന്ത്യ സമ്മാനിക്കുന്നുണ്ട്.
ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ കൂടുതൽ വിശ്വാസയോഗ്യവും സുതാര്യവും ആക്കണം. എത്ര വോട്ടർമാർ രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നതിലല്ല, മറിച്ച്, യോഗ്യതയുള്ള ഓരോ പൗരനും തന്റെ വോട്ടവകാശം വിനിയോഗിക്കാൻ അവസരമൊരുക്കുന്നു എന്നതിലാകണം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മഹത്വം. ഇത് ഇന്ത്യ അസാധാരണമായ വിധത്തിൽ തെളിയിച്ചിട്ടുള്ളതാണ്. ഇത് കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്. അതാകട്ടെ, ഇന്ത്യയുടെ ജനാധിപത്യ ഭാവിക്കു മാത്രമല്ല, ലോകമെങ്ങുമുള്ള ജനാധിപത്യ തിരഞ്ഞെടുപ്പു സംവിധാനത്തിനു കൂടി മുതൽക്കൂട്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |