SignIn
Kerala Kaumudi Online
Saturday, 24 October 2026 4.22 PM IST

ഏകമതത്തിന്റെ അർത്ഥം പഠിപ്പിച്ച ഗുരുദേവൻ

guru

യുഗപുരുഷന്മാരായ ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും കൂടിക്കാഴ്ച നടത്തിയ മഹാമുഹൂർത്തത്തിന് ഇന്ന് നൂറുവർഷം തികയുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതചരിത്രത്തിൽത്തന്നെ ശ്രദ്ധേയമായിത്തീർന്ന ഒരു സമാഗമത്തിന്റെ ഓർമ്മകൾ കേരള നവോത്ഥാന മുന്നേറ്റ ചരിത്രത്തിന്റെ ഓർമ്മപുതുക്കൽ കൂടിയാണ്. ഗുരുദേവനുമായുള്ള സമാഗമം ദേശീയതലത്തിൽ ഖ്യാതി നേടിയതിനൊപ്പം ഗാന്ധിജിയുടെ മനസിൽ രൂഢമൂലമായിരുന്ന ചില കാഴ്ചപ്പാടുകളെ അപ്പാടെ മാറ്റിമറിക്കാനും പ്രേരകമായി മാറി.

ചാതുർവർണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമാണെന്ന് കരുതിയിരുന്ന ഗാന്ധിജിയുടെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചത് ഗുരുദേവന്റെ മഹത് ദർശനമാണ്. സമൂഹത്തിലെ പുഴുക്കുത്തായി നിലനിന്ന അയിത്തത്തിനെതിരായ പ്രചാരണം ഗാന്ധിജി തുടങ്ങിയതുതന്നെ,​ അയിത്തവും ജാതീയമായ ഉച്ചനീചത്വങ്ങളും ശക്തമായി എതിർക്കപ്പെടുകയും തുടച്ചുമാറ്റപ്പെടുകയും ചെയ്യേണ്ടതാണെന്ന ഗുരുവിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. സമാനതകൾ ഏറെയുണ്ടെങ്കിലും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള രണ്ട് ചിന്താധാരകളുടെ സമാഗമത്തിനാണ് 1925 മാർച്ച് 12 ന് (കൊല്ലവർഷം 1100 കുംഭം 29) ശിവഗിരി സാക്ഷ്യം വഹിച്ചത്.

'ഗാന്ധിയാശ്രമം' എന്ന് പിൽക്കാലത്ത് അറിയപ്പെട്ട,​ എ.കെ. ഗോവിന്ദദാസിന്റെ വക വനജാക്ഷി മന്ദിരത്തിലായിരുന്നു ആ ചരിത്ര സംഗമം. ഗാന്ധിജിയെ സ്വീകരിക്കാൻ ഗുരു ആശ്രമത്തിന്റെ പൂമുഖം വരെയെത്തി. ജാതിവ്യവസ്ഥയും അയിത്തവും വർണവ്യവസ്ഥയുമൊക്കെ സംഭാഷണത്തിൽ കടന്നു വന്നു. വൈക്കം സത്യഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള മാർഗങ്ങൾ, തുടങ്ങിയവയിലേക്കൊക്കെ ആ സംഭാഷണം നീണ്ടു.

വിയോജിപ്പും

വെളിപാടും

അയിത്തത്തിന് എതിരാണെങ്കിലും വർണവ്യവസ്ഥ നിലനിൽക്കേണ്ടതാണെന്ന കാഴ്ചപ്പാടായിരുന്നു ഗാന്ധിജിയുടേത്. ഗുരുവിന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ദർശനത്തിൽ മനുഷ്യരെല്ലാം ഒരു ജാതിയിലും മതത്തിലും പെട്ടവരാണെന്ന വാദത്തോട് ഗാന്ധിജിക്ക് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ ജാതിയുടെ അതിർവരമ്പുകൾ ഇല്ലാതാക്കാൻ ജാതി ലക്ഷണങ്ങളെത്തന്നെ മായ്ച്ചുകളയുകയാണ് വേണ്ടതെന്ന് ഗുരു ഗാന്ധിജിയെ ബോദ്ധ്യപ്പെടുത്തി.

കൂടിക്കാഴ്ചയ്ക്കു ശേഷം ശിവഗിരിയിലേക്കു പോയ ഗാന്ധിജി,​ അവിടെ വൈദികമഠത്തിലാണ് താമസിച്ചത്. ശാരദാമഠത്തിലെ സന്ധ്യാപൂജയിലും സംബന്ധിച്ചു. രാത്രിയിൽ,​ വൈദിക മഠത്തിലെത്തിയപ്പോൾ അവിടത്തെ അന്തേവാസികളായ പുലയക്കുട്ടികൾ ചൊല്ലിയ 'ദൈവദശകം" ഗുരു രചിച്ച പ്രാർത്ഥനാ ഗീതമാണെന്നറിഞ്ഞ് ഗാന്ധിജി ഏറെ സന്തുഷ്ടനായി. എസ്.എൻ.ഡി.പി.യോഗം നേതാക്കളായ സി.വി. കുഞ്ഞുരാമൻ,എൻ. കുമാരൻ, കേശവപണിക്കർ, കെ. അയ്യപ്പൻ, കെ.പി കയ്യാലയ്ക്കൽ തുടങ്ങിയവർ ഗാന്ധിജിയെ സന്ദർശിച്ച് സംഭാഷണം നടത്തി.

പിറ്റേന്നു രാവിലെ, ശാരദാമഠത്തോടു ചേർന്നുള്ള സ്വാമിമഠത്തിലെ ഗുരുദേവ ചിത്രത്തിനു മുന്നിൽ നമസ്‌കരിച്ച ഗാന്ധിജി അവിടെ നടന്ന സമ്മേളനത്തിൽ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം ഗാന്ധിജിക്ക് സമർപ്പിച്ച മംഗളപത്രത്തിന്റ തർജ്ജമ കെ. അയ്യപ്പൻ വായിച്ചു. ഗുരുദേവൻ ഗാന്ധിജിയെ ഹാരമണിയിച്ച് മംഗളങ്ങൾ നേർന്നാണ് തിരുവനന്തപുരത്തേക്ക് യാത്രയാക്കിയത്. തിരുവനന്തപുരത്തു ചേർന്ന മഹായോഗത്തിൽ ഗാന്ധിജി പ്രസംഗിച്ചത്, 'മനോഹരമായ തിരുവിതാംകൂർ രാജ്യം സന്ദർശിക്കാനിടയായതും ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതും ജീവിതത്തിലെ പരമഭാഗ്യമായി ഞാൻ കരുതുന്നു" എന്നാണ്.

1921- ൽ തിരുനെൽവേലിയിൽ വച്ച് ടി.കെ. മാധവനിൽ നിന്നാണ് ഗുരുവിന്റെ മഹത്വം ഗാന്ധിജി ആദ്യം മനസിലാക്കുന്നത്. തിയോസഫിക്കൽ സൊസൈറ്റി ഗുരുവിനെ അവതാരപുരുഷനായിക്കണ്ട് മംഗളപത്രം സമർപ്പിച്ചതും നൂൽ നൂൽപ്, മദ്യവർജ്ജനം എന്നിവ ഗാന്ധിജിക്കു മുമ്പേ തന്നെ ഗുരു ഉപദേശിച്ചതും ടി.കെ മാധവൻ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. ഗുരുവിന്റെ മഹത്വം പൂർണമായും മനസിലാക്കിയ ശേഷമാണ് ഗാന്ധിജി പിന്നീട് ശിവഗിരിയിലെത്തിയത്.

അഹിംസാ സമരം

എന്ന പരീക്ഷണം

1925 മാർച്ച് 9 ന് ഗാന്ധിജി വൈക്കത്തെത്തിയതോടെ സമരം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അഹിംസാ മാർഗത്തിലൂടെ ഒരു പ്രക്ഷോഭം എങ്ങനെ വിജയിപ്പിക്കാമെന്ന ഗാന്ധിജിയുടെ പരീക്ഷണം കൂടിയായിരുന്നു വൈക്കം സത്യഗ്രഹം. വൈക്കത്ത് സത്യഗ്രഹികൾക്കായി ശ്രീനാരായണ ഗുരു സ്ഥാപിച്ച സത്യഗ്രഹ ആശ്രമത്തിലാണ്ഗാന്ധിജി താമസിച്ചത്. 1924 സെപ്തംബർ 27 ന് സത്യഗ്രഹ സ്ഥലം സന്ദർശിക്കാനെത്തിയ ഗുരു, ഗാന്ധിജിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ആശ്രമം ചുറ്റിനടന്നു കണ്ട്, അവിടത്തെ ഖദർ നൂൽപ്പിനെക്കുറിച്ച് സംതൃപ്തിയോടെ സംസാരിച്ചു. അടുത്തദിവസം ഗാന്ധിജിയുടെ ദീർഘായുസിനായി പ്രാർത്ഥിക്കാൻ കൂടിയ മഹാസമ്മേളനത്തിന്റെ അദ്ധ്യക്ഷനും ഗുരുവായിരുന്നു. പൊതു പ്രാർത്ഥനയിലും ഗുരു പങ്കെടുത്തു.

'നമുക്ക് ധ്യാനിക്കാൻ ശക്തിയില്ലെങ്കിലും കഴിയും വിധത്തിൽ മഹാത്മജിയുടെ ശ്രമത്തിനായി പ്രാർത്ഥിക്കാം" എന്നു പറഞ്ഞ് ഗുരു രണ്ടു മിനിട്ട് പ്രാർത്ഥിച്ചു. പൊതുസ്ഥലത്ത്,​ ആൾക്കൂട്ടത്തിനിടയിൽ വച്ച് ഗുരു പ്രാർത്ഥിച്ചത് അപൂർവമാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവിന്റെ മഹാസമാധിക്കു ശേഷം ഗാന്ധിജി രണ്ടുതവണ കൂടി ശിവഗിരി സന്ദർശിക്കാനെത്തി. 1934 ജനുവരി 20-നും,​ 1937 ജനുവരി 16-നും.

സമാഗമത്തിന്റെ

കാലികപ്രസക്തി


'മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നും 'പലമതസാരവുമേകം" എന്നുമുള്ള ഗുരുദർശനവും 'ഓരോ ഭാരതീയന്റെയും ഹൃദയത്തെ നയിക്കേണ്ടത് അഹിംസയാണ്" എന്ന ഗാന്ധിജിയുടെ തത്വോപദേശവും ലോകത്തിനു മുന്നിലെത്തിയിട്ട് കാലങ്ങളായെങ്കിലും ആ യുഗപുരുഷന്മാർ വിഭാവനം ചെയ്‌തൊരു ലോകക്രമം എത്രത്തോളം പ്രായോഗിക പഥത്തിലെത്തിയെന്നത് അപഗ്രഥന വിഷയമാക്കേണ്ട സന്ദർഭം കൂടിയാണിത്. കൂടിക്കാഴ്ചയിൽ ഗുരുവും ഗാന്ധിജിയും തമ്മിൽ നടന്ന സംഭാഷണ വിഷയങ്ങൾ അന്നും ഇന്നും എന്നും പ്രസക്തമാണ്.

മതമോ ജാതിയോ വർണമോ പരിഗണിക്കാതെ എല്ലാ മനുഷ്യരെയും സമന്മാരായി കാണാനും പരിഗണിക്കാനും കഴിയുന്ന നിലയിലേക്ക് മനുഷ്യസമൂഹം എത്താൻ ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടി വരുമെന്നത് ആശങ്കയുണർത്തുന്നതാണ്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനുള്ളിൽ തൂപ്പുജോലിക്ക് പോലും അബ്രാഹ്മണർക്ക് വിലക്കേർപ്പെടുത്തിയ സംഭവം ഗുരു- ഗാന്ധിജി സമാഗമത്തിന്റെ നൂറാം വാർഷികത്തിലാണ് നടന്നത് എന്നത് നവോത്ഥാന കേരളത്തിന് തെല്ലും ഭൂഷണമല്ല.

രാജവാഴ്ച അവസാനിച്ചിട്ടും ജാതിവിവേചനത്തിന്റെ ദുഷ്ടതയുമായാണ് ഇപ്പോഴും ചിലർ നടക്കുന്നത്. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും നൂറുവർഷം മുമ്പ് നടത്തിയ ആശയവിനിമയത്തിലെ വാക്കുകളും പ്രവൃത്തിയും പാഴായിപ്പോകേണ്ടതല്ല. ചാന്ദ്രശോഭയാർന്ന ആശയങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കുന്ന ജനലക്ഷങ്ങൾ ഇവിടെയുണ്ടെന്നതാണ് പ്രതീക്ഷ പകരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUMARGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION