SignIn
Kerala Kaumudi Online
Saturday, 31 October 2026 1.58 AM IST

കേരളപ്പിറവിയും പൊലീസും

kerala-police

നമ്മുടെ പൊലീസിന്റെ കാര്യക്ഷമതയെക്കുറിച്ച് തർക്കമില്ല. എന്നിരുന്നാലും കേരള പൊലീസ് ആക്ടിൽ വിഭാവനം ചെയ്തിരിക്കുന്ന ശാസ്ത്രീയമായ ഒരു വിലയിരുത്തലിന്റെ ആവശ്യം ഊന്നിപ്പറയേണ്ടിയിരിക്കുന്നു.'' റിസർച്ച് അനാലിസിസ് വിംഗ് (റാ) മുൻ മേധാവിയും കേരള മുൻ ഡി.ജി.പിയുമായ ഹോർമിസ് തരകൻ എഴുതുന്നു

നവംബർ ഒന്നാം തീയതി കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് എഴുപതു വർഷം പൂർത്തിയാവുകയാണല്ലോ. നമ്മുടെ സംസ്ഥാനത്തിന്റെ ഈ കാലയളവിലെ വളർച്ചയെ വിലയിരുത്തുമ്പോൾ കേരളാ പൊലീസിന്റെ വികസനവും കൂടി കണക്കിലെടുക്കുവാനുള്ള എളിയ ശ്രമമാണ് ഞാൻ നടത്തുന്നത്. കേരളം ഉടലെടുക്കുമ്പോൾ ഞാൻ പതിനൊന്നു വയസുള്ള സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഒരു വലിയ ചരിത്രസംഭവമാണിത് എന്നു മനസിലാക്കാനുള്ള ധിഷണാബോധം ഉണ്ടായിരുന്നുവെങ്കിലും, സ്വാഭാവികമായും പൊലീസിന്റെ പ്രവർത്തനത്തെ എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

1968ൽ ഇന്ത്യൻ പൊലീസ് സർവീസിൽ ചേർന്നതിനുശേഷം അടുത്ത വർഷം അവസാനം കേരളത്തിൽ സേവനം തുടങ്ങിയതു മുതലുള്ള കേരളാ പൊലീസ് ചരിത്രമേ എനിക്ക് നേരിട്ടറിവുള്ളൂ. 1956 മുതൽ 1970വരെയുള്ള കേരളാപൊലീസ് പ്രവർത്തനസംബന്ധമായ പരാമർശങ്ങൾ മൂന്നു പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ഞാൻ നടത്തുന്നത് ​ കേരളത്തിന്റെ ആദ്യത്തെ പൊലീസ് മേധാവി എൻ.ചന്ദ്രശേഖരൻ നായർ എഴുതിയ 'ഐ.ജി സ്മരണകൾ', എന്റെ ആദ്യത്തെ ഐ.ജി എം.ഗോപാലനെക്കുറിച്ച് ആർ.പ്രകാശം രചിച്ച 'കാലത്തിനൊത്ത പൊലീസ്', കെ.രമേശൻ നായരുടെ 'പൊലീസ് വിജ്ഞാനകോശം' എന്നിവ.

ചന്ദ്രശേഖരൻ നായർ തിരുവിതാംകൂറിലേയും തിരുക്കൊച്ചിയിലേയും കേരളത്തിലേയും ഐ.ജിയായി മൊത്തം ഒമ്പതു വർഷം സേവനമനുഷ്ഠിച്ച വിശിഷ്ടവ്യക്തിയാണ്. 'ഈ രാഷ്ട്രീയ ഇടപെടൽ എന്ന രോഗം ഈ അടുത്തകാലത്ത് സകല രാഷ്ട്രീയപാർട്ടികളേയും ഗ്രസിച്ചിട്ടുണ്ട്' എന്ന് കേരളാപൊലീസിനെ അതിന്റെ ആദ്യവർഷത്തിൽ നയിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം രേഖപ്പെടുത്തുന്നു. ഈ പ്രവണത തുടർന്നുവെങ്കിലും അതിനെതിരെ കേരളാപൊലീസ് നേതൃത്വം സ്തുത്യർഹമായ ചില നടപടികൾ സ്വീകരിക്കുകയുണ്ടായി. അവയിൽ

എം.കൃഷ്ണമേനോന്റെ കാലത്ത് നിലവിൽവന്ന 1960ലെ കേരളാപൊലീസ് ആക്ട്, 1968ൽ എം.ഗോപാലൻ ഐ.ജിയായശേഷം തയ്യാറാക്കിയ പൊലീസ് മാനുവൽ, ജേക്കബ് പുന്നൂസ് സംസ്ഥാന പോലീസ് മേധാവിയായിരുന്നപ്പോൾ നടപ്പിൽ വന്ന 2011ലെ കേരളാ പൊലീസ് ആക്ട് എന്നിവ ശ്രദ്ധേയമാണ്.

പൊലീസിന് നിഷ്പക്ഷമായ രീതിയിൽ നീതിനിർവഹണം നടത്താൻ ഉപകരിക്കുന്ന ഒരു സമീപനം ഞാൻ സംസ്ഥാന സേനയെ നയിക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ ഭാഗത്തുനിന്നുണ്ടായി എന്നു നന്ദിപൂർവം സ്മരിക്കുന്നു. അദ്ദേഹം തന്നെ നിയമിച്ച ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷന്റെയും പൊലീസിനെ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് വിമുക്തമാക്കാൻ വേണ്ടി 2006ലെ പ്രസിദ്ധമായ ഒരുവിധി പ്രസ്താവിച്ച സുപ്രീംകോടതിയുടേയും മാർഗനിർദ്ദേശത്തിന്റെ വെളിച്ചത്തിലാണ് ജേക്കബ് പുന്നൂസ് 2011ലെ ആക്ട് തയ്യാറാക്കുന്നതിനു മുൻകൈയെടുത്തത്. ആ നിയമനിർമ്മാണം ഒറ്റക്കെട്ടായി അംഗീകരിച്ച കേരളനിയമസഭയ്ക്ക് പ്രണാമം. പൊലീസ് നിയമപരിഷ്‌കരണ മേഖലയിൽ അദ്ദേഹം നൽകിയ സേവനങ്ങൾ ജസ്റ്റിസ് കെ.ടി.തോമസിന് പത്മവിഭൂഷൺ ബഹുമതി ലഭിക്കുന്നതിൽ ഒരു പങ്കുവഹിച്ചു എന്നു കരുതുന്നതിൽ തെറ്റില്ല.

സുപ്രീംകോടതി നിർദ്ദേശങ്ങളനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും നിയമനിർമ്മാണം നടത്തിയെങ്കിലും ആ നിർദ്ദേശങ്ങൾ പൂർണമായി അംഗീകരിക്കാൻ മിക്ക സംസ്ഥാനങ്ങളും മെനക്കെട്ടില്ല. 'തമ്മിൽ ഭേദം തൊമ്മൻ' എന്ന തത്വമനുസരിച്ചു നോക്കിയാൽ കേരളാപൊലീസ് ആക്ട് തന്നെയാണ് ഏറ്റവും മെച്ചം. എന്നിരുന്നാലും, നാം ഉണ്ടാക്കിയ നിയമവും പൂർണമായും സുപ്രീംകോടതി നിർദ്ദേശങ്ങൾ ഉൾക്കൊണ്ടു എന്നുപറയാൻ നിവൃത്തിയില്ല. നിയമ നിർമ്മാണത്തിനു ശേഷം പതിനഞ്ചു വർഷം തികയുന്ന ഈ വേളയിൽ ആ നിയമം നടപ്പിലാക്കുന്നതിൽ നാം എത്രമാത്രം വിജയിച്ചു എന്നു വിലയിരുത്തുന്നത് ഉചിതമായിരിക്കും.

ആദ്യമായി നാം നോക്കേണ്ടത് 24​ാം വകുപ്പനുസരിച്ച് രൂപീകരിക്കപ്പെടേണ്ടതായ സംസ്ഥാന സുരക്ഷാ കമ്മിഷൻ നിലവിലുണ്ടോ, അത് സ്ഥിരമായി സമ്മേളിക്കുന്നുണ്ടോ എന്നതാണ്. 2012 മുതൽ 2016വരെ ഞാൻ ഈ കമ്മിഷനംഗമായിരുന്ന കാലത്ത് വളരെ അപൂർവമായേ അത് കൂടിയിരുന്നുള്ളൂ. അത് ശരിയല്ല എന്നു ഞാൻ പലപ്രാവശ്യം ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല. ആഭ്യന്തരവകുപ്പു മന്ത്രിയും പ്രതിപക്ഷനേതാവും ഹൈക്കോടതി നിർദ്ദേശിക്കുന്ന ഒരു ജഡ്ജിയും വിവിധമേഖലകളിൽ വൈദഗ്ദ്ധ്യം തെളിയിച്ച പ്രഗത്ഭരുമെല്ലാം ഉൾക്കൊള്ളുന്ന ഈ കമ്മിഷനാണ് സംസ്ഥാന പൊലീസിന്റെ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ നിർദ്ദേശം നൽകേണ്ട ചുമതല. (കേരളാപൊലീസ് ആക്ടിന്റെ 25ാം വകുപ്പ് കാണുക).

പൊലീസിലെ ഓരോയൂണിറ്റും ബ്രാഞ്ചും നേടേണ്ട പ്രവർത്തനനിലവാരം എന്തെന്ന് തീർച്ചയാക്കേണ്ടത് ഈ കമ്മിഷനാണ്. അടുത്ത സാമ്പത്തികവർഷത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ ഈ വർഷം മാർച്ച് ഒന്നാം തീയതിക്കു മുമ്പായി ബന്ധപ്പെട്ടവരെ അറിയിക്കുക എന്നത് കമ്മിഷന്റെ ബാദ്ധ്യതയാണ്. ഈ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ വർഷാവസാനത്തിനു ശേഷം പൊലീസിന്റെ കാര്യക്ഷമത നിർണയിക്കുക എന്നത് സംസ്ഥാനസുരക്ഷാകമ്മിഷന്റെ ഉത്തരവാദിത്വമാണ്. കമ്മിഷൻ ഇതൊന്നും ചെയ്തില്ലെങ്കിൽ കേരളാപൊലീസ് അതിന്റെ ജോലിചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് ശാസ്ത്രീയമായി വിലയിരുത്താൻ വേറേ ഒരു മാർഗവുമില്ല. കമ്മിഷന്റെ നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് എല്ലാ വർഷവും സർക്കാരിന് സമർപ്പിക്കേണ്ട ചുമതല കമ്മിഷനും ആ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കേണ്ട ചുമതല സർക്കാരിനുമുണ്ട്.

ഈ ചുമതലകൾ നിർവഹിക്കപ്പെടുന്നുണ്ടോ എന്ന് കേരളജനത ആരായേണ്ടതുണ്ട്. അതിനു പറ്റിയ അവസരമാണ് കേരളപ്പിറവിയുടെ എഴുപതാം വാർഷികം. ഒരു ദേശീയ മീഡിയ 2003 മുതൽ വർഷാവർഷം നടത്തുന്ന വിലയിരുത്തലിൽ ഒരു പതിറ്റാണ്ടോളം കേരളാ പൊലീസ് ഒന്നാം സ്ഥാനത്തായിരുന്നു എന്ന് അഭിമാനപൂർവം സ്മരിക്കുന്നു.ഇപ്പോഴും ഭാരതത്തിലെ ഏറ്റവും മെച്ചപ്പെട്ട പൊലീസ് സേനകളിൽ ഒന്നാണ് കേരളാ പൊലീസ് എന്നാണ് ആ മീഡിയയുടെ വിലയിരുത്തൽ. ഈ അടുത്തകാലത്ത് ആഭ്യന്തരമന്ത്രി തന്നെ മുൻകൈ എടുത്ത് 'തൂഫാൻ' എന്ന യജ്ഞം ആവിഷ്‌കരിച്ച് മയക്കുമരുന്നെന്ന വലിയ വിപത്തിനെതിരെ പൊലീസ് നടത്തിപ്പോരുന്ന ശക്തമായ പോര് ശ്ളാഘനീയമാണ്.

നമ്മുടെ പൊലീസിന്റെ കാര്യക്ഷമതയെക്കുറിച്ച് തർക്കമില്ല. എന്നിരുന്നാലും കേരളാ പൊലീസ് ആക്ടിൽ വിഭാവനം ചെയ്തിരിക്കുന്ന ശാസ്ത്രീയമായ ഒരു വിലയിരുത്തലിന്റെ ആവശ്യം ഊന്നിപ്പറയേണ്ടിയിരിക്കുന്നു. താൻ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതല ഏറ്റെടുത്തപ്പോൾ ഐ.ജി.ഗോപാലൻ സേനാംഗങ്ങൾക്ക് എഴുതിയതുപോലെ 'സത്യവും നീതിയുമൊഴിച്ച് ഒരു പ്രേരണയ്ക്കും വഴങ്ങുകയില്ല എന്നും സ്വന്തം മനസ്സാക്ഷിയുടേതല്ലാതെ മറ്റേതൊരു വിമർശനത്തെയും ഭയപ്പെടുകയില്ല എന്നും ആത്മാർത്ഥതയോടെ നിശ്ചയിച്ചുറച്ച്' മുന്നോട്ടു പോകാൻ കേരളാ പൊലീസിന് കഴിയട്ടെ എന്നാണ് ഈ എഴുപതാം കേരളപ്പിറവി വേളയിൽ എന്റെ ആശംസ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION