
പന്ത്രണ്ട് വർഷത്തിനിടയിൽ, എൻ.ഡി.എ സർക്കാരിന് കീഴിൽ ഇന്ത്യ അടിസ്ഥാനസൗകര്യ കാര്യങ്ങളിൽ ത്വരിതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിച്ചു. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജം, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലുടനീളമുള്ള ആസ്തികൾ സൃഷ്ടിക്കപ്പെട്ടത് പ്രധാനമാണെങ്കിലും, അടുത്തഘട്ടം നിർണായകമാണ്. അത് ഗുണനിലവാരം, പരിപാലനം, സ്വകാര്യ നിക്ഷേപം, കേന്ദ്ര-സംസ്ഥാന ഏകോപനം തുടങ്ങിയ വിഷയങ്ങൾ എത്ര ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
പന്ത്രണ്ട് വർഷത്തിനിടയിൽ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് ഇന്ത്യയിൽ നടന്നത്. ഡിജിറ്റൽ പണമിടപാടുകൾ പ്രതിമാസം 18-23 ബില്യൺ ആയി. തുറമുഖങ്ങളുടെ ശേഷി 2,760 എം.ടി.പി.എയിലും മേലെയായി. 2.6 ജിഗാവാട്ട് സൗരോർജ ശേഷിയായിരുന്നത് 110 ജിഗാവാട്ടിനും മുകളിലായി. റെയിൽ വൈദ്യുതീകരണം, ബ്രോഡ്ഗേജ് ശൃംഖലകളുടെ വികസനം തുടങ്ങിയവ 99.6ശതമാനം എത്തിയിരിക്കുന്നു. എക്സ്‌പ്രസ് വേകളും മെട്രോ സംവിധാനങ്ങളും വികസിച്ചു. പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി.
സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികൾ, വാട്ടർ കണക്ഷനുകൾ, ശുചിത്വ പരിരക്ഷ, ഗ്രാമീണ വൈദ്യുതീകരണം, താണ വരുമാനക്കാരായ കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണം എന്നിവയിലും വലിയ നേട്ടങ്ങൾ കൈവരിച്ചു. ആഗോള വ്യാപാര സംഘർഷങ്ങളും എണ്ണ വിലയിലെ ചാഞ്ചാട്ടവും ബാഹ്യസമ്മർദ്ദങ്ങൾ സൃഷ്ടിച്ചപ്പോഴും 2026 സാമ്പത്തിക വർഷത്തിൽ 7.7ശതമാനം ജി.ഡി.പി വളർച്ച രേഖപ്പെടുത്തി. നാലാം പാദത്തിൽ 7.8ശതമാനവും.
പന്ത്രണ്ട് വർഷമായി, ക്ഷേമപദ്ധതികളുടെ സ്വഭാവം വിജയകരമായി പുനർനിർവചിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ക്ഷേമ പദ്ധതികൾക്കും പരസ്‌പരാശ്രയത്വത്തിനും ഒരുപോലെ പ്രയോജനപ്പെടുത്തി. ഒരു പുതിയ ഹൈവേ അല്ലെങ്കിൽ വന്ദേഭാരത് ട്രെയിൻ- ഗതാഗത അടിസ്ഥാനസൗകര്യം പുരോഗതിയുടെ തെളിവായും രൂപപ്പെടുത്തി.
വികസിപ്പിച്ച ഗതാഗത ശൃംഖലകൾ യാത്രാസമയം കുറയ്ക്കുകയും പ്രധാന ഇടനാഴികളിലെ ചരക്ക് നീക്കം മെച്ചപ്പെടുത്തുകയും ചെയ്തു. ഊർജശേഷി ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ സാമ്പത്തിക സമഗ്രത, ഭരണ നിർവഹണം, വാണിജ്യം എന്നിവയുടെ കൈമാറ്റം ഉറപ്പാക്കി. ആഗോള പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥയുടെ ആക്കം നിലനിറുത്താൻ സഹായിച്ച ഈ നേട്ടങ്ങൾ ഉത്പാദന മത്സരശേഷി, സേവന കയറ്റുമതി, ആഭ്യന്തര ഉപഭോഗം എന്നിവയെ പിന്തുണച്ചു.
2024ലെ തിരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ സഖ്യ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചാണ് സംസ്ഥാനങ്ങളിൽ മുൻഗണനകൾ നിശ്ചയിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ, പ്രാദേശിക നിയന്ത്രണങ്ങൾ, സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി എന്നിവയുടെ നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച് പുനരുപയോഗ ഊർജ്ജം, നഗരങ്ങളിലെ മൊബിലിറ്റി, വൈദ്യുതി പദ്ധതികൾ എന്നിവയിലെ സ്വകാര്യ നിക്ഷേപവുമായി ബന്ധപ്പെട്ട മേഖലകളിൽ.
സംസ്ഥാനതലത്തിലെ പരിമിതമായ നിർവഹണ ശേഷി, നന്നായി രൂപകൽപ്പന ചെയ്ത ദേശീയ പദ്ധതികളുടെ നടത്തിപ്പിൽ പോലും കാലതാമസം വരുത്തുന്നു. അതിനാൽ നിലവിൽ സഹകരണ ഫെഡറലിസത്തിന്റെ പ്രായോഗിക പരീക്ഷണമാണ് നടക്കുന്നത്. അവിടെ രാഷ്ട്രീയ ചർച്ചകളും പ്രോത്സാഹനങ്ങളും പ്രധാനമാണ്. 2010കളുടെ തുടക്കത്തിലെ ഇരട്ട ബാലൻസ് ഷീറ്റ് പ്രതിസന്ധികൾ മൂലം ബാങ്കുകളും കോർപ്പറേറ്റുകളും വഴിയുള്ള അടിസ്ഥാന സൗകര്യ വികസന പങ്കാളിത്തം പരിമിതപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്രം പൊതുവിഭവങ്ങൾ ഉപയോഗിച്ച് പദ്ധതി നടത്തിപ്പിന്റെ വലിയൊരു പങ്ക് ഏറ്റെടുത്തു. ഈ സമീപനം ഹൈവേകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പുനരുപയോഗ ഊർജം എന്നിവയിലുടനീളം അടിസ്ഥാന ആസ്തികൾ നിർമ്മിക്കാൻ ഉപകാരപ്പെട്ടു.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ സ്ഥിരതയും നിക്ഷേപക ആത്മവിശ്വാസവും സൃഷ്ടിക്കുന്നതിലാണ് രാഷ്ട്രീയവും നയപരവുമായ വെല്ലുവിളി നേരിടുന്നത്. പ്രത്യേകിച്ച് ഹരിത ഊർജ സംഭരണം, ലോജിസ്റ്റിക് പാർക്കുകൾ, നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ. ലോജിസ്റ്റിക്സ് ചെലവുകൾ പുരോഗതിയുടെയും പൂർത്തിയാകാത്ത പദ്ധതികളുടെയും വ്യക്തമായ ചിത്രം നൽകുന്നു.
ആസ്തികളുടെ പരിപാലനം
പല മേഖലകളും അർത്ഥവത്തായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ജി.ഡി.പിയുടെ ഒരു വിഹിതമെന്ന നിലയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് ചെലവ് 13-14 ശതമാനമായി തുടരുന്നു. വികസിത സമ്പദ്‌വ്യവസ്ഥകളിലെ 8-9 ശതമാനത്തെക്കാൾ കൂടുതലാണിത്. മേഖലകളുടെ സംയോജനം, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ആധുനിക വെയർഹൗസിംഗ്, റോഡ്, റെയിൽ, തുറമുഖ സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയിലൂടെ മാത്രമേ ചെലവ് കുറയ്‌ക്കാനാകൂ. നിലവിലുള്ള ആസ്തികളുടെ പരിപാലനവും അനിവാര്യമാണ്. പല ഗതാഗത, ഊർജ ആസ്തികൾക്കും യഥാർത്ഥത്തിൽ കാലാവസ്ഥാ പ്രതിരോധ ശേഷി കുറവാണ്. ഉയർന്ന പുനരുപയോഗ ശേഷിയുള്ള ഊർജ മേഖലയും ജലസുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ശേഷി വർദ്ധനവുമായി പൊരുത്തപ്പെടുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണം ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും ഇലക്ട്രോണിക്സ് നിർമ്മാണം, ഹരിത ഊർജം, നൂതന ലോജിസ്റ്റിക്സ് തുടങ്ങിയ പുതിയ മേഖലകളിൽ ഉയർന്ന ഉത്പാദനക്ഷമതയും സുസ്ഥിര തൊഴിലും സൃഷ്ടിക്കുന്നതിന് നയപരമായ ശ്രദ്ധ ആവശ്യമാണ്. ബലഹീനതകൾ മാറ്റി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണിവ.
ആഭ്യന്തരമായി നേരിടുന്ന വെല്ലുവിളികൾ മാറുന്ന ഭൗമരാഷ്ട്രീയ പരിസ്ഥിതിയുമായും ചേർത്തു വായിക്കണം. യൂറോപ്യൻ യൂണിയനുമായുള്ള സമീപകാല സമഗ്ര കരാർ, വിതരണ ശൃംഖലയിലെ വൈവിധ്യവത്കരണ ശ്രമങ്ങൾ, പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ എന്നിവ വിപണി പ്രവേശനത്തിനും നിക്ഷേപത്തിനും അവസരങ്ങൾ നൽകുന്നു.
അതേസമയം, ആഗോള സംഘർഷങ്ങളുമായി ബന്ധപ്പെട്ട തീരുവ അനിശ്ചിതത്വങ്ങളും എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളും കണക്കിലെടുക്കുമ്പോൾ ഊർജ സുരക്ഷ, ലോജിസ്റ്റിക്സ് കാര്യക്ഷമത, സ്വകാര്യമേഖല പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ ലക്ഷ്യങ്ങൾ കൈവരിക്കലും അനിവാര്യമാകുന്നു.
അടിയന്തരമായി ചെയ്യേണ്ടത്
പന്ത്രണ്ട് വർഷമായി സൃഷ്ടിച്ച അടിസ്ഥാനസൗകര്യ അടിത്തറ ഇന്ത്യയുടെ സാമ്പത്തിക ശേഷിയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഏകോപനം മെച്ചപ്പെടുത്തുക, വലിയ സ്വകാര്യ പങ്കാളിത്തമുറപ്പാക്കുക, ലോജിസ്റ്റിക്സ് പ്രശ്‌നങ്ങൾ പരിഹരിക്കുക, പുതിയതും നിലവിലുള്ളതുമായ ആസ്തികളുടെ കാലാവസ്ഥാ പ്രതിരോധശേഷി കൂട്ടുക എന്നിവയാണ് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ. വികസിത ഇന്ത്യ ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ടത്തിലെ വളർച്ച ഇവ എത്രത്തോളം ഫലപ്രദമായി പരിഹരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |