
തല ചായ്ക്കാൻ ഒരു തുണ്ട് ഭൂമിക്കായി വനത്തിൽ കുടിൽ കെട്ടി സമരം ചെയ്ത ആദിവാസികളുടെ ചരിത്രമാണ് വയനാട്ടിലെ മുത്തങ്ങയിലേത്. ഭൂസമര നായിക സി.കെ.ജാനുവും എം.ഗീതാനന്ദനുമായിരുന്നു സമര നായകർ. ഭരണകൂട ഭീകരത കണ്ണിൽ ചോരയില്ലാത്ത വിധം പട്ടിണിപ്പാവങ്ങളെ വേട്ടയാടി. കാടിന്റെയും മണ്ണിന്റെയും അവകാശികളായ ആദിവാസികളെ തല്ലിച്ചതച്ചു. വെടിവയ്പ്പിൽ ആദിവാസിയായ ജോഗി മരണപ്പെട്ടു. ഒപ്പം വിനോദ് എന്ന ഒരു പൊലീസുകാരനും. മുത്തങ്ങ ആക്ഷനിൽ പങ്കെടുത്ത ആദിവാസികളിൽ കുറെപ്പേർ രോഗം വന്ന് മരിച്ചു. കുറെപ്പേർ ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നു. ഇവർക്കൊപ്പം ഒരു നിരപരാധിയെയും അന്ന് പൊലീസ് വേട്ടയാടി. സുൽത്താൻ ബത്തേരി ഡയറ്റിലെ ഗസറ്റഡ് അദ്ധ്യാപകനായ കെ.കെ.സുരേന്ദ്രനെ. അതിമൃഗീയമായ മർദ്ദനമായിരുന്നു അന്ന്. കർണപുടം തകർന്നു. എങ്കിലും അദ്ദേഹം നീതിക്കായി പോരാടി. ഒടുവിൽ നീതി ലഭിച്ചു. ഒടുവിൽ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുന്നു.
മുഖ്യമന്ത്രി വി.ഡി.സതീശന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് നഷ്ടപരിഹാരം അനുവദിച്ച ഉത്തരവിറക്കിയത്. മുഖ്യമന്ത്രി ആന്റണിയുടെ നേതൃത്വത്തിലുളള ഭരണത്തിൽ നിന്നുള്ള മർദ്ദനത്തിന് ഒടുവിൽ സതീശൻ മുഖ്യമന്ത്രിയായുള്ള ഭരണത്തിൽ നിന്ന് നീതി. സുരേന്ദ്രന് ഇനി ഉറങ്ങാം, മനസമാധാനത്തോടെ. കടന്നുപോയ ദിനരാത്രങ്ങൾ സുരേന്ദ്രനും ഉറക്കമില്ലാ രാവുകളായിരുന്നു. സമരവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന സുരേന്ദ്രനെ വെറുതെ തല്ലിച്ചതച്ചു.
മുത്തങ്ങ വനത്തിൽ 2003ൽ ആദിവാസി ഗോത്രമഹാസഭ നയിച്ച ഭൂസമരവുമായി ബന്ധപ്പെട്ട കേസിലാണ് നിരപരാധിയായ സുരേന്ദ്രനെ പ്രതിയാക്കിയത്. ഗൂഢാലോചന, വനത്തിൽ കുടിയിറക്ക് നടന്ന ദിവസമുണ്ടായ പൊലീസുകാരന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. തുടക്കത്തിൽ ലോക്കൽ പൊലീസും ക്രൈംബാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐക്കു വിട്ടു. സി.ബി.ഐ കുറ്റപത്രത്തിൽ സുരേന്ദ്രൻ പ്രതിയായിരുന്നില്ല. 2004ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്. 2018ൽ ഡയറ്റിൽ നിന്നും വിരമിച്ചു.
സർക്കാർ അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ബത്തേരി സബ് കോടതി 2021 ജനുവരിയിൽ ഉത്തരവിട്ടു. അഡ്വ.കെ.എൻ. മോഹനൻ മുഖേന നൽകിയ ഹർജിയിൽ ജഡ്ജ് അനിറ്റ് ജോസഫിന്റേതാണ് വിധി. സർക്കാർ തുക നൽകണമെന്നും ബന്ധപ്പെട്ട കക്ഷികളിൽ നിന്നും ഈടാക്കാമെന്നും വ്യക്തമാക്കി. അന്യായമായ അറസ്റ്റിനും കർണപുടം തകരും വിധത്തിൽ ക്രൂരമായി മർദിച്ചതിനും 14 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വയനാട് കളക്ടർ, കോഴിക്കോട് ജില്ലാ പൊലീസ് മേധാവി, ബത്തേരി സർക്കിൾ ഇൻസ്‌പെക്ടർ വി. ദേവരാജ്, എസ്.ഐ പി. വിശ്വംഭരൻ, എ.എസ്.ഐ സി.എം. മത്തായി, ഹെഡ് കോൺസ്റ്റബിൾ വസന്തകുമാർ, കോൺസ്റ്റബിൾ കെ.ആർ.രഘുനാഥൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വർഗീസ് എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി.
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു പകരം ബത്തേരി സബ് കോടതി ഉത്തരവിനെതിരെ മുൻ സർക്കാർ അപ്പീൽ സമർപ്പിച്ചു. അപ്പീൽ 2026 മാർച്ച് 16ന് തള്ളിയ ജില്ലാ സെഷൻസ് കോടതി മൂന്ന് മാസത്തിനകം നഷ്ടപരിഹാരം അനുവദിക്കണമെന്ന് നിർദ്ദേശിച്ചു. നഷ്ടപരിഹാരം ലഭിക്കാതായതോടെ സുരേന്ദ്രൻ ജില്ലാ സെഷൻസ് കോടതിയിൽ നടത്തിപ്പുഹർജി ഫയൽ ചെയ്തിരുന്നു. ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുത്തങ്ങ കേസിൽ 2003 ഫെബ്രുവരി 23നാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്യുന്നത്. പിറ്റേന്നു കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായി. കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി മാർച്ച് 30ന് ജയിൽമോചിതനായി.
സതീശൻ സർക്കാരിലൂടെ നീതി ലഭ്യമായതിൽ സന്തോഷം
നീതി നിഷേധങ്ങൾക്കൊടുവിൽ സതീശൻ സർക്കാരിലൂടെ നീതി ലഭ്യമായതിൽ സന്തോഷമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. അനുകൂല വിധിയുണ്ടായതിൽ സന്തോഷമുണ്ട്. അന്ന് ഭരണകൂട ഭീകരതയ്ക്കെതിരെ ആദിവാസികൾക്കൊപ്പം ഉറച്ചുനിന്നത് വി.എസ്.അച്യുതാനന്ദൻ മാത്രമായിരുന്നു. ഏതെല്ലാം തടസങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ സത്യം ജയിച്ചതിൽ ആശ്വസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പീലിന് പോകേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. പലിശയടക്കമുള്ള 12.5 ലക്ഷവും മർദ്ദനത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈടാക്കാനും, എത്രയും വേഗം ലഭ്യമാക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകയായ പ്രൊഫ.കുസുമം ജോസഫിനൊപ്പം സുരേന്ദ്രൻ മുഖ്യമന്ത്രി വി.ഡി.സതീശനെ തിരുവനന്തപുരത്ത് സന്ദർശിച്ചിരുന്നു. അന്ന് നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിച്ചത്.
സുരേന്ദ്രൻ ആ ദിവസം ഓർമ്മിക്കുന്നു
'പണിയനായാലും ദളിതനായാലും കണക്കാ "
2003 ഫെബ്രുവരി 22ന് പതിവ് പോലെ രാവിലെ ഓഫീസിലെത്തിയതായിരുന്നു സുരേന്ദ്രൻ. എസ്.ഐ വിശ്വംഭരന്റെ നേതൃത്വത്തിൽ ഒരു സംഘം പൊലീസ് ഇരച്ചെത്തി. 'ആരാടാ സുരേന്ദ്രൻ " എന്ന് അലറിക്കൊണ്ട് അട്ടഹസിച്ചു. ഞാനാണ് സുരേന്ദ്രൻ എന്നുപറഞ്ഞ് എഴുന്നേറ്റ് നിന്നപ്പോൾ കോളറിന് പിടിച്ച് വായുവിലൂടെയെന്ന വണ്ണം പുറത്തേക്ക് വലിച്ച് കൊണ്ടുപോയി ജീപ്പിലേക്ക് എറിഞ്ഞു. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേക്കായിരുന്നു പോക്ക്. അവിടെ സ്റ്റേഷന് മുന്നിൽ വൻ ജനക്കൂട്ടം. ജാനുവിനെയും ഗീതാനന്ദനെയും അറസ്റ്റ് ചെയ്ത് കൊണ്ടുവന്നിരുന്നു. അതിഭീകരമായ മർദ്ദനമേറ്റ സി.കെ. ജാനുവിന്റെ മുഖത്ത് നീര്. ഗീതാനന്ദന്റെ വാരിയെല്ലും തകർന്നു. ഐ.ജിയായിരുന്ന എൻ.ശങ്കർ റെഡിയുമുണ്ട് അവിടെ.
ദേവരാജൻ സി.ഐ പുറത്തേക്ക് കൊണ്ടുവന്ന് മുഷ്ടി ചുരുട്ടി മർദ്ദിക്കാൻ തുടങ്ങി. വേദന കൊണ്ട് പുളഞ്ഞു. ചുമരിന് അഭിമുഖമായി നിറുത്തി പുറത്ത് ആഞ്ഞ് ചവുട്ടി. പൊലീസുകാരൻ വിനോദ് മരണപ്പെട്ടതിന്റെ ദേഷ്യം തീർക്കലാണ്.
നീയും പണിയനാണോടാ എന്ന് ചോദിച്ചു. അല്ലെന്ന് പറഞ്ഞപ്പോൾ പണിയനായാലും ദളിതനായാലും എല്ലാം കണക്കാണെന്ന് പറഞ്ഞായി മർദ്ദനം. സ്റ്റേഷനിൽ നിറയെ ആദിവാസി സ്ത്രീകളും കുട്ടികളും. അവരെയും മർദ്ദിച്ചു. ആദിവാസി സ്ത്രീകളെയും കുട്ടികളെയും കണ്ടപ്പോൾ എല്ലാ വേദനകളെയും അതിജീവിക്കാനുള്ള ആത്മബലം കിട്ടി. ഇത് ചരിത്രപരമായ മുഹൂർത്തമാണെന്ന തോന്നൽ. ജഡ്ജിയായ നിസാർ അഹമ്മദിന് മുന്നിൽ ഹാജരാക്കിയപ്പോൾ അതിക്രൂരമായ മർദ്ദനമേറ്റ വിവരം അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്. ഡയറ്റിന്റെ പേരിലുളള ഫോൺ നമ്പർ ഗീതാനന്ദന്റെ ഡയറിയിൽ നിന്ന് ലഭിച്ചു എന്നതിന്റെ പേരിലായിരുന്നു ഈ മർദ്ദനവും ആക്രോശവുമെല്ലാം. സുരേന്ദ്രൻ ആ ദിവസം ഓർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |