
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് മത്സ്യ സമ്പത്ത്. അതുകൊണ്ടാണ് മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നത്. പ്രജനനകാലത്തിന് തടസമുണ്ടാക്കാതിരിക്കുകയാണ് ലക്ഷ്യം. എന്നാൽ അടുത്ത കാലത്തായി കേരളത്തിന്റെ തീരങ്ങളിൽ ചെറുമീൻ കൊള്ള വ്യാപകമായി നടക്കുന്നത് ട്രോളിംഗ് നിരോധനത്തെ അട്ടിമറിക്കുന്ന രീതിയിലുള്ള മത്സ്യക്കൊള്ളയ്ക്ക് ഇടയാക്കുന്നു.കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇത് നടക്കുന്നുണ്ടെങ്കിലും മലബാറിലാണ് കൊള്ളയ്ക്ക് ചുക്കാൻ പിടിക്കുന്ന ലോബി പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. മത്തിയും അയലയുമാണ് പ്രധാനമായും ഡബിൾ വല ഉപയോഗിച്ച് പിടിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ഇത് പ്രധാനമായും കയറ്റി അയക്കുന്നത്. കൊള്ള ലാഭവും കിട്ടും. എന്നാൽ ഭാവിയിലെ മത്സ്യ സമ്പത്ത് ക്രമാതീതമായി കുറയാൻ ഇത് കാരണമാകുന്നു. കൊള്ളലാഭം ലക്ഷ്യം വച്ച് കോഴിക്കോട് ജില്ലയിലെ തീരമേഖലയിലും കുഞ്ഞുമത്സ്യങ്ങളെ പിടികൂടുന്നുണ്ട്. ഫിഷറീസ് വകുപ്പാണ് സംസ്ഥാനത്തെ ചെറുമീൻ കൊള്ളയ്ക്ക് തടയിടേണ്ടത്. എന്നാൽ പേരിന് മാത്രം നടപടിയെടുത്ത് അവർ കണ്ണടയ്ക്കുന്നുവെന്നാണ് ആക്ഷേപം. കർശന നടപടികളിലേയ്ക്ക് വകുപ്പ് നീങ്ങുന്നില്ലത്രെ.
കോഴിക്കോട് ജില്ലയിലെ ചാലിയം, കൊയിലാണ്ടി, ചോമ്പാല, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ലോഡ് കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത്. ഫിഷ് മീൽ, ഫിഷ് ഓയിൽ, ഫിഷ് പൗഡർ എന്നിവയുണ്ടാക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകർ പറയുന്നു. ആന്ധ്ര, ഒഡിഷ, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. മത്സ്യ തീറ്റയും മറ്റുമുണ്ടാക്കാൻ വലിയ മീനുകളെക്കാൾ കുഞ്ഞുമീനുകളാണത്രെ നല്ലത്. ആവശ്യം കൂടിയതോടെ മത്സ്യക്കുഞ്ഞുങ്ങളുടെ വിലയും കൂടി. മുൻപ് വില കുറച്ചാണ് വിറ്റിരുന്നത്. എന്നാലിപ്പോൾ ഡിമാന്റ് കൂടിയതോടെ വിലയും കൂടി.
കാസർകോട് മുതൽ തൃശൂർ ജില്ലയിലെ ചേറ്റുവ വരെയുള്ള തീരദേശത്താണ് കൂടുതലും ചെറുമീൻ കൊള്ള നടക്കുന്നത്. 10 മുതൽ 40 ലോഡ് വരെ ചില ദിവസങ്ങളിൽ കയറ്റി അയക്കുന്നുണ്ടെന്നാണ് വിവരം. വലിയ മീനുകൾ കയറ്റുന്നതിനെക്കാൾ വലിയ പെട്ടികളിലാക്കിയാണ് കയറ്റി അയക്കുന്നത്. മലപ്പുറം ജില്ലയലെ താനൂർ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെറുമീനുകളെ ദിനംപ്രതി കയറ്റി അയക്കുന്നുവെന്ന് മത്സ്യ വ്യാപാരികൾ പറയുന്നു. ആന്ധ്രയിലെ വനാമി ചെമ്മീൻ ഫാമുകൾക്ക് തീറ്റയ്ക്കായി ഉപയോഗിക്കുന്നു. കോഴിത്തീറ്റയുണ്ടാക്കാനും ചെറുമീൻ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ കയറ്റിയ അയക്കുന്നത് നീണ്ടകര, ശക്തികുളങ്ങര (കൊല്ലം) ഹാർബറുകളിൽ നിന്നാണ്. കേരളത്തിലെ ചെറുമീൻ, മംഗലാപുരം, തൂത്തുക്കുടി, കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കും പോകുന്നുണ്ട്. വകുപ്പു മന്ത്രിക്ക് നിവേദനം നൽകിയിട്ടും ചെറുമീൻ പിടിത്തം നിയന്ത്രിക്കാൻ നടപടിയില്ലെന്ന് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. കേരളത്തിലും ഇപ്പോൾ ഫിഷ് മില്ലുകൾ മുളച്ചു പൊന്തുന്നുണ്ട്. കേരളത്തിനകത്തും ചെറുമീനുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
ഭാവിയിൽ മത്സ്യ സമ്പത്ത് കുറയും
പ്രജനന ശേഷിയെത്തും മുൻപ് ചെറുമീനുകളെ പിടിക്കുന്നത് മത്സ്യ സമ്പത്തിന് കടുത്ത ഭീഷണിയാണ്. ഭാവിയിൽ കടലിൽ നിന്ന് കിട്ടുന്ന മത്സ്യത്തിന്റെ അളവ് ഗണ്യമായി കുറയും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും. കടലിൽ നിന്ന് പിടിക്കാവുന്ന മീനിന്റെ വലിപ്പം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ട്. മത്തിക്ക് 10 സെന്റിമീറ്ററും അയലയ്ക്ക് 15 സെന്റീമീറ്ററുമാണ് നിബന്ധന. ഇവയിൽ താഴെയുള്ളവ പിടിക്കുന്നത് ശിക്ഷാർഹമാണ്. 58 ഇനം മീനുകൾക്കാണ് പിടിക്കുന്നതിന് വലിപ്പം സംബന്ധിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സമുദ്ര മത്സ്യബന്ധന നിയമ പ്രകാരമാണിത്. ചെറുമീനുകൾ പിടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഫിഷറീസ് വകുപ്പാണ്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചും അവരുടെ മൗനാനുവാദത്തോടെയുമുള്ള ചെറുമീൻ കൊള്ള തടയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മാഫിയയ്ക്കെതിരെ കർശന നടപടി വേണമെന്ന് മത്സ്യ തൊഴിലാളിഫെഡറേഷൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞുമത്സ്യങ്ങളെ കടത്തിക്കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് നേരെയും നടപടി വേണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി ടി. രഘുവരനും ആവശ്യപ്പെട്ടു. കർശന നടപടി ആവശ്യപ്പെട്ട് ആലപ്പുഴയിലെ മത്സ്യവ്യാപാരികളിൽ ചിലർ ഫിഷറീസ് ഡയറക്ടർക്ക് പരാതി നൽകി. പെട്ടെന്ന് പണമുണ്ടാക്കാനായി നടത്തുന്ന കൊടുംക്രൂരതയാണിത്. ക്രമേണ ഇത് കടൽത്തീരത്തെ വറുതിയിലേക്ക് നയിക്കും. കടലിന്റെ ആവാസ വ്യവസ്ഥയെത്തന്നെ ഇത് ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുകയാണ് വേണ്ടത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കേരളത്തിലെ പരമ്പരാഗത മത്സ്യ തൊഴിലാളികളെയും സംരക്ഷിക്കാൻ നടപടിയുണ്ടാകണം. ഫിഷറീസ് വകുപ്പും സർക്കാരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |