
അരനൂറ്റാണ്ടിലേറെയായി അറബിക്കടലിന്റെ അക്കരെയെത്തി, മരുഭൂമിയിലെ ചൂടിൽ വിയർപ്പൊഴുക്കിയ ദശലക്ഷക്കണക്കിന് മലയാളികളുടെ കഥയാണ് നവകേരളത്തിന്റെ അടിത്തറ. യു.എ.ഇയും സൗദിയും ഖത്തറും കുവൈറ്റും ഒമാനും ബഹ്റൈനുമെല്ലാം അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകളേകി. വീടുകളിലേക്ക് ഒഴുകിയെത്തിയ 'മണി ഓർഡറുകൾ' കൊണ്ട് നാം അടച്ചുറപ്പുള്ള വീട് പണിതു, കുഞ്ഞുങ്ങളെ ഉന്നത വിദ്യാഭ്യാസം ചെയ്യിച്ചു, കുടുംബങ്ങളെ ചേർത്തുപിടിച്ചു. ഇനിയിപ്പോൾ കേരളത്തിന്റെ സാമ്പത്തിക ഭാവി മാറ്റിത്തീർക്കാനുള്ള ശേഷിയുണ്ട്.
--------------------------------------------------------------------------
പതിറ്റാണ്ടായി ഗൾഫുമായുള്ള കേരളത്തിന്റെ ബന്ധം അവിടത്തെ പ്രവാസ സമൂഹം അയക്കുന്ന സമ്പാദ്യത്തിൽ അധിഷ്ഠിതമായിരുന്നു. അടുത്തഘട്ടം ഈ മനുഷ്യബന്ധം നിക്ഷേപ പങ്കാളിത്തവും സംരംഭകത്വവും നവീകരണവും തൊഴിലവസരങ്ങളും ഒക്കെയാക്കി മാറ്റുക എന്നതാണ്. ഗൾഫുമായി കേരളത്തിനുള്ളത് പോലുള്ള ആഴമേറിയ കുടിയേറ്റ അനുഭവം ഏറെ പ്രദേശങ്ങൾക്കില്ല. അര നൂറ്റാണ്ടിലേറെയായി ദശലക്ഷക്കണക്കിന് മലയാളികളാണ് യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും കുവൈറ്റിലേക്കും ഒമാനിലേക്കും ബഹ്റിനിലേക്കുമെക്കെ ജീവസന്ധാരണം തേടിപ്പോയത്. അവർ നൽകിയ സംഭാവനകൾ അസാധാരണമാണ്. ഗൾഫിൽ നിന്നുള്ള സമ്പാദ്യം നാട്ടിൽ വീടു നിർമ്മാണത്തിനും തലമുറകളെ വിദ്യാഭ്യാസം ചെയ്യിക്കാനും കുടുംബങ്ങളെ താങ്ങി നിറുത്താനും പ്രാദേശിക ബിസിനസ് സംരംഭം തുടങ്ങാനുമൊക്കെ ഉപകരിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക ചുറ്റുപാടുകളെ മാറ്റിത്തീർത്തു. ഇങ്ങനെ വിവിധ രാജ്യങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന മലയാളികളുടെ സംഭാവനകൾ പരിഗണിക്കാതെ കേരളത്തിന്റെ ആധുനിക സമ്പദ്ഘടന മനസിലാക്കാനാവില്ല. എന്നാൽ ഇപ്പോൾ ഇതിനേക്കാൾ വലിയ ചോദ്യം ഉന്നയിക്കേണ്ട സമയമാണ്. ഗൾഫ് നാടുകളിൽ നിന്ന് പണമയക്കുന്ന രീതിയിൽ നിന്ന് അതിനെ സാമ്പത്തിക വളർച്ചയ്ക്കുതകും വിധം നിക്ഷേപ പങ്കാളിത്തത്തിലേക്ക് പരിവർത്തിപ്പിക്കാനാകുമോ എന്നതാണത്. ഉറച്ച ഒരു യെസ് ആണ് അതിനുള്ള ഉത്തരം. 2023 ലെ കേരളത്തിന്റെ കുടിയേറ്റ സർവേ റിപ്പോർട്ടനുസരിച്ച് കേരളത്തിലേക്ക് ഗൾഫിൽ നിന്ന് അയച്ചുകൊണ്ടിരുന്ന പണം ഏകദേശം 2.17 ലക്ഷം കോടിയാണ്. 2018 ൽ 85,000 കോടിയുണ്ടായിരുന്ന സ്ഥാനത്താണ് അഞ്ചുവർഷം കൂടി കഴിഞ്ഞപ്പോൾ ഇത്രയും വലിയ വർദ്ധനവുണ്ടായത്. ഇത് ഗൾഫ് കുടിയേറ്റത്തിന്റെയും അവർ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു നൽകുന്ന സംഭാവനയുടെയും പ്രാധാന്യം തെളിയിക്കുന്നതാണ്.
സംരംഭകത്വത്തിന്റെ പുത്തൻകാലം
എന്നാൽ കേവലം പണമയക്കുന്നത് കൊണ്ടു മാത്രമായില്ല. വീടുകളിലേക്ക് അയക്കുന്ന പണം വീട്ടിലെ അവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും വീട് നിർമ്മാണത്തിനുമൊക്കെ ചെലവഴിക്കുന്നു. പക്ഷെ, ഇങ്ങനെ അയക്കുന്ന പണത്തിന്റെ ബലത്തിൽ ഇനി കൂടുതൽ പ്രത്യുത്പാദനപരമായ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനുള്ള സംവിധാനത്തെപ്പറ്റിയാണ് ആലോചിക്കേണ്ടത്. അയക്കുന്ന പണം നാട്ടിലെ കുടുംബം നിലനിറുത്താൻ സഹായകമാണ്. എന്നാൽ അതൊരു നിക്ഷേപമായി മാറ്റിയാൽ പല തലമുറകളിലേയും നിരവധി കുടുംബങ്ങൾക്ക് അവസരമൊരുക്കും. ഇത്തരമൊരു മാറ്റം കൊണ്ട് കേരളത്തിന് വലിയ നേട്ടങ്ങളുണ്ടാകും. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കുടിയേറിയിട്ടുള്ളവർ കൂലി സമ്പാദിക്കുന്ന സമൂഹം മാത്രമല്ല. കഴിഞ്ഞ പതിറ്റാണ്ടുകളായി മലയാളികൾ പല വിജയകരമായ സംരംഭങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. പ്രൊഫഷണൽ ജോലികളും മാനേജ്മെന്റ് ജോലികളും വിപുലമായ വാണിജ്യ ശൃംഖലകളും ഒക്കെ ഗൾഫിൽ അങ്ങോളമിങ്ങോളം സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് അന്താരാഷ്ട്ര വിപണിയെപ്പറ്റിയും ബിസിനസ് രീതികളെപ്പറ്റിയും പുതുതായുണ്ടാകുന്ന സാങ്കേതിക വിദ്യയെപ്പറ്റിയും ആഗോള നിക്ഷേപകരുടെ ആവശ്യങ്ങളെപ്പറ്റിയുമൊക്കെ അറിയാം. കാലങ്ങളായി കൈവന്ന ഈ അനുഭവം കേരളം ഇതേവരെ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത സാമ്പത്തിക ആസ്തിയാണ്. അതുകൊണ്ട് കേരളം കൂടുതൽ ലക്ഷ്യബോധമുള്ള പ്രവാസി നിക്ഷേപ സാദ്ധ്യതകൾ ആരായണം. ഏതൊക്കെ മേഖലകളിൽ ഇത്തരം നിക്ഷേപം കൊണ്ടുവരാമെന്ന് ആദ്യം കണ്ടെത്തണം.
ആരോഗ്യം മുതൽ വിനോദസഞ്ചാരം വരെ
ആരോഗ്യ പരിപാലനം തുടക്കത്തിൽ ഉപയോഗപ്പെടുത്താവുന്ന മേഖലയാണ്. ആരോഗ്യ സേവനങ്ങൾ, നഴ്സിംഗ് വിദ്യാഭ്യാസം, ആരോഗ്യപരിപാലന പ്രൊഫഷണലുകൾ എന്നിവയിലുള്ള കേരളത്തിന്റെ ഖ്യാതി ഗൾഫിലുടനീളം അറിയപ്പെടുന്നതാണ്. അവിടത്തെ കുടിയേറ്റക്കാരുടെ പിന്തുണയോടെയുള്ള നിക്ഷേപം കൊണ്ട് സ്പെഷ്യലൈസ്ഡ് ആശുപത്രികളും മെഡിക്കൽ ടെക്നോളജിയും റീഹാബിലിറ്റേഷൻ സൗകര്യങ്ങളും ആരോഗ്യപരിപാലന പരിശീലനവും ഗവേഷണ സ്ഥാപനങ്ങളുമൊക്കെ ഒരുക്കാനാവും.
ടൂറിസമാണ് മറ്റൊരു രംഗം. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, സുഖചികിത്സാ പാരമ്പര്യം, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നിവ ഗൾഫിലെ സംരംഭകരുടെ നിക്ഷേപം ആകർഷിക്കാൻ ഉതകുന്ന ഘടകങ്ങളാണ്. സാങ്കേതികവിദ്യയും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുമാണ് മറ്റൊരു മേഖല. കേരളത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള ജനങ്ങളുണ്ട്. അതുപോലെ, ടെക്നോളജി പാർക്കും വളർന്നുവരുന്ന സംരംഭകത്വ ആവാസ വ്യവസ്ഥയുമുണ്ട്. ഗൾഫിൽ കേന്ദ്രീകരിക്കുന്ന മലയാളി പ്രൊഫഷണലുകൾക്ക് ലോക്കൽ സ്റ്റാർട്ടപ്പുകളെ അന്താരാഷ്ട്ര മൂലധനവുമായും ഉപഭോക്താക്കളുമായും വാണിജ്യ പങ്കാളികളുമായും ബന്ധപ്പെടുത്താൻ കഴിയും. എ.ഐ, സാമ്പത്തിക സാങ്കേതിക വിദ്യ, ആരോഗ്യപരിപാലന സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, സ്പെഷ്യലൈസ്ഡ് ഡിജിറ്റൽ സേവനം എന്നിവയിൽ ഇതേറെ പ്രസക്തമാണ്. അതിന്റെ ലക്ഷ്യം വിദേശത്തു നിന്ന് പണം ആകർഷിക്കുക മാത്രമല്ല. മറിച്ച് , കേരളത്തിന്റെ പ്രതിഭയെ അന്താരാഷ്ട്ര സാദ്ധ്യതകളുമായി ബന്ധിപ്പിക്കലാണ്. ഗൾഫുമായി സമീപകാലത്ത് ഇന്ത്യക്കുള്ള സാമ്പത്തിക ബന്ധം കാലികപ്രസക്തവുമാണ്.
പ്രവാസി താത്പര്യങ്ങൾ സംരക്ഷിക്കണം
എന്നാൽ നിക്ഷേപം കേവലം വൈകാരിക അടുപ്പത്തെ മാത്രം ആശ്രയിച്ചുള്ളതല്ല. പ്രവാസിമലയാളികൾക്ക് അവരുടെ സ്വന്തം നാടിനോട് ആഴമേറിയ പ്രതിബദ്ധത ഉണ്ടാകും. എന്നാൽ അവർ നിക്ഷേപം നടത്തണമെങ്കിൽ, വാണിജ്യസാദ്ധ്യത കൂടി വേണം. നിയമപരമായ വ്യക്തത വേണം. തുടങ്ങുന്ന സ്ഥാപനങ്ങൾക്ക് വിശ്വാസ്യതയും ഉണ്ടായിരിക്കണം. കേരളം നിക്ഷേപങ്ങൾ എളുപ്പത്തിലാക്കണം. ചെറുകിട നിക്ഷേപകർക്ക് സവിശേഷ പ്രാധാന്യം നൽകണം. ഓരോ വിദേശ മലയാളിയും സമ്പന്നനായ സംരംഭകനാണെന്ന് കരുതരുത്,
നിയമപരമായ നിക്ഷേപ ഫണ്ട്, അനുയോജ്യമായ നിക്ഷേപ ഘടന, വിശ്വസനീയമായ പങ്കാളിത്തം എന്നിവയ്ക്ക് കൂട്ടുസംരംഭങ്ങൾ ശക്തിപ്പെടുത്താൻ കഴിയും. അതു പോലെ, യാഥാർത്ഥ്യ ബോധമില്ലാത്ത വാഗ്ദാനങ്ങളിൽ നിന്നും, മോശം പദ്ധതികളിൽ നിന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണം. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതും പ്രധാനപ്പെട്ടതാണ്.
നിരവധി മലയാളികൾ വലിയ സമ്പാദ്യവും, സാങ്കേതിക വൈദഗ്ദ്ധ്യവും, മാനേജ്മെന്റ് അനുഭവങ്ങളുമൊക്കെയായി ബിസിനസ് തുടങ്ങാനുളള താത്പര്യത്തോടെയാണ് നാട്ടിലേക്കു വരുന്നത്. എന്നാൽ, നാട്ടിൽ ഇത് തുടങ്ങാനായി പലർക്കും കറങ്ങി നടക്കേണ്ട സ്ഥിതിയുണ്ടാകുന്നു. ഇതു പരിഹരിക്കപ്പെടണം. വിദേശങ്ങളിലേക്ക് കുടിയേറിയവരുമായുള്ള കേരളത്തിന്റെ ബന്ധം കൂടുതൽ സഹകരണാത്മകമാകണം. സർവകലാശാലകൾക്ക് ഗൾഫിലുള്ള പ്രൊഫഷണലുകളുമായി പാർട്ണർഷിപ്പ് ഉണ്ടാക്കാം, സ്റ്റാർട്ടപ്പ് ഇൻകുബേറ്റേഴ്സിന് വിദേശങ്ങളിലെ മാർഗദർശികളുമായി ബന്ധപ്പെടാം. അടുത്ത സാമ്പത്തിക അദ്ധ്യായം ഈ നേട്ടത്തിലായിരിക്കണം എഴുതിച്ചേർക്കേണ്ടത്. ഗൾഫ് ബന്ധം ഇതു സാദ്ധ്യമാക്കാൻ സഹായിക്കും. കേരളത്തിന്റെ കുടിയേറ്റത്തിന്റെ കഥ ഇനി ഇങ്ങോട്ടേയ്ക്കു വരുന്ന പണത്തെപ്പറ്റിയായിരിക്കില്ല. മറിച്ച് എത്ര ബിസിനസ് സംരംഭങ്ങൾ തുടങ്ങി എന്നതിനെയും, എത്ര തൊഴിൽ സൃഷ്ടിച്ചു എന്നതിനെയും , ഇതിൽ നിന്നെല്ലാം എത്ര നീണ്ടു നിൽക്കുന്ന പുരോഗതി കൈവരിക്കുന്നു എന്നതിനെയും ആശ്രയിച്ചായിരിക്കും. ഗൾഫുമായുള്ള ബന്ധം പണ്ടേ കേരള സമൂഹത്തെ പരിവർത്തിപ്പിച്ചിട്ടുണ്ട്. ഇതിന് ഇനിയിപ്പോൾ കേരളത്തിന്റെ സാമ്പത്തിക ഭാവി മാറ്റിത്തീർക്കാനുള്ള ശേഷിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |