
അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകളിൽ പബ്ലിക് സർവീസ് കമ്മിഷൻ രണ്ടുഘട്ട പരീക്ഷ നടപ്പാക്കിയത് ആറുവർഷം മുൻപാണ്. ആദ്യം പൊതു സ്ക്രീനിംഗ് ടെസ്റ്റും ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്‌തിക പ്രകാരമുള്ള രണ്ടാം പരീക്ഷയും. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പയിൻഡ് പ്രിലിമിനറി പരീക്ഷ മാതൃകയിലാണിത് എന്നായിരുന്നു പരിഷ്കാരം നടപ്പാക്കുമ്പോൾ അന്നത്തെ ചെയർമാൻ എം.കെ.സക്കീർ പറഞ്ഞത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികകൾക്ക് വെവ്വേറെ സ്ക്രീനിംഗ് പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചത്.
ഓരോ പരീക്ഷയ്‌ക്കും ലഘുവായതും കഠിനമായതുമായ ചോദ്യങ്ങൾ നിശ്ചിത എണ്ണം വീതം ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ തയ്യാറാക്കാൻ ചോദ്യകർത്താക്കൾക്ക് നിർദ്ദേശം നൽകിയത്. ഇവയുടെ മാർക്ക് സമീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ 'കിറുകൃത്യമാകും' എന്നായിരുന്നു പി.എസ്.സിയുടെ വാദം. തുടക്കത്തിൽ നല്ല തീരുമാനം എന്നാണ് പലരും കരുതിയതെങ്കിലും പിന്നീടാണ് ഇതിന്റെ അപകടം മനസിലായത്.
ഓരോ ഘട്ടങ്ങളിലും നടത്തുന്ന പരീക്ഷകൾ വ്യത്യസ്ത നിലവാരത്തിൽ ഉള്ളതാണെന്ന് പരാതി ഉയർന്നു. ചില ഘട്ടത്തിലെ പരീക്ഷയ്‌ക്കുള്ള ചോദ്യങ്ങൾ കടുപ്പവും മറ്റു ചിലതിൽ ലളിതവുമായി. വ്യത്യസ്ത ചോദ്യകർത്താക്കളുടെ 'നിലവാരം' അനുസരിച്ച് ഓരോ ഘട്ടത്തിലെയും ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ ചില ഘട്ടങ്ങളിലെ പരീക്ഷ എളുപ്പമുള്ളതും മറ്റുചിലത് കടുപ്പമേറിയതുമായി. ഇതോടെ കടുപ്പമേറിയ പരീക്ഷ എഴുതിയവർ ഒന്നടങ്കം ലിസ്റ്റിൽ നിന്ന് പുറത്താവുന്ന സ്ഥിതിയായി. ഇത്തരത്തിൽ ഘട്ടങ്ങളായി നടത്തുന്ന പരീക്ഷകളിലെ മാർക്ക് സമീകരണം യുക്തി രഹിതമാണെന്ന് ഉദ്യോഗാർത്ഥികൾക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.
പല ഘട്ടങ്ങളിലും ഉത്തരമില്ലാത്തതും തെറ്റായതുമായ ചോദ്യങ്ങൾ പതിവായി. അതിനാൽ, ഇതിൽ പലതും റദ്ദാക്കേണ്ടിയും വന്നു. 2024ൽ പി.എസ്.സി നടത്തിയ ബിരുദതല പ്രിലിമിനറി പരീക്ഷയിൽ ആകെ 31 ചോദ്യങ്ങളാണ് ഉത്തരമില്ലാത്തതിനാൽ റദ്ദാക്കിയത്. ഈ പരീക്ഷയുടെ ആദ്യഘട്ടത്തിൽ ഏഴും രണ്ടാംഘട്ടത്തിൽ എട്ടും ചോദ്യങ്ങളാണ് റദ്ദാക്കേണ്ടി വന്നത്. മൂന്നാം ഘട്ട പരീക്ഷയിൽ മാത്രം റദ്ദാക്കിയത് 16 ചോദ്യങ്ങൾ. ഇത് കേവലം ഒരു ഉദാഹരണം മാത്രമാണ്.
ഇങ്ങനെ പല പരീക്ഷകളിൽ 'ലഘുവും ഗുരുവും ' മാറി മറിഞ്ഞതോടെ
വിവിധ ഘട്ടങ്ങളെ കൂട്ടിച്ചേർത്ത് മാർക്ക് സമീകരണം എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് ഉദ്യോഗാർത്ഥികളോട് പറഞ്ഞു മനസിലാക്കാൻ പോലും പി.എസ്.സിക്ക് കഴിയാത്ത സ്ഥിതിയായി. പരിഷ്‌കാരം തലതിരിഞ്ഞതാണെന്ന് മനസിലാക്കിയതോടെ പത്താം തരം, പ്ലസ്‌ടു യോഗ്യതയുള്ള തസ്തികകളിൽ പ്രാഥമിക പരീക്ഷ ഒഴിവാക്കുന്നതായി 2023 നവംബർ 13ന് പി.എസ്.സി പ്രഖ്യാപിച്ചു. സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കും പ്രാഥമിക പരീക്ഷ ഒഴിവാക്കി. എന്നാൽ ബിരുദതല പരീക്ഷകളിൽ ഒഴിവാക്കിയിട്ടില്ല.
പ്രഖ്യാപനത്തിനുശേഷം നടന്ന ജില്ലാതല ലാസ്റ്റ് ഗ്രേഡ്,എൽ.ഡി ക്ലർക്ക് തസ്തികകളിൽ ഒറ്റ പരീക്ഷ മാത്രമാക്കിയെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ നടത്തുന്ന കമ്പനി/ബോർഡ്/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ്,എൽ.ഡി ക്ലർക്ക് തസ്തികകളിൽ ഈ പരിഷ്‌കാരം ഇപ്പോഴും തുടരുകയാണ്.
എങ്ങനെയാണ് മാർക്ക് സമീകരണം നടത്തുന്നതെന്നും എന്താണ് അതിന്റെ മാനദണ്ഡമെന്നും ഉദ്യോഗാർത്ഥികളെ കൃത്യമായി ബോദ്ധ്യപ്പെടുത്താൻ പി.എസ്.സിക്ക് ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്. അതുചെയ്യാതെ, പി.എസ്.സിയുടെ വിശ്വാസ്യതയുടെ പേരുപറഞ്ഞ് എങ്ങനെയെങ്കിലും മാർക്കിട്ട് കുറേപ്പേരെ റാങ്ക് ലിസ്റ്റിൽ കൊണ്ടുവരികയും ഏറെപ്പേരെ തോൽപ്പിക്കുകയും ചെയ്യുന്ന രീതി ഉദ്യോഗാർത്ഥികളോട് ചെയ്യുന്ന ചതിയാണ്.
ഇഷ്ടമാസം ഡിസംബർ!
പി.എസ്.സി ഓരോ വർഷവും ശരാശരി 850ലധികം വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ ഇതിൽ കൃത്യമായ ആസൂത്രണം പാലിക്കാത്തതിനാൽ ആകെ വിജ്ഞാപനത്തിന്റെ 40-50 ശതമാനവും പ്രസിദ്ധീകരിക്കുന്നത് ഡിസംബറിലാണ്. ഇതുകാരണം ഉദ്യോഗാർത്ഥികൾക്ക് സാവകാശമെടുത്ത് പരീക്ഷകളുടെ തയ്യാറെടുപ്പിന് കഴിയാതെ പോകുകയാണ്. ഒരു കലണ്ടർ വർഷം പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിന്റെ മൂന്നിലൊന്ന് പോലും ആദ്യ ആറുമാസത്തിൽ പ്രസിദ്ധീകരിക്കുന്നില്ല.
2025ൽ 902 വിജ്ഞാപനങ്ങളാണ് പി.എസ്.സി ആകെ പ്രസിദ്ധീകരിച്ചത്. ഇതിൽ 294 എണ്ണവും പ്രസിദ്ധീകരിച്ചത് ഡിസംബർ 30,31 തീയതികളിലാണ്. ഡിസംബർ 30ന് 74 എണ്ണവും 31ന് 220 എണ്ണവും. ഡിസംബർ മാസത്തിൽ ആകെ പ്രസിദ്ധീകരിച്ചത് 360ലേറെ വിജ്ഞാപനങ്ങളാണ്. പി.എസ്.സിയുടെ ഉദാസീനതയ്‌ക്ക് ഇതിൽപരം വേറെ തെളിവ് വേണോ.
സമാനമാണ് പല റാങ്ക് ലിസ്റ്റുകളുടെയും അവസ്ഥ. പരീക്ഷ കഴിഞ്ഞ് വർഷങ്ങൾ ഏറെയായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്ത ലിസ്റ്റുകൾ നിരവധിയുണ്ട്. റാങ്ക് ലിസ്റ്റ് ഇന്നുവരും നാളെവരും എന്നു പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ സങ്കടം ആരറിയാൻ!
കാഷ്വൽ ജോലിയായാലും മതി
സർവകലാശാലകളിൽ പി.ആർ.ഒ നിയമനത്തിന് അപേക്ഷിക്കാൻ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും മൂന്നുവർഷത്തെ മാദ്ധ്യമ പ്രവർത്തന പരിചയവുമാണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പി.ആർ.ഡിയിലെ കാഷ്വൽ ജോലിയെ പ്രവൃത്തി പരിചയമായി അംഗീകരിച്ചാണ് റാങ്ക് പട്ടികയിൽ വേണ്ടപ്പെട്ടവരെ പി.എസ്.സി ഉൾക്കൊള്ളിക്കുന്നതെന്നാണ് ആക്ഷേപം. ഏറ്റവുമൊടുവിൽ, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസത്തിനിടെ ഏഴുപേർക്ക് നിയമന ശുപാർശയും നൽകി.
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |