
പരീക്ഷകളിലെയടക്കം സംശയനിവൃത്തി വരുത്താൻ വിവരാവകാശ നിയമപ്രകാരം പി.എസ്.സിക്ക് അപേക്ഷ നൽകിയാൽ എന്താകും സ്ഥിതി? ദുരനുഭവങ്ങൾ ഏറെയുണ്ട് ഉദ്യോഗാർത്ഥികൾക്ക്. വിവരാകാശ അപേക്ഷകൾക്ക് എങ്ങനെ മറുപടി നൽകാതിരിക്കാം എന്നതിലാണ് പി.എസ്.സിയുടെ 'റിസർച്ച്'! അപേക്ഷകന് 30 ദിവസത്തിനകം മറുപടി നൽകുന്ന ശീലം പി.എസ്.സിയിൽ പണ്ടേയില്ല. അപ്പീൽ അധികാരിക്ക് അപേക്ഷ നൽകിയാലും മറുപടി കിട്ടുമെന്ന പ്രതീക്ഷ വേണ്ട. ഇതോടെ അപേക്ഷ നൽകുന്നവരിൽ ബഹുഭൂരിപക്ഷവും ഈ ശ്രമത്തിൽ നിന്നും പിന്മാറും.
കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്നതിനിടയിലും പഠിച്ച് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് പി.എസ്.സിയോട് മത്സരിക്കാൻ നേരമുണ്ടാകുമോ. എന്നാൽ, അതിന് സമയം കണ്ടെത്തി ആരെങ്കിലും സംസ്ഥാന വിവരാവകാശ കമ്മിഷന് അപ്പീൽ നൽകിയാലോ? അതിനെ പ്രതിരോധിക്കാൻ ഒരു കൂട്ടം ഉദ്യോഗസ്ഥരെ പി.എസ്.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശ കമ്മിഷനിൽ നടക്കുന്ന സിറ്റിംഗിൽ പി.എസ്.സിക്ക് വേണ്ടി ഇവർ ഹാജരാകും. അപേക്ഷയ്ക്ക് മറുപടി നൽകാത്തതിന്റെ ന്യായീകരണം നിരത്തും.
രാവിലെയും ഉച്ചയ്‌ക്കുമായി വിവരാവകാശ കമ്മിഷനിലെ സിറ്റിംഗിൽ പങ്കെടുക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുള്ളത്. മുട്ടുന്യായങ്ങൾ പറഞ്ഞ് ഉദ്യോഗാർത്ഥികൾക്ക് രേഖകൾ നൽകുന്നത് ഒഴിവാക്കി വിടാനാകും ഇവർ കമ്മിഷനിൽ പരമാവധി ശ്രമിക്കുക. അല്ലെങ്കിൽ വിവരാവകാശ കമ്മിഷൻ കർശന നിലപാടെടുക്കണം.
ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് പരമ്പരാഗത രീതി ഒഴിവാക്കി കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി മാർക്കിടുന്ന ആധുനിക ഡിജിറ്റൽ സംവിധാനമായ ഓൺ സ്‌ക്രീൻ മാർക്കിംഗ് അല്ലെങ്കിൽ ഡിജിറ്റൽ മൂല്യനിർണയം പി.എസ്.സി ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ സ്‌ക്രീൻ മാർക്കിംഗിൽ ഉദ്യോഗാർത്ഥി എഴുതിയ ഓരോ ഉത്തരത്തിനും മാർക്ക് നൽകിയാലേ മൂല്യ നിർണയം പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് പി.എസ്.സിയുടെ അവകാശവാദം. അതിനാൽ പിഴവ് ഉണ്ടാകില്ലെന്നും ഓൺ സ്‌ക്രീൻ മാർക്കിംഗിൽ പുനപ്പരിശോധന വേണ്ടെന്നും പറഞ്ഞിരുന്നു. ടാബുലേഷൻ ഷീറ്റിൽ ഒരോ ചോദ്യത്തിനും ഉദ്യോഗാർത്ഥിക്ക് ലഭിച്ച മാർക്ക് അറിയാൻ സാധിക്കുമെന്നും വാദിച്ചിരുന്നു.
എന്നാൽ, ഏറെ വിവാദമായ പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷയിൽ 58 മാർക്കിനുള്ള 10 ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കപ്പെട്ടു പോയത് എങ്ങനെയെന്ന് വിശദീകരിക്കാൻ പി.എസ്.സിക്ക് ആകുന്നില്ല. ഓൺ സ്‌ക്രീൻ മാർക്കിംഗ് സോഫ്ട്‍വെയർ തയ്യാറാക്കിയത് സി ഡിറ്റ് ആണ്. സോഫ്റ്റ് വെയറിന്റെ പ്രശ്നമാണോ ജീവനക്കാരുടെ 'വീഴ്ചയാണോ' ഇതിലുണ്ടായത് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്.
പിഴവ് തുടർക്കഥ
2024ൽ നടത്തിയ എൽ.ഡി ക്ലർക്ക് പരീക്ഷയുടെ എറണാകുളം, വയനാട് ജില്ലകളിലെ ചോദ്യപേപ്പർ, പരീക്ഷയുടെ തലേദിവസം പി.എസ്.സി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതായി ഗൂഗിളിന്റെ ടൈം സ്റ്റാമ്പിൽ കാണപ്പെട്ടത് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നിൽ ഗൂഗിളിന്റെ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാൽ, അടുത്ത ദിവസം നടന്ന ഓഫീസ് അറ്റൻഡർ ഗ്രേഡ് II പരീക്ഷയുടെ ചോദ്യപേപ്പറും സൈറ്റിൽ '1 day ago' എന്ന ടൈം സ്റ്റാമ്പോടെ കണ്ടെത്തി. ചോദ്യപേപ്പർ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിൽ സാങ്കേതിക വിദഗ്ദ്ധർക്ക് പിഴവില്ലെന്ന് വാദിച്ചെങ്കിലും പിന്നീട് ഈ ചോദ്യപേപ്പറുകളെല്ലാം സൈറ്റിൽ നിന്നും പി.എസ്.സി പിൻവലിച്ചു.
പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ മുൻപ് ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചത് സംബന്ധിച്ചും ആക്ഷേപം ഉയർന്നിരുന്നു. പൊലീസിലെ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധനയിൽ
ഇത് ശരിയാണെന്ന് തെളിഞ്ഞെന്നാണ് വിവരം. തുടർന്ന് തങ്ങളുടെ സാങ്കേതിക സംവിധാനത്തിന്റെ വീഴ്ച മനസിലാക്കിയ ശേഷമാണ് പ്രൊഫൈലിൽ ഡബിൾ ലോക്കിംഗ് സംവിധാനം പി.എസ്.സി നടപ്പിലാക്കിയത്.
വർഷങ്ങളോളം പി.എസ്.സി ഉപയോഗിക്കുകയും പുതിയ വെബ്‌സൈറ്റ് ആരംഭിച്ചപ്പോൾ ഉപേക്ഷിക്കുകയും ചെയ്ത kpsc.org എന്ന വെബ്‌സൈറ്റ് വിദേശീയർ കൈവശപ്പെടുത്തിയ വിവരവും പി.എസ്.സിയുടെ സാങ്കേതിക വിഭാഗം അറിഞ്ഞത് വളരെ വൈകിയാണ്.
പി.എസ്.സിയുടെ സാങ്കേതിക സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കാൻ ഐ.ടി ഓഡിറ്റോ, സെക്യൂരിറ്റി ഓഡിറ്റോ നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. 2019ൽ ആരംഭിച്ച ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനം ശരിയായ രീതിയിലാണോ പ്രവർത്തിക്കുന്നത് എന്നു മനസിലാക്കാൻ പി.എസ്.സി ശ്രമിച്ചിട്ടില്ല. ഇത്തരം പരിശോധനകളുടെ പോരായ്മയാണ് പിഴവുകൾ തുടർക്കഥയാകുന്നതിന് കാരണം.
ആരോപണ പെരുമഴ
ചോദ്യപേപ്പർ തയ്യാറാക്കാൻ ദേശീയ തലത്തിൽ വിദഗ്ദ്ധ പാനൽ എല്ലാ സംസ്ഥാന പി.എസ്.സികളും ചേർന്ന് രൂപീകരിക്കണമെന്ന യു.പി.എസ്.സിയുടെ നിർദ്ദേശം ചെയർമാൻസ് കൗൺസിലിൽ കേരള പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു തള്ളിക്കളഞ്ഞിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ ആക്ഷേപം ശരിയാണെങ്കിൽ എന്തിനുവേണ്ടിയായിരുന്നു ഈ നിർദ്ദേശം തള്ളിക്കളഞ്ഞതെന്ന ചോദ്യം ബാക്കി.
ചോദ്യപേപ്പർ തയ്യാറാക്കുന്നതിനടക്കം എക്സാമിനേഷൻ സബ്കമ്മിറ്റി ഉണ്ടായിരിക്കണമെന്നാണ് പി.എസ്.സിയുടെ റൂൾസ് ഒഫ് പ്രൊസീജിയറിലുള്ളത്. എന്നാൽ അത് നിലവിലില്ലെന്നാണ് ആരോപണം. ചോദ്യകർത്താവിനെ രഹസ്യസ്വഭാവത്തോടെ നിശ്ചയിക്കുന്നതും എക്സാമിനേഷൻ കൺട്രോളർക്ക് വിവരം കൈമാറുന്നതും ചെയർമാനാണെന്നും കെ.ജി.ഒ.എ, എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി തുടങ്ങിയ ഇടതു അനുകൂല സംഘടനകളിൽ നിന്നുള്ളവരാണ് ചോദ്യകർത്താക്കളാകുന്നതെന്നുമുള്ള ആരോപണവുമുണ്ട്.
(അവസാനിച്ചു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |