SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്ത് : ഇനി മുഖാമുഖം എസ്.ഐ.ടിയുമായി

1

പൂർണ സഹകരണമെന്ന് ചെയർമാൻ

തിരുവനന്തപുരം: പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പി.എസ്.സി ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്. ഐ.ജി എസ്.അജിതാബീഗത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി അംഗങ്ങൾ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് എസ്.ഐ.ടി എത്തിയത്. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. അന്വേഷണം ആരംഭിച്ചതായി ഔദ്യോഗികമായി ചെയർമാനെ ഐ.ജി അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ആവശ്യപ്പെടുന്ന രേഖകൾ കൈമാറാമെന്നും ചെയർമാൻ എസ്.ഐ.ടിയോട് പറഞ്ഞു. എസ്.ഐ.ടി ഇന്നലെ രാവിലെ പി.എസ്.സിയിലെത്താനിരുന്നതാണ്. വൈകിട്ടുവരെ യോഗങ്ങളുണ്ടെന്ന് ചെയർമാൻ അറിയിച്ചതിനെത്തുടർന്നാണ് കൂടിക്കാഴ്ച വൈകിട്ടാക്കിയത്.

അതിനിടെ വിശദമായ അന്വേഷണം വേണ്ടിവരുമെന്നതിനാൽ എസ്.ഐ.ടി വിപുലീകരിച്ചു. സി.ഐ, എസ്.ഐ റാങ്കിലുള്ള പത്തുപേരെക്കൂടി പുതുതായി ഉൾപ്പെടുത്തി. അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ പൊലീസ് ആസ്ഥാനത്ത് നൽകണമെന്നാണ് നിർദ്ദേശം.

 ഏഴ് മണിക്കൂർ മൊഴി

ആസൂത്രണ ബോർഡ് നിയമനങ്ങളിലെ മൂന്ന് പരാതിക്കാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി. ഏഴ് മണിക്കൂറോളമെടുത്താണ് രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ ആവശ്യപ്പെട്ട് ഇന്ന് പി.എസ്.സിക്ക് കത്ത് നൽകും. ഓരോ പരാതികളിലും രേഖകൾക്കായി പ്രത്യേകം കത്ത് നൽകാനാണ് തീരുമാനം. പി.എസ്.സിയുമായി ബന്ധപ്പെട്ട് എസ്.ഐ.ടിക്ക് ഇന്നലെയും നിരവധി പരാതികൾ ലഭിച്ചു.

രേഖകൾ കൈമാറും

നിയമനക്രമക്കേട് ആരോപണത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി പി.എസ്.സി. സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. അന്വേഷണസംഘം ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൈമാറണമെന്നും ഇല്ലെങ്കിൽ പൊതുജനമദ്ധ്യത്തിൽ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.

ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് മുന്നിൽ ബോദ്ധ്യപ്പെടുത്തേണ്ടത് കമ്മിഷന്റെ കൂടി ആവശ്യമാമെന്നും വ്യക്തമാക്കി. ഇക്കാര്യം പ്രസ്താവനയായി പുറത്തിറക്കാനും തീരുമാനിച്ചു. ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതും അന്വേഷണത്തിന് ആവശ്യമായതുമായ എല്ലാ രേഖകളും നിയമാനുസൃതം ആവശ്യപ്പെടുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ചിന് വിട്ടുനൽകും. പി.എസ്.സിയുടെ വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിലായാണ് കാണുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P-SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA