SignIn
Kerala Kaumudi Online
Sunday, 27 September 2026 1.09 AM IST

ചലച്ചിത്രമേള മികച്ചതാക്കും : രവീന്ദ്രൻ

a

ചലച്ചിത്ര അക്കാഡമി ചെയർമാൻ രവീന്ദ്രൻ കേരളകൗമുദിയോട്

സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ എന്നനിലയിൽ സർക്കാർ ഏൽപ്പിച്ച ദൗത്യം ആത്മാർഥമായി നിറവേറ്റുമെന്നും ചലച്ചിത്രമേള ഭംഗിയായി നടത്തുമെന്നും രവീന്ദ്രൻ.

നടനും രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ കഴിഞ്ഞ ദിവസമാണ് സർക്കാർ ചലച്ചിത്ര അക്കാഡമി ചെയർമാനായി നിയമിച്ചത്. ''സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നതിനപ്പുറം ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യമെന്ന് അദ്ദേഹം 'കേരളകൗമുദി'യോട് വ്യക്തമാക്കി.

എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് രവീന്ദ്രൻ. 1980ൽ സൂപ്പർഹിറ്റായ

'ഒരു തലൈ രാഗം' എന്ന തമിഴ് ചിത്രത്തിലൂടെ തുടക്കം. തനതായ നൃത്തച്ചുവടുകൾ കൊണ്ട് 'ഡിസ്‌കോ രവീന്ദ്രൻ' എന്ന് അറിയപ്പെട്ട അദ്ദേഹം പിന്നീട് സിനിമയുടെ ഗവേഷണ വഴിയിലേക്കും മേളകളുടെ സംഘാടകനായും മാറുകയായിരുന്നു.

രവീന്ദ്രനുമായുള്ള സംഭാഷണത്തിൽ നിന്നും.

? ഈ പദവി ആഗ്രഹിച്ചിരുന്നുവെന്ന് പറയാൻ കാരണം

 ഈ പ്ലാറ്റ്ഫോം പവർഫുള്ളാണ്. 2016 നു മുമ്പ് ചലച്ചിത്ര അക്കാഡമിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. അന്ന് വിഷ്വൽ ലിറ്ററസി, ഫിലിം ലിറ്ററസി കമ്മിറ്റിയുടെചെയർമാനായിരുന്നു. ഫിലിം മാർക്കറ്റിന്റെ ചുമതലയുമുണ്ടായിരുന്നു. എനിക്ക് ഒരുപാട് പ്ലാനുകളുണ്ടായിരുന്നുവെങ്കിലും അന്ന് അത് ഉദ്ദേശിച്ച രീതിയിൽ ചെയ്യാൻ സാധിച്ചില്ല.

? ചലച്ചിത്ര അക്കാഡമിക്ക് നാഥനില്ലാതെയായിട്ട് കുറച്ചുനാളായി.അന്താരാഷ്ട്ര ചലച്ചിത്രോത്സവം വന്നെത്താറുമായി.എത്രത്തോളം സുഗമമാണ് കാര്യങ്ങൾ

 എപ്പോഴും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരു ഗ്യാപ്പുണ്ടാകാറുണ്ട്.സ്വഭാവികമായി സംഭവിക്കുന്നതാണത്. ചലച്ചിത്രമേളയെ ബാധിക്കില്ല. കമ്മിറ്റി വരുന്നതിനു മുമ്പു തന്നെ ഹ്രസ്വ, ഡോക്യുമെന്ററി ചലച്ചിത്രമേള ആരംഭിച്ചല്ലോ. അക്കാഡമിക്ക് ഒരു ടീം ഉണ്ടാകാറുണ്ട്. ചെയർമാൻ എന്ന നിലയിൽ ഞാൻ നിരാശപ്പെടുത്തില്ല.

സർക്കാരിന്റെ ആശയങ്ങളോടും പൊരുത്തുപ്പെട്ടുപോകും. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു സർക്കാരാണ് ഇവിടെയുള്ളത്.

?എന്തൊക്കെയാണ് മനസിലെ പദ്ധതികൾ

 നല്ലൊരു ഫിലിം ലിറ്ററസി പ്രോഗ്രം ഉണ്ടാക്കും. നമ്മുടെ സിനിമകൾ വിദേശമേളകളിൽ കൂടുതലായി എത്തിക്കാൻ വേണ്ടി പരിശ്രമിക്കും.പുതിയൊരു മാർക്കറ്റിംഗ് സംവിധാനം കണ്ടെത്തണം.

പുറത്തുള്ള സിനിമകളെ ഇവിടെ കൊണ്ടു വന്ന് മാർക്കറ്റ് ഒരുക്കാതെ നമ്മുടെ സിനിമകളെ മാർക്കറ്റ് ചെയ്യാനുള്ള വേദിയാണ് ഒരുക്കുക. അതിൽ ദക്ഷിണേന്ത്യൻ ഭാഷകളുടെ സിനിമകളെ കൂടി ഉൾക്കൊള്ളും.

?അഭിനയരംഗം വിട്ടതിനു ശേഷം എന്തൊക്കെയായിരുന്നു പ്രവർത്തനം

 'പപ്പയുടെ സ്വന്തം അപ്പൂസി'നു ശേഷം ഞാൻ സിനിമയിൽ വേറെ എന്തു ചെയ്യാം എന്നു ചിന്തിച്ചു. അങ്ങനെ സിനിമ പഠിപ്പിക്കാനിറങ്ങി. പിന്നെ, ഫിലിം ഫെസ്റ്റിവലുകൾ ചെയ്തുകൂടേ എന്നൊരു ചിന്തയുണ്ടായി. അങ്ങനെ ക്യാമ്പസുകൾ തോറും നടന്ന് സിനിമകൾ കാണിച്ചു. കേരളത്തിൽ തന്നെ 250 ഓളം കാമ്പസുകൾ കയറിയിറങ്ങി. കഴിഞ്ഞ പത്തു വർഷമായി മിഡിൽ ഈസ്റ്രിലായിരുന്നു അവിടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും പോയി ഫിലിം ഫെസ്റ്റിവലുകൾ ചെയ്തു.ഇടയ്ക്ക് ഇടുക്കി ഗോൾഡ് പോലെയുള്ള ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY