SignIn
Kerala Kaumudi Online
Tuesday, 13 October 2026 11.52 PM IST

തലക്കേറ്റ പരിക്കും ശ്വാസം മുട്ടിച്ചതും മരണകാരണമായി, രവീന്ദ്രന്റെ ബന്ധുവിന്റെ വാഹനത്തിൽ ജയമാധവൻ നായരുടെ രക്തക്കറ കണ്ടു

raveendran-nair
കൂടത്തിൽ കൊലക്കേസ് പ്രതി രവീന്ദ്രൻ നായർ

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ കൊലപാതകത്തിൽ പ്രതി രവീന്ദ്രൻ നായരിലേക്ക് ക്രൈം ബ്രാഞ്ച് എത്തിച്ചേർന്നത് നിർണായക തെളിവുകൾ ലഭിച്ചതോടെ. കരമന, കാലടി, കോവിരിവിളാകം വീട്ടിൽ രവീന്ദ്രൻ നായർ (60) പിടിയിലായത് ശക്തമായ അന്വേഷണത്തിന് പിന്നാലെ. ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിലാണ് കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ പിടിയിലായത്.

ജയമാധവൻ നായരുടെ സ്വത്തിൽ വ്യാജ വിൽപത്രം പ്രതി തയ്യാറാക്കിയിരുന്നു. അവിവാഹിതനായിരുന്ന ജയമാധവൻ നായർ വിവാഹിതനായാൽ സ്വത്തുകൾക്ക് വേറെ അവകാശികളുണ്ടാകും എന്നതിലെ വിരോധവും സ്വത്ത് കൈക്കലാക്കുക എന്ന ലക്ഷ്യവും കാരണമാണ് പ്രതി കൊല ആസൂത്രണം ചെയ്‌തത്.

2017 ഏപ്രിൽ രണ്ടിനാണ്‌ ജയമാധവൻ നായരെ തലയ്‌ക്ക് പരിക്കേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽ നിന്ന് വീണതെന്നാണ് രവീന്ദ്രൻ അറിയിച്ചത്. എന്നാൽ ഹിസ്‌റ്റോപത്തോളജി പരിശോധനയിൽ പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതല്ലെന്ന് വ്യക്തമായി. മാത്രമല്ല രവീന്ദ്രന്റെ ബന്ധു അനിലിന്റെ കാറിൽ നടത്തിയ പരിശോധനയിൽ ജയമാധവൻ നായരുടെ രക്തവും കണ്ടെത്തി. രവീന്ദ്രനെ ബ്രെയിൻ ഇലക്‌ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് പരിശോധന നടത്തിയതും തലക്കേറ്റ പരിക്കും ശ്വാസം മുട്ടിക്കലും മരണത്തിന് കാരണമായെന്ന മെഡിക്കൽ റിപ്പോർട്ടും പ്രതിയിലേക്ക് എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചു.

15 വർഷങ്ങൾക്കിടെ കൂടത്തിൽ കുടുംബത്തിൽ ഏഴ് മരണങ്ങളാണ് ഉണ്ടായത്. സംഭവത്തിൽ ജയമാധവൻ നായരുടെ മരണശേഷം ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റുണ്ടായതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിക്കുകയായിരുന്നു. കോഴിക്കോട് കൂടത്തായി കൊലക്കേസ് ഏറെ വാർത്താപ്രാധാന്യം നേടിയതോടെയാണ് തിരുവനന്തപുരത്തെ കൂടത്തിൽ കുടുംബത്തിന്റെ വാർത്തയും പുറത്തെത്തിയത്. 500 കോടിയിലധികം വിലവരുന്ന സ്വത്തിനുടമകളായിരുന്നു ഇവർ.

English Summary

The Crime Branch arrested Ravindran Nair, 60, a former caretaker of the Koodathil family, in connection with the murder of Jayamadhavan Nair in Karamana, Thiruvananthapuram. Investigators reportedly identified him as the accused after obtaining crucial evidence during an intensive probe.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOODATHIL FAMILY MURDERS, RAVEENDRAN NAIR, CULPRIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY