
നാല് ചുവരുകളും ഒരു മേൽക്കൂരയും അടങ്ങുന്ന സ്വന്തമായൊരു വീട് ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ആഗ്രഹവുമാണ്. ആജീവനാന്ത സമ്പാദ്യവും ബാങ്ക് വായ്പകളും ചേർത്ത് നിർമ്മിക്കുന്ന ആ സ്വപ്ന ഭവനങ്ങൾക്ക് ഇപ്പോൾ വിലക്കയറ്റത്തിന്റെ തീപ്പിടുത്തമാണ്. കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില വാനോളം ഉയർന്നതോടെ സംസ്ഥാനത്ത് നിർമ്മാണ മേഖല പൂർണമായും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ലഭ്യതക്കുറവും ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധന വിലയുമാണ് ഈ മേഖലയെ ഉലയ്ക്കുന്ന പ്രധാന ഘടകങ്ങൾ. ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധയും ശക്തമായ വിപണി ഇടപെടലും ഉണ്ടാകാത്ത പക്ഷം വലിയൊരു സാമ്പത്തിക-സാമൂഹിക തകർച്ചയിലേക്കാവും വഴിതുറക്കുക.
ജൂലായ് മാസത്തിൽ മാത്രം മൂന്ന് തവണയാണ് നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിപ്പിച്ചത്. ഇതിന് പുറമെ ആഗസ്റ്റിലും വില വീണ്ടും ഉയർന്നു. അടിക്കടിയുണ്ടായ ഈ വിലവർദ്ധനവ് മൂലം മുൻകൂട്ടി കരാറെടുത്ത ജോലികൾ പൂർത്തിയാക്കാൻ സാധിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺട്രാക്ടർമാർ. ബാങ്കുകളിൽ നിന്ന് ഭവന വായ്പ എടുത്ത് നിർമ്മാണം ആരംഭിച്ച സാധാരണക്കാരുടെ ബഡ്ജറ്റുകളെല്ലാം ഈ അനിയന്ത്രിതമായ വിലക്കയറ്റം കാരണം പൂർണമായും തെറ്റിയിരിക്കുന്ന സാഹചര്യമാണ്. പണി പാതിവഴിയിൽ ഉപേക്ഷിക്കാനോ കൂടുതൽ കടം വാങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും.
മൂലധന ചെലവിലെ ഈ പെട്ടെന്നുള്ള വർദ്ധനവ് കരാറുകാരെ മാത്രം ബാധിക്കുന്ന ഒന്നല്ല. നിർമ്മാണ തൊഴിലാളികൾ, അനുബന്ധ വ്യവസായങ്ങൾ, ചെറുകിട വിതരണക്കാർ എന്നിവരുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാർഗ്ഗത്തെയാണ് ഇത് നേരിട്ട് പ്രതിസന്ധിയിലാക്കുന്നത്. അടിസ്ഥാന നിർമ്മാണ സാമഗ്രികളുടെ പഴയതും പുതിയതുമായ നിരക്കുകൾ പരിശോധിച്ചാൽ പ്രതിസന്ധിയുടെ യഥാർത്ഥ വ്യാപ്തി വ്യക്തമാകും.
ഈ അനിയന്ത്രിതമായ നിരക്കുവർദ്ധനവ് കെട്ടിട നിർമ്മാണ ചെലവ് മുൻപില്ലാത്ത വിധം താളം തെറ്റിച്ചിരിക്കുകയാണ്. കേരളത്തിലേക്ക് ആവശ്യമായ കെട്ടിട നിർമ്മാണ സാമഗ്രികളുടെ വലിയൊരു പങ്ക് ഇപ്പോഴും പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളും ലഭ്യതക്കുറവും വിപണിയിലെ വിലക്കയറ്റത്തിന് വേഗത വർദ്ധിപ്പിക്കുകയാണ്. ഇതിന് പുറമെയാണ് ഇന്ധന വില വർദ്ധനവ് സൃഷ്ടിക്കുന്ന ഭാരം. ക്വാറികളിൽ നിന്നും ഫാക്ടറികളിൽ നിന്നും വലിയ ലോറികളിലാണ് കല്ല്, മണൽ, കമ്പി, സിമന്റ് തുടങ്ങിയവ നിർമ്മാണ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. ഡീസൽ വില വർദ്ധിച്ചതോടെ ലോറി വാടകയിലും വലിയ ഉയർച്ചയുണ്ടായി. കൂടാതെ സിമന്റ്, സ്റ്റീൽ, ഇഷ്ടിക, ടൈൽസ് എന്നിവ നിർമ്മിക്കുന്ന ഫാക്ടറികളുടെ പ്രവർത്തനം വൻതോതിലുള്ള ഊർജ്ജത്തെ ആശ്രയിച്ചായതിനാൽ, ഉൽപ്പാദനച്ചെലവിലുണ്ടായ വർദ്ധനവ് ഉൽപ്പന്നങ്ങളുടെ ചില്ലറ വിലയിലും പ്രതിഫലിക്കുകയാണ്. നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിച്ചത് കാരണം സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ക്വാറികളിൽ പലതും ഇന്ന് പ്രവർത്തിക്കുന്നില്ല. കെട്ടിടങ്ങളുടെ അടിസ്ഥാനത്തിന് ഉപയോഗിക്കുന്ന കരിങ്കല്ല് കിട്ടാതായതോടെ പലരും കോൺക്രീറ്റിലേക്കു തിരിയാൻ നിർബന്ധിതരായിട്ടുണ്ട്.
നേരത്തെ ക്യുബിക് അടിക്ക് 40 രൂപയുണ്ടായിരുന്ന എം.സാന്റിന് 37.5 ശതമാനം വർദ്ധിച്ച് നിലവിൽ 55 രൂപയായി. പി.സാന്റിന്റെ വില 60 രൂപയിൽ നിന്ന് 25 ശതമാനം ഉയർന്ന് 75 രൂപയിലെത്തി. മെറ്റലിന്റെ വില ക്യുബിക് അടിക്ക് 32 രൂപയിൽ നിന്ന് 40 രൂപയായും സിമന്റിന്റെ വില ബാഗിന് 300 രൂപയിൽ നിന്ന് 360 രൂപയായും കുതിച്ചുയർന്നു. ഒരു സ്‌ക്വയർ ഫീറ്റ് ടൈലിന് 40 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 55 രൂപ നൽകണം. കരിങ്കല്ലിന് (ഒന്നര യൂണിറ്റ് ലോഡ്) വിപണിയിൽ ഏകദേശം 5,000 മുതൽ 5,500 വരെയാണ് നിലവിലെ നിരക്ക്
വെറും സ്വപ്നമാകുമോ വീട്...
നിയന്ത്രണമില്ലാത്ത വിപണി ശക്തികൾക്ക് മുന്നിൽ സാധാരണക്കാരുടെ സ്വപ്നങ്ങളെ എറിഞ്ഞു കൊടുക്കാൻ കഴിയില്ല. സാധാരണക്കാരുടെ ഭവന നിർമ്മാണത്തെ പിന്തുണയ്ക്കാൻ അത്യാവശ്യ നിർമ്മാണ സാമഗ്രികൾക്ക് സബ്സിഡി ഏർപ്പെടുത്തുന്നത് കടുത്ത ആശ്വാസമാകും. അയൽ സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ പ്രാദേശിക ക്വാറികളുടെയും നിർമ്മാണ ഉൽപ്പന്നങ്ങളുടെയും വിതരണം നിയമവിധേയമായി സുഗമമാക്കേണ്ടതുമുണ്ട്.
സെന്റീമീറ്ററുകൾ കണക്കാക്കി ബഡ്ജറ്റ് തയ്യാറാക്കുന്ന സാധാരണക്കാരന് ഈ വില വർദ്ധനവ് താങ്ങാനാവുന്നതിലും അപ്പുറമാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിരമായി അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സാധാരണക്കാരുടെ വീടെന്ന സ്വപ്നം വെറും സ്വപ്നം മാത്രമായി അവസാനിക്കും. കേരള സർക്കാരും ഇക്കാര്യം ഗൗരവമായെടുത്ത് തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ നിർമ്മാണ രംഗം സ്തംഭിക്കുന്ന സ്ഥിതി വരുമെന്ന കാര്യം നിരാകരിക്കരുത്. വിപണിയിലെ കൃത്രിമ വിലവർദ്ധനവ് തടയാൻ അടിയന്തരമായി ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും നിർമ്മാണ സാമഗ്രികൾക്ക് സബ്സിഡി അനുവദിക്കുകയും ചെയ്യേണ്ടത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. കേരള സർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി വിതരണം സുഗമമാക്കേണ്ടത് അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |