
ഇത് അല്പം പഴയ ഒരു പ്രശ്നത്തെ പറ്റിയാണ്. പഴകിയത് എന്നുകരുതി താല്പര്യം ഉള്ളവരിൽ പലർപോലും പറയാൻ മടിക്കുന്നൊരു പ്രശ്നം. പക്ഷേ, പഴകിയെങ്കിലും പ്രസക്തിക്ക് ഒട്ടും കുറവില്ല. മറിച്ച് ഏറിയിട്ടുണ്ടെങ്കിലേ ഉള്ളൂ. അതുകൊണ്ട് ഈയുള്ളവന് ഇവിടെ അതേക്കുറിച്ച് എഴുതാതെ വയ്യ. ഈ വിഷയം വീണ്ടും ഉന്നയിക്കാൻ പെട്ടെന്ന് പ്രേരകമായത് കഴിഞ്ഞ ദിവസം മലയാളത്തിലെ മഹാ കഥാകാരൻ ടി.പദ്മനാഭനുമായുണ്ടായ ഒരു ടെലിഫോൺ സംഭാഷണ വേളയിൽ അദ്ദേഹം നടത്തിയ ഒരു പരാമർശമാണ്.
ഇത്തിരി ചിരിക്കും ഒത്തിരി ചിന്തയ്ക്കും ആ ഒരു പരാമർശം വക നൽകുന്നുണ്ട്. ഈ പത്രത്തിന്റെയും ഈ പംക്തിയുടെയും സ്ഥിരം വായനക്കാരിൽ പ്രമുഖനാണ് മലയാളികൾ മിക്കവരും സ്നേഹത്തോടെ, അതിലേറെ ആദരവോടെ പപ്പേട്ടൻ എന്നു വിളിക്കുന്ന ടി.പദ്മനാഭൻ. മൺമറഞ്ഞ, മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ പി.പരമേശ്വർജി ഞങ്ങളുടെ സംഭാഷണത്തിൽ കടന്നുവന്നത് തികച്ചും യാദൃശ്ചികം.
അദ്ദേഹവും, പപ്പേട്ടനും തമ്മിൽ പണ്ട് നടന്ന ഒരു കൂടിക്കാഴ്ചകളിലൊന്ന് പരാമർശ വിഷയമായി. തന്റെ സ്വതസിദ്ധമായ രീതിയിൽ, ഘനഗംഭീര ശബ്ദത്തിൽ പപ്പേട്ടൻ അതിനെക്കുറിച്ച് വിശദീകരിച്ചു. ഒപ്പം, തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിൽ (ഇന്ന് മഹാത്മ അയ്യങ്കാളി ഹാൾ) അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, പരമേശ്വർജിയെ അന്ന് വിശേഷിപ്പിച്ചത് 'ഋഷി തുല്യനായ വ്യക്തി' എന്നായിരുന്നു എന്നതും പപ്പേട്ടൻ ഓർത്തെടുത്തു.
കേരളത്തെക്കുറിച്ച് തനിക്കുള്ള രണ്ട് മഹാദു:ഖങ്ങൾ പരമേശ്വർജി പപ്പേട്ടനുമായി പങ്കു വച്ചുവത്രെ. രണ്ട് മഹാത്മാക്കളുടെ പേരിൽ സംസ്ഥാനത്ത്, അവരുടെ ജന്മ ദേശങ്ങളിലുള്ള സ്ഥാപനങ്ങളുടെ ദുരവസ്ഥയാണ് പരമേശ്വർജിയെ ദു:ഖിപ്പിച്ചിരുന്നത്. ഒന്ന് കാലടിയിലെ ശ്രീ ശങ്കര സംസ്കൃത സർവകലാശാല. മറ്റൊന്ന് തിരൂർ തുഞ്ചൻപറമ്പ്. മലയാളത്തിന്റെ രണ്ട് മഹാത്മാക്കളോടുമുള്ള ആദരവാകാം ഈ രണ്ട് സ്ഥാപനങ്ങൾക്ക് രൂപം നൽകാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്.
പക്ഷേ, ഫലത്തിൽ അവ രണ്ടും, അവർ രണ്ടുപേരെയും അനുദിനം അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നു എന്നുപറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാവും എന്ന് തോന്നുന്നില്ല. അവയെക്കുറിച്ചുള്ള പരമേശ്വർജിയുടെ ആകുലതയോടും ആശങ്കയോടും പപ്പേട്ടനും പൂർണമായി യോജിച്ചു. സംസ്ഥാന സർക്കാർ എഴുത്തച്ഛൻ പുരസ്കാരം നൽകി ആദരിച്ച പപ്പേട്ടന് നാളിതുവരെ ഭാഷാപിതാവിന്റെ സ്‌മാരകമായ തുഞ്ചൻ പറമ്പിലേക്ക് ഒരു ക്ഷണം പോലും ലഭിച്ചിട്ടില്ല എന്നതും ഇവിടെ എടുത്ത് എഴുതാതെ വയ്യ.
അസ്വസ്ഥത ഉളവാക്കുന്ന വാർത്തകൾ, ഇടയ്ക്കിടെ ശ്രീ ശങ്കര സർവകലാശാലയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ നിറയാറുണ്ട്. വിദ്യാർത്ഥി സമരത്തിന്റെ ഭാഗമായി, അവിടത്തെ വനിതാ കുലപതിയുടെ പ്രതീകാത്മക ശവസംസ്കാരത്തിന് വരെ സർവകലാശാലയുടെ അങ്കണം അടുത്ത കാലത്ത് വേദിയായി. അവിടെയുള്ള ജഗദ് ഗുരുവിന്റെ പ്രതിമയ്ക്ക് ഇതിനൊക്കെ വർഷങ്ങളായി സാക്ഷ്യം വഹിക്കേണ്ടിയും വരുന്നു.
തുഞ്ചൻ പറമ്പിൽ സമരമോ സംഘർഷമോ ഒന്നുമില്ലെങ്കിലും ആ പവിത്ര ഭൂമിയുടെ അവസ്ഥ ഒട്ടും ആശ്വാസകരമോ ആശാസ്യമോ അല്ല. തുഞ്ചൻപറമ്പിൽ സ്ഥാപിക്കാനായി പണിതീർത്ത ഭാഷാപിതാവിന്റെ പ്രതിമ, അനാച്ഛാദനം ചെയ്യാനാവാതെ ഉപേക്ഷിക്കേണ്ടി വന്നിട്ട് ഇപ്പോൾ വർഷങ്ങൾ വളരെയേറെയായി. തുഞ്ചത്താചാര്യന്റെ പ്രതിമ അവിടെ സ്ഥാപിക്കുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് കാരണം. ആ എതിർപ്പ് ഇന്നും തുടരുന്നതിനാലാവാം പ്രതിമ വെളിച്ചം കാണാതെ കുറേക്കാലം ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നത്.
തുഞ്ചൻപറമ്പിൽ എന്നല്ല, തിരൂർ നഗരത്തിലോ മലപ്പുറം ജില്ലയിൽ മറ്റെവിടെയോ പോലും പ്രതിമ പാടില്ലെന്നായിരുന്നു അവരുടെ പിടിവാശി. തിരൂർ നഗരമദ്ധ്യത്തിൽ ഒരു തുഞ്ചൻ പ്രതിമ സ്ഥാപിക്കാനുള്ള നീക്കവും പിന്നീട് വേണ്ടെന്ന് വച്ചു. പകരം ഒരു തൂലികയുടെ ശിൽപ്പം അവിടെ സ്ഥാപിച്ച് തൃപ്തിപ്പെടേണ്ടി വന്നു. അതിനിടയിൽ, ഇതേ ജില്ലയിൽ തന്നെ, കോട്ടക്കലിൽ സ്ഥാപിച്ച ഒ.വി.വിജയന്റെ പ്രതിമ തകർക്കാൻ ചിലർ ഒരു സംഘടിത ശ്രമവും നടത്തിയിരുന്നു.
തുഞ്ചൻ പ്രതിമ, അത് നിർമ്മിച്ച ശിൽപ്പിയുടെ വിദ്യാലയത്തിനുള്ളിൽ വർഷങ്ങൾക്ക് ശേഷം സ്ഥാപിച്ചു. അതുവരെ ചാക്കിൽ പൊതിഞ്ഞ പ്രതിമ മഴയും വെയിലും കൊണ്ട് ഒരു തെങ്ങിൻ ചുവട്ടിൽ അനാഥമായി കിടന്നിരുന്നു. പപ്പേട്ടൻ തുഞ്ചൻപറമ്പിനെ പറ്റി സംസാരിക്കുമ്പോൾ രസകരമായ ഒരു ചരിത്ര സംഭവം കൂടി ഓർമ്മിപ്പിച്ചിട്ടാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. സോവിയറ്റ് യൂണിയനിൽ ജോസഫ് സ്റ്റാലിൻ സർവശക്തനായി വാഴുന്ന കാലത്ത് അദ്ദേഹം റഷ്യൻ സാഹിത്യകാരന്മാരുടെയും സാംസ്കാരിക നായകന്മാരുടെയും ഒരു മഹാസമ്മേളനം വിളിച്ചു കൂട്ടിയത്രെ. വിഖ്യാത റഷ്യൻ കവിയും സാഹിത്യ പ്രതിഭയുമായ അലക്സാണ്ടർ പുഷ്‌കിനെ ആദരിക്കാനായി ഒരു പ്രതിമ സ്ഥാപിക്കണം എന്ന ഒരാവശ്യം സമ്മേളനത്തിൽ ഉയർന്നു.
ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്റ്റാലിൻ ആ ആവശ്യത്തിന് തത്ക്ഷണം സമ്മതം മൂളി. മാസങ്ങൾക്കുള്ളിൽ ഒരു കൂറ്റൻ പ്രതിമ ഉയർന്നു. തലയുയർത്തി നിൽക്കുന്ന സ്റ്റാലിന്റേത് തന്നെയായിരുന്നു ആ പ്രതിമ. പുഷ്‌കിനെ ഓർമ്മിക്കാനായി സ്റ്റാലിന്റെ ആ പ്രതിമയുടെ കൈയിൽ റഷ്യൻ സാഹിത്യത്തിന്റെ പിതാവ് പുഷ്‌കിന്റെ ഒരു കൃതി കൂടി ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിൽ ഭാവിയിൽ ഉയരാവുന്ന മാറ്റാരുടെയെങ്കിലും പ്രതിമയുടെ കൈയിൽ അദ്ധ്യാത്മ രാമായണത്തിന്റെ ഒരു പ്രതി കൂടി ഉണ്ടാവും എന്നാണ് പപ്പേട്ടന്റെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |