
ഇന്ത്യയുടെ പ്രഥമ ഗ്രീൻ-ഫീൽഡ് നഗരം വികസിപ്പിക്കുകയെന്ന സ്വപ്നം എന്നെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന കാര്യത്തിൽ എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അക്കാലത്ത് ഡൽഹി- മുംബയ് വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷന്റെ സി.ഇ.ഒ ആയിരുന്ന എനിക്കായിരുന്നു ഇന്ത്യയുടെ അടുത്തഘട്ട വ്യാവസായിക നഗരവത്കരണത്തിന് നേതൃത്വം നൽകാനുള്ള ചുമതല. ഇത്തരമൊരു പദ്ധതിക്ക് 150 ചതുരശ്ര കിലോമീറ്റർ മാറ്റിവയ്ക്കുന്നത് അപകടസാദ്ധ്യതയേറിയതും സങ്കീർണവുമാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ മുഖ്യമന്ത്രിമാരും ആ നിർദ്ദേശം നിരസിക്കുകയാണുണ്ടായത്.
അങ്ങനെയിരിക്കെയാണ് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. എന്നെ ക്ഷമയോടെ കേട്ട നരേന്ദ്രമോദി അഞ്ച് മിനിറ്റോളം ചിന്തിച്ചശേഷം പറഞ്ഞു: '150 ചതുരശ്ര കിലോമീറ്റർ തീരെ ചെറുതാണ്. നിങ്ങൾ സ്വപ്നം കാണാനൊരുങ്ങുകയാണെങ്കിൽ, വലുതായിത്തന്നെ സ്വപ്നം കാണുക'. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി 750 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വാഗ്ദാനം ചെയ്തത്. തുടർന്ന് 2009ഓടെ ഗുജറാത്ത് ഗവൺമെന്റ് പ്രത്യേക നിക്ഷേപ മേഖല (എസ്.ഐ.ആർ) നിയമം പാസാക്കുകയും മാസ്റ്റർ പ്ലാനിനൊപ്പം ധോലേര എസ്.ഐ.ആർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹത്തിന്റെ ചിന്തയുടെ വ്യാപ്തി എനിക്ക് ബോദ്ധ്യമായി. ഔദ്യോഗിക ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയതിൽ ഏറ്റവുമധികം ദീർഘവീക്ഷണവും പുരോഗമന ചിന്താഗതിയുമുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഇന്നും അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.
2014ൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വ്യാവസായിക നയ-പ്രോത്സാഹന വകുപ്പിന്റെ അന്നത്തെ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹത്തിന് മുന്നിൽ അവതരണം നടത്തിയ ആദ്യ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഞാൻ. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' റാങ്കിംഗിൽ ഇന്ത്യ 142-ാം സ്ഥാനത്താണെന്ന് കണ്ടപ്പോൾ നിരാശ പ്രകടിപ്പിച്ച അദ്ദേഹം ഒരു ഏകലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കഠിനപ്രയത്നം ആരംഭിച്ചത്. ഒടുവിൽ റാങ്കിംഗിൽ ഇന്ത്യ 79 സ്ഥാനങ്ങൾ മുന്നിലെത്തി.
മേയ്ക്ക് ഇൻ ഇന്ത്യ
'മേയ്ക്ക് ഇൻ ഇന്ത്യ'യെക്കുറിച്ച് പ്രധാനമന്ത്രിക്ക് മുന്നിൽ ഞങ്ങൾ നിരവധി അവതരണങ്ങൾ നടത്തി. ഇന്ത്യ ഒരു നിർമ്മാണ രാഷ്ട്രമായി മാറണമെങ്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമൃദ്ധി കൈവരിക്കുകയും ഉയർന്ന വളർച്ച നിലനിറുത്തുകയും വേണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിശ്ചയദാർഢ്യമുണ്ടായിരുന്നു. ആ വിശ്വാസത്തിൽ നിന്നാണ് 'മേയ്ക്ക് ഇൻ ഇന്ത്യ' ദൗത്യത്തിന് തുടക്കം കുറിച്ചത്.
പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം സാദ്ധ്യമെന്ന് കരുതുന്നതിന് ആകാശം പോലും പരിധിയല്ല. നിർമ്മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ, ഡ്രോണുകൾ, പ്രതിരോധം, ബഹിരാകാശ പര്യവേക്ഷണം എന്നിവയിൽ അദ്ദേഹത്തിന് കീഴിൽ ഇന്ത്യ വൻ അവസരങ്ങൾ സൃഷ്ടിച്ചു.
ചന്ദ്രയാൻ-3, ആദിത്യ-എൽ1 എന്നിവയുൾപ്പെടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിനൊപ്പം സജീവ സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥയുടെ ആവിർഭാവവുമുണ്ടായി. 'ഇന്ത്യ എ.ഐ മിഷനും' 'ദേശീയ ക്വാണ്ടം മിഷനും' നിർമ്മിത ബുദ്ധിയിലും ക്വാണ്ടം സാങ്കേതികവിദ്യകളിലും തദ്ദേശീയ ശേഷികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ഇന്ത്യ നടത്തിയ അഭൂതപൂർവമായ കുതിപ്പാണ് നിരവധി ഇന്ത്യക്കാരുടെ സംരംഭകത്വ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കിയത്.
കേൾക്കുന്ന ശീലം
2016ഓടെ ഞാൻ ഇന്ത്യയുടെ പരമോന്നത നയരൂപീകരണ സ്ഥാപനമായ നീതി ആയോഗിന്റെ തലപ്പത്തെത്തി. ഒരു കേന്ദ്ര മന്ത്രിസഭാ യോഗത്തിനിടെ പ്രധാനമന്ത്രി മോദി എന്നെ പ്രത്യേകം വിളിച്ച് സംസാരിക്കുകയും ഇന്ത്യയിലെ ഏറ്റവും പിന്നാക്ക ജില്ലകളിൽ പ്രവർത്തനമാരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആ സംഭാഷണമാണ് 'ആസ്പിരേഷണൽ ഡിസ്ട്രിക്ട്’ പരിപാടിയിലേക്ക് വഴിതുറന്നത്. അദ്ദേഹം തന്നെയാണ് "ആസ്പിരേഷണൽ" എന്ന പദം നിർദ്ദേശിച്ചതും.
അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലകളിൽ അദ്ദേഹം നടത്തിയ അവലോകനങ്ങളായിരുന്നു. പ്രധാനമന്ത്രി എപ്പോഴും കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും വിവരങ്ങൾ ഉൾക്കൊള്ളുകയും തുടർന്ന് പല ചുവടുകൾ മുന്നിൽ കണ്ട് ചിന്തിക്കുകയും ചെയ്യുമായിരുന്നു. അസാധാരണമാംവിധം ക്ഷമയോടെ കേട്ടിരിക്കുന്ന ഒരാളാണ് പ്രധാനമന്ത്രി മോദി.
ഇന്ത്യയുടെ G-20 ഷെർപ്പയായി പ്രവർത്തിച്ച കാലയളവിൽ അദ്ദേഹത്തിൽ കണ്ട ആ ശീലം പകർത്താൻ ഞാൻ ശ്രമിച്ചിരുന്നു-ഇടപെടുന്നതിന് മുൻപ് യോഗത്തിന്റെ ഭൂരിഭാഗം സമയവും മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം കേൾക്കുകയെന്ന ശീലം. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും പ്രധാനമന്ത്രി ശബ്ദമുയർത്തുന്നതോ അദ്ദേഹത്തിന്റെ സംയമനം നഷ്ടപ്പെടുന്നതോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ആത്മസംയമനത്തിലാണ് അദ്ദേഹത്തിന്റെ കരുത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |