SignIn
Kerala Kaumudi Online
Saturday, 19 September 2026 3.12 AM IST

എ.ഐക്കൊപ്പം വളരണം സൈബർ സുരക്ഷയും

dd

നിർമ്മിത ബുദ്ധി അഥവാ എ.ഐ നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വേഗത്തിൽ കടന്നുവരികയാണ്. അതിന്റെ സാദ്ധ്യതകൾ വളരെ വലുതാണ്. എന്നാൽ അതിനൊപ്പം നിരവധിയായ അപകടങ്ങളും വളരുന്നുണ്ട്. അത് വ്യക്തികളുടെ സ്വകാര്യതയെ മാത്രമല്ല, ദേശ സുരക്ഷയെയും ജനാധിപത്യത്തെയുംവരെ ബാധിക്കുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു.

അടുത്തിടെ ആന്ത്രോപിക് പുറത്തുവിട്ട എ.ഐ ദുരുപയോഗത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു.

വ്യാജവിവര പ്രചാരണം, സൈബർ ആക്രമണം, നിരീക്ഷണം, തട്ടിപ്പ്, ജൈവ ഗവേഷണത്തിന്റെ ദുരുപയോഗം തുടങ്ങിയ നിരവധി മേഖലകളിൽ എ.ഐ ഉപയോഗിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എ.ഐ ഉപയോഗിച്ച് ഒരു വ്യാജ സന്ദേശം തയ്യാറാക്കുന്നതിൽ മാത്രം കാര്യങ്ങൾ ഒതുങ്ങുന്നില്ല. ഇന്ന് എ.ഐയെ മറ്റ് സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ച് ഒരു പ്രവർത്തനത്തിന്റെ പലഘട്ടങ്ങളും ഒരേസമയം ചെയ്യാൻ കഴിയും. ഉള്ളടക്കം തയ്യാറാക്കുക, അത് വീഡിയോയാക്കുക, പല അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ വളരെ കുറച്ച് ആളുകൾക്ക് ചെയ്യാൻ കഴിയുന്ന അവസ്ഥയാണിത്.

മനുഷ്യരുടെ കഴിവും വേഗതയും എ.ഐ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ എ.ഐയുടെ ദുരുപയോഗം മുൻപെന്നതിനെക്കാൾ വലിയ തോതിൽ സംഭവിക്കാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്. ഒരു വ്യക്തിക്ക് തന്നെ എ.ഐയുടെ സഹായത്തോടെ നൂറുകണക്കിന് വ്യാജ ഉള്ളടക്കങ്ങൾ സൃഷ്ടിച്ച് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കാൻ കഴിയുന്ന ഭീതിദമായ സാഹചര്യം ഇന്നുണ്ടാകുന്നുണ്ട്. ഇതുമൂലം യഥാർത്ഥ വാർത്തയും എ.ഐ സൃഷ്ടിച്ച വ്യാജ ഉള്ളടക്കവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ സാധാരണക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും.

എ.ഐ രംഗത്തെ പ്രമുഖർ തന്നെ ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിൽനിന്ന് നമ്മൾ ചോദിക്കേണ്ട ചോദ്യം എ.ഐയുടെ വളർച്ച തടയണമോ എന്നല്ല. എ.ഐ അതിവേഗം വളരുമ്പോൾ അതിനനുസരിച്ച് നമ്മുടെ സുരക്ഷാ സംവിധാനങ്ങളും നിയമങ്ങളും വളരുന്നുണ്ടോ എന്നതാണ്. നിർമ്മിത ബുദ്ധിയുടെ ദുരുപയോഗം തടയുന്നതിന് കമ്പനികൾ സ്വമേധയാ പാലിക്കുന്ന ചില മാനദണ്ഡങ്ങൾ മാത്രം മതിയാകില്ല. അതിന് വ്യക്തമായ നിയമങ്ങളും ഉത്തരവാദിത്വമുള്ള സംവിധാനങ്ങളും ആവശ്യമാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടിക്രമങ്ങളും വേണം. ഈ ലേഖകൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സഹമന്ത്രിയായിരുന്ന വേളയിൽ ഇന്ത്യയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനായി ‘സുരക്ഷിതം, വിശ്വസനീയം, ഉത്തരവാദിത്വപരം’ എന്ന തത്വത്തെ അടിസ്ഥാനമാക്കി നിയമപരമായ ചട്ടക്കൂടുകൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചിരുന്നു.

പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്വം ഉണ്ടാകണം എന്നതായിരുന്നു അതിന്റെ കാതൽ. ഇന്ന് എ.ഐയുടെ വർദ്ധിതകാലത്ത് ആ സമീപനം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിഷയം കൂടുതൽ പ്രധാനമാണ്. വിവിധ ഇന്ത്യൻ ഭാഷകളിൽ എ.ഐ ഉപയോഗിച്ച് വ്യാജവിവരങ്ങൾ വളരെ വേഗത്തിൽ തയ്യാറാക്കാനും പ്രചരിപ്പിക്കാനും കഴിയും. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഉള്ളടക്കങ്ങൾ ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കാൻ ഉപയോഗിക്കപ്പെടാനുള്ള സാദ്ധ്യതയും നമ്മൾ ഗൗരവമായിത്തന്നെ കാണണം.

സുരക്ഷാ മാനദണ്ഡങ്ങൾ

എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ തിരിച്ചറിയാൻ കഴിയുന്ന സംവിധാനങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ച് രാഷ്ട്രീയവും പൊതുതാത്പര്യവുമായ വിഷയങ്ങളിൽ എ.ഐ സൃഷ്ടിച്ച ഉള്ളടക്കമാണെന്ന് വ്യക്തമാക്കുന്ന അടയാളപ്പെടുത്തൽ സംവിധാനം പരിഗണിക്കണം. മറ്റൊരു പ്രധാന വിഷയം സ്വകാര്യതയാണ്. ആളുകളെ നിരീക്ഷിക്കുന്നതിനും അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും എ.ഐ ഉപയോഗിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാം. പക്ഷേ അതിന്റെ മറപിടിച്ചും സാങ്കേതികവിദ്യയുടെ പേരിലും പൗരന്മാരുടെ സ്വകാര്യതയും അവകാശങ്ങളും നഷ്ടപ്പെടാനോ നഷ്ടപ്പെടുത്താനോ പാടില്ല.

നിർമ്മിത ബുദ്ധിക്ക് ലഭിക്കുന്ന വിപുലമായ അധികാരവും സാദ്ധ്യതകൾക്കും ഒപ്പം അതിന്റെ ഉത്തരവാദിത്വവും ഒരുമിച്ച് കാണണം. ഒരു ചോദ്യത്തിന് ഉത്തരം നൽകുന്ന എ.ഐയും വിവിധ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് സ്വയം പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന എ.ഐയും ഒരുപോലെയല്ല എന്ന തിരിച്ചറിവ് നമുക്ക് വേണം. ഇത്തരത്തിലുള്ള ശക്തമായ എ.ഐ സംവിധാനങ്ങൾക്ക് കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പടുത്തേണ്ടത് ആവശ്യമാണ്.

വേണം, ശക്തമായ

നിയമ സംവിധാനം

എ.ഐ കമ്പനികൾ കണ്ടെത്തുന്ന ഗുരുതരമായ ദുരുപയോഗങ്ങൾ ബന്ധപ്പെട്ട അധികാരികളെ നിർബന്ധമായും അറിയിക്കുന്നതിനുള സംവിധാനവും നിലവിൽ വരേണ്ടതുണ്ട്. സുരക്ഷാ പരിശോധനകൾ നടത്താനും നിയമലംഘനങ്ങളിൽ നടപടി സ്വീകരിക്കാനും കഴിയുന്ന ശക്തമായ നിയമ സംവിധാനം രാജ്യത്ത് വേണം.

അതോടൊപ്പം ഇന്ത്യൻ എ.ഐ സംവിധാനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യ സ്വന്തം എ.ഐ ശേഷി വികസിപ്പിക്കുന്ന ഈ ഘട്ടത്തിൽ നമ്മുടെ സാങ്കേതികവിദ്യയും വിവരങ്ങളും അനധികൃതമായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

ഇവയെല്ലാം പറയുമ്പോൾ ഒരു കാര്യം വ്യക്തമായി പറയേണ്ടതുണ്ട്. എ.ഐയുടെ വളർച്ച തടയുക എന്നതല്ല ലക്ഷ്യം. അതിന്റെ ഗുണങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുകയും അതിന്റെ അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടേണ്ടത്.

സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ എ.ഐ ഭരണത്തിനും ഇന്ത്യക്ക് സ്വന്തം മാതൃക മുന്നോട്ടുവയ്ക്കാനാകും.

സാങ്കേതികവിദ്യ വളരുന്ന വേഗതയേക്കാൾ പിന്നിലാകരുത് നമ്മുടെ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും എന്നതാകണം നമ്മുടെ സമീപനം. എ.ഐയുടെ വേഗത കുറയ്ക്കണമെന്നല്ല, അതിന്റെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ അതേ വേഗത്തിൽ വളരണമെന്നാണ് ആവശ്യം.

മനുഷ്യ പ്രയത്നങ്ങളെ സഹായിക്കാനും സേവിക്കാനും ഉതകുന്നതാകണം നിർമ്മിത ബുദ്ധി. അല്ലാതെ അവകാശങ്ങൾക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും മുകളിലാകരുത് അതിന്റെ സ്ഥാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY