SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.18 AM IST

ഉണ്ണിയാടന്റെ 'അടവ്' നയം എന്താകുമോ എന്തോ?

thomas-unniyadan

കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങളും നേതാക്കളുടെ വ്യക്തിഗത നിലപാടുകളും എപ്പോഴും ജനശ്രദ്ധയാകർഷിക്കാറുണ്ട്. മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ മുതിർന്ന നേതാവുമായ അഡ്വ. തോമസ് ഉണ്ണിയാടനെ ചുറ്റിപ്പറ്റി അടുത്തിടെ പുറത്തുവന്ന രാഷ്ട്രീയ വാർത്തകളും വാദപ്രതിവാദങ്ങളും പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പാർട്ടി വിടൽ, പുതിയ രാഷ്ട്രീയ താവളം തേടൽ, മുന്നണിമാറ്റ സാദ്ധ്യതകൾ തുടങ്ങി പലതലങ്ങളിലൂടെയാണ് വിഷയം കടന്നുപോകുന്നത്.

ഇരിങ്ങാലക്കുടയുടെ ജനകീയ മുഖം

ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒന്നിലേറെത്തവണ നിയമസഭയിലെത്തിയ തോമസ് ഉണ്ണിയാടൻ, മദ്ധ്യ കേരളത്തിലെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിദ്ധ്യമാണ്. അഭിഭാഷകൻ, നിയമസഭാംഗം, ചീഫ് വിപ്പ് എന്നീ നിലകളിൽ തിളങ്ങിയ അദ്ദേഹത്തിന് മണ്ഡലത്തിലുള്ള ജനകീയ അടിത്തറ ഉറച്ചതാണ്. 2016ലും പിന്നീട് 2021ലും പരാജയത്തിന്റെ കയ്പ് നീര് കുടിച്ച അദ്ദേഹം 2026ൽ ശക്തമായി തിരിച്ചുവന്നു.

മുൻപുണ്ടായ പരാജയങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമായിരുന്നു. പ്രാദേശിക ഘടങ്ങൾ ഉൾപ്പെടെ ഉണ്ണിയാടന് വെല്ലുവിളിയായിരുന്നു. കെ.എം.മാണിക്കൊപ്പം നിന്ന സമയത്തും ഭിന്നിപ്പിന്റെ കാലത്ത് പി.ജെ.ജോസഫിനൊപ്പം നിന്നപ്പോഴുമെല്ലാം ഉണ്ണിയാടൻ പ്രാദേശികമായ കരുത്ത് നിലനിറുത്തി. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസിന്റെ വേരോട്ടം ശക്തമാക്കുന്നതിലും ഉണ്ണിയാടന്റെ പങ്കുണ്ടായിരുന്നു.


പാർട്ടിക്കുള്ളിലെ ഭിന്നതകളും അവഗണനയും

കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും അതൃപ്തികളുമാണ് തോമസ് ഉണ്ണിയാടനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. ഒരുകാലത്ത് പാർട്ടിയുടെ ഏറ്റവും സജീവ നേതാവും വാഗ്മിയുമായ മുഖമായിരുന്നു ഉണ്ണിയാടൻ. പാർട്ടി പുനഃസംഘടനകളിലും തീരുമാനങ്ങളെടുക്കുന്ന സമിതികളിലും അദ്ദേഹത്തെ തഴയുന്നു എന്ന വികാരം കുറച്ചുകാലമായി നിലനിൽക്കുന്നുണ്ടായിരുന്നു.

മുന്നണി സ്ഥാനാർത്ഥി നിർണയത്തിലും തൃശൂർ ജില്ലയിലെ രാഷ്ട്രീയ തീരുമാനങ്ങളിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അമർഷം അദ്ദേഹവും അദ്ദേഹത്തെ അനുകൂലിക്കുന്ന പ്രവർത്തകരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. യു.ഡി.എഫ് തിളക്കമാർന്ന ജയം നേടിയിട്ടും ജോസഫ് ഗ്രൂപ്പിനു മികച്ച വിജയമുണ്ടായിട്ടും പി.ജെ.ജോസഫിനൊപ്പം തലപ്പൊക്കമുള്ള നേതാവായ തന്നെ ക്യാബിനറ്റ് റാങ്കുകളിലേക്ക് പരിഗണിച്ചില്ലെന്നതാണ് ഉണ്ണിയാടന്റെയും അണികളുടെയും പ്രധാന പരാതി.

പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ സ്ഥാനത്തും മറ്റ് പ്രധാന സമിതികളിലും ഉണ്ണിയാടന് അവഗണന നേരിടേണ്ടി വന്നുവെന്നാണ് മറ്റൊരു ആരോപണം. ഈ അവഗണനകളാണ് സ്വന്തം രാഷ്ട്രീയ ശക്തി തെളിയിക്കാൻ ഉണ്ണിയാടനെ പ്രേരിപ്പിക്കുന്നത്.

മുന്നണിമാറ്റ ചർച്ചകളും

എൽ.ഡി.എഫ് ബന്ധവും

തോമസ് ഉണ്ണിയാടന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച വാർത്തകളിൽ ഏറ്റവും പ്രധാനപ്പെട്ടത് അദ്ദേഹം കോൺഗ്രസിനൊപ്പം പോകാനൊരുങ്ങുന്നു എന്നുള്ളതാണ്. നിയമസഭാ സാമാജികത്വത്തിന്റെ 25-ാം വാർഷികത്തിൽ നൽകിയ സ്വീകരണ പരിപാടിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുന്നുവെന്ന സൂചന നൽകിയത്.

പാർട്ടിയിലെ ഒരു വിഭാഗത്തെ പൂർണമായും തഴഞ്ഞ് ഉണ്ണിയാടൻ സൗഹൃദ കൂട്ടായ്മയുടെ പേരിൽ സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്തത് എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ. പരിപാടിയിലുടനീളം ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യം. എല്ലാംകൂടി കൂട്ടിവായിച്ചപ്പോൾ ജനം ഉറുപ്പിച്ചു. ഉണ്ണിയാടൻ കോൺഗ്രസിലേക്ക് തന്നെ...

എൽ.ഡി.എഫിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്നതായിരുന്നു മറ്റൊരു സംശയം. കേരള കോൺഗ്രസ് (എം) മാണി വിഭാഗത്തിന്റെ ഭാഗമായി എൽ.ഡി.എഫിലേക്ക് എത്തിയേക്കാമെന്ന തരത്തിലായിരുന്നു ചർച്ചകൾ.

കെ.എം.മാണിയുടെ വിശ്വസ്തനായി രാഷ്ട്രീയരംഗത്ത് ഉയർന്നുവന്ന നേതാവാണ് തോമസ് ഉണ്ണിയാടൻ. കേരള കോൺഗ്രസ് പിളർപ്പുകൾക്ക് ശേഷമാണ് അദ്ദേഹം ജോസഫ് ഗ്രൂപ്പിൽ ഉറച്ചുനിന്നത്. എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാണി വിഭാഗം (ജോസ് കെ. മാണി നേതൃത്വം നൽകുന്ന) എൽ.ഡി.എഫിന്റെ ഭാഗമായി നിൽക്കുമ്പോൾ, ഉണ്ണിയാടന് പഴയ താവളത്തിലേക്ക് മടങ്ങിയെത്താൻ യാതൊരു പ്രയാസവുമില്ല.

കർഷക രാഷ്ട്രീയം ഉറക്കെ പറഞ്ഞ നേതാവ്

കേരള കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ ജീവനാഡി എപ്പോഴും കർഷക താത്പര്യങ്ങളാണ്. റബർ, തെങ്ങ്, നെല്ല്, കശുവണ്ടി തുടങ്ങിയ കാർഷിക മേഖലകൾ കടുത്ത പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ, കർഷകരുടെ ശബ്ദമായി മാറാൻ കഴിയുന്ന നേതാക്കൾക്ക് രാഷ്ട്രീയമായി വലിയ പ്രസക്തിയുണ്ട്.

അഡ്വ. തോമസ് ഉണ്ണിയാടൻ തന്റെ രാഷ്ട്രീയ പ്രസംഗങ്ങളിലൂടെയും നിയമസഭാ ഇടപെടലുകളിലൂടെയും എപ്പോഴും കർഷക വിഷയം സജീവമായി ഉന്നയിച്ചിരുന്നു. എന്നാൽ, നിലവിലെ യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്വാധീനം കുറഞ്ഞുവരുന്നതും മുന്നണിക്ക് ഉള്ളിൽ കർഷക ശബ്ദം അവഗണിക്കപ്പെടുന്നതും ഉണ്ണിയാടനെ പുനർ വിചിന്തനത്തിലേക്ക് നയിച്ചേക്കാം.


ജോസഫ് വിഭാഗത്തിനു തിരിച്ചടി

ഉണ്ണിയാടന്റെ ഈ നീക്കം യു.ഡി.എഫിനും പ്രത്യേകിച്ച് പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനും വലിയ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ഉണ്ണിയാടൻ പോയാൽ, കരുത്തനായ ഒരു നേതാവിനെയാകും അവർക്ക് നഷ്ടമാകുക. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ തുടങ്ങിയ മേഖലകളിൽ ഉണ്ണിയാടന് വ്യക്തിപരമായ ബന്ധങ്ങളും അനുഭാവി വൃന്ദങ്ങളുമുണ്ട്. അദ്ദേഹം പാർട്ടി വിട്ടാൽ ഈ മേഖലകളിലെ ഒരു വിഭാഗം പ്രവർത്തകർ അദ്ദേഹത്തോടൊപ്പം ചേക്കേറാൻ സാദ്ധ്യതയുണ്ട്. മദ്ധ്യകേരളത്തിൽ യു.ഡി.എഫിനുണ്ടെന്ന് അവകാശപ്പെടുന്ന കർഷക- ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്തുണയിൽ ചോർച്ചയുണ്ടാക്കാൻ ഇത്തരം നേതാക്കളുടെ പടിയിറക്കത്തിനു സാധിക്കും.

ഇരിങ്ങാലക്കുടയുടെ ഭാവി രാഷ്ട്രീയ ചിത്രം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളിലും പ്രാദേശിക രാഷ്ട്രീയത്തിലും നിന്ന് വ്യക്തമാകും. ഉണ്ണിയാടൻ എൽ.ഡി.എഫ് പിന്തുണയോടെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി രംഗത്തുവന്നാലും കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്നാലും ഇരിങ്ങാലക്കുടയുടെ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു രേഖപ്പെടുത്തലായി അതുമാറും.

ഒന്നുറപ്പാണ്ഉണ്ണിയാടൻ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ ഇരിങ്ങാലക്കുടയിലെ മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരും.


കാബിനറ്റ് പദവിയാണ് പ്രശ്‌നം, പക്ഷേ...

ഏതൊരു രാഷ്ട്രീയ നേതാവിനും മുന്നോട്ടുള്ള യാത്രയിൽ തങ്ങളുടെ നയങ്ങളും നിലപാടുകളും പുനരവലോകനം ചെയ്യേണ്ടി വരാറുണ്ട്. തോമസ് ഉണ്ണിയാടൻ ഉയർത്തുന്ന വാദങ്ങളും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ പാതയും കേരള രാഷ്ട്രീയം നിരീക്ഷിക്കുകയാണ്. മന്ത്രി സ്ഥാനം നൽകിയില്ല എന്നത് മാത്രമല്ല അദ്ദേഹത്തെ ചൊടിപ്പിച്ചത്. ചീഫ് വിപ്പ് സ്ഥാനം ജോസഫിന്റെ മകനായ അപു ജോൺ ജോസഫിന് നൽകിയതിലും ഉണ്ണിയാടനും അനുഭാവികളും ശക്തമായ എതിർപ്പ് അറിയിക്കുന്നുണ്ടിപ്പോൾ. മക്കൾ രാഷ്ട്രീയം പാടില്ലെന്ന് പറഞ്ഞിടത്തു നിന്ന് മക്കൾ രാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങിയ ജോസഫിന്റെ നിലപാടിനെ ഉണ്ണിയാടൻ ഇപ്പോൾ നിരന്തരമായി ചോദ്യം ചെയ്യുന്നുമുണ്ട്.

ഏതായാലും കേരള രാഷ്ട്രീയത്തിൽ 'കേരള കോൺഗ്രസ് സംസ്‌കാരം" ഉണ്ടാക്കിയ മാറ്റങ്ങളുടെയും പുനർ ഏകീകരണങ്ങളുടെയും പുതിയൊരു അദ്ധ്യായത്തിനാണ് തോമസ് ഉണ്ണിയാടൻ തുടക്കമിട്ടിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOMAS UNNIYADAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY