
1980 നവംബർ 1. കേരളപ്പിറവിയുടെ 23-ാം വാർഷികദിനം. പന്ത്രണ്ടാമത് ജില്ലയായി വയനാട് ജില്ല പിറവിയെടുക്കുന്നത് അന്നാണ്. മുഖ്യമന്ത്രി ഇ.കെ.നായനാരുടെ നേതൃത്വത്തിലുളള ഇടതുമുന്നണി സർക്കാരാണ് വയനാടിന് ഒരു ജില്ല വേണമെന്ന തീരുമാനത്തിലെത്തുന്നത്. അതുവരെ വടക്കെ വയനാട് കണ്ണൂർ ജില്ലയുടെയും തെക്കെ വയനാട് കോഴിക്കോട് ജില്ലയുടെയും ഭാഗമായിരുന്നു. ചെറിയ കാര്യങ്ങൾക്കായി തെക്കെ വയനാട്ടുകാർ കോഴിക്കോടേക്കും വടക്കെ വയനാട്ടുകാർ കണ്ണൂരിലേക്കും യാത്ര ചെയ്യേണ്ടി വന്നു. വികസനം ചുരം കയറിയെത്താനായാണ് ദീർഘവീക്ഷണത്തോടെ അന്ന് ഇടതുമുന്നണി വയനാട് ജില്ലയ്ക്ക് രൂപം നൽകാൻ തീരുമാനിച്ചത്. സർക്കാർ തലത്തിൽ ജില്ലയ്ക്ക് രൂപം നൽകുന്നതിന് മുമ്പേ സി.പി.എം സംഘടനാ അടിസ്ഥാനത്തിൽ 1973ൽ വയനാടിനെ ജില്ലാ കമ്മിറ്റി എന്ന നിലയിലാണ് കണ്ടിരുന്നത്.സി.പി. എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ പലരും പറഞ്ഞ് കളിയാക്കി 'ഇല്ലാത്ത ജില്ലയ്ക്ക് വല്ലാത്തൊരു കമ്മിറ്റി" എന്ന് .
രണ്ട് ജില്ലകളിലായി വ്യാപിച്ച് കിടന്ന വയനാടിനെ ഒരു ജില്ലയാക്കി സർക്കാർ പ്രഖ്യാപിക്കുമ്പോൾ വികസനം എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിൽ. എന്നാൽ വികസനം ചുരം കയറി എത്തിയോ?. ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിലാണ് കൽപ്പറ്റയിൽ ജില്ലാ രൂപീകരണം നടന്നത്. മുഖ്യമന്ത്രി ഇ.കെ.നായനാരാണ് അന്ന് ജില്ലയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ല രൂപീകരിക്കുമ്പോൾ ആസ്ഥാനം എവിടെയായിരിക്കണം എന്നതിനെക്കുറിച്ച് പല തർക്കങ്ങളും നടന്നു. കൽപ്പറ്റയിലുളളവരും മാനന്തവാടിയിലുള്ളവരും സുൽത്താൻ ബത്തേരിയിലുള്ളവരും ജില്ലാ ആസ്ഥാനം സംബന്ധിച്ച് തർക്കം ഉന്നയിച്ചു. ഇത് സംബന്ധിച്ച് വാദപ്രതിവാദങ്ങളേറെ ഉണ്ടായി. എന്നാൽ കൽപ്പറ്റയ്ക്കടുത്ത കോട്ടപ്പടിയാണ് ജില്ലാ ആസ്ഥാനമായത്. ഇവിടെ സ്ഥലം കണ്ടെത്തി ആസ്ഥാനം നിർണയിക്കുക എന്നതായിരുന്നു പരിഹാരം.
എന്നാൽ കോട്ടപ്പടിയിൽ സ്ഥലമെടുക്കാൻ കഴിയാതെ പോയി. ഒടുവിൽ ജില്ലാ ആസ്ഥാനം കൽപ്പറ്റയിലെന്ന് തീരുമാനമായി. കൽപ്പറ്റ പുളിയാർമലയിലെ അനന്തകൃഷ്ണപുരം ബോർഡിംഗ് ട്രസ്റ്റ് പുളിയാർമല കൃഷ്ണഗൗഡർ ഹാൾ ജില്ലാ കളക്ടറേറ്റിനായി താത്കാലികമായി വിട്ടുനൽകി.
ഇപ്പോഴത്തെ വയനാട് കളക്ടറേറ്റ് വരുംവരെ കളക്ടറേറ്റിന്റെ പ്രവർത്തനം പുളിയാർമലയിലായിരുന്നു. ജില്ലാ ആസ്ഥാനം കൽപ്പറ്റയിൽ വന്നതോടെ മാനന്തവാടി പ്രദേശത്തെ ജനങ്ങൾക്ക് വിഷമമായി. ഇത് കണക്കിലെടുത്ത് അന്ന് ജില്ലാ ആശുപത്രിയും ആർ.ഡി.ഒ ഓഫീസും മാനന്തവാടിക്ക് നൽകി പ്രശ്നം പരിഹരിച്ചു. അന്നത്തെ താലൂക്ക് ആശുപത്രിയാണ് ഇടതുമുന്നണി സർക്കാർ ജില്ലാ ആശുപത്രിയായി ഉയർത്തിയത്. എന്നാൽ സുൽത്താൻ ബത്തേരിക്ക് വേണ്ട പരിഗണ ലഭിച്ചതുമില്ല. സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് കോളേജായിരുന്നു അതുവരെ ജില്ലയിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനം.
ഇത് കണക്കിലെടുത്ത് കൽപ്പറ്റയിലും മാനന്തവാടിയിലും സർക്കാർ തലത്തിൽ കോളേജ് പ്രഖ്യാപിച്ചു. പിന്നീട് പുൽപ്പള്ളിയിലും കോളേജ് വന്നു. ഇതോടെയാണ് ഉന്നത വിദ്യാഭ്യാസത്തിനായി ചുരം ഇറങ്ങുന്നത് തത്കാലത്തേക്ക് നിലച്ചത്. പാരലൽ കോളേജുകളെ മാത്രം ആശ്രയിച്ച് വിദ്യ അഭ്യസിച്ചിരുന്ന കുട്ടികൾക്ക് ഇത് വലിയൊരു അനുഗ്രഹമായി. യാത്രാ പ്രശ്നം കൊണ്ട് പൊറുതി മുട്ടിയിരുന്നു അന്ന് വയനാട്. ഉദ്ഘാടന ദിവസം തന്നെ നാല് ബസുകൾ അന്നത്തെ ഗതാഗതമന്ത്രി ലോനപ്പൻ നമ്പാടൻ പ്രഖ്യാപിച്ചു.
വികസനം ഒച്ചിന്റെ വേഗത്തിൽ
വയനാട് ജില്ല ഇന്ന് നാൽപ്പത്തിയാറ് പിന്നിടുന്നു. എന്താണ് ഇവിടെയുണ്ടായ വികസനനേട്ടങ്ങൾ. മാറി വന്ന സർക്കാരുകൾ വികസനം ഒറ്റയടിക്കങ്ങ് നടപ്പിലാക്കിയിട്ടില്ല. ഒരിക്കലും അവസാനിക്കാത്ത ചുരത്തിലെ നിർമ്മാണ പ്രവൃത്തി പോലെ വയനാട്ടിലെ വികസനപ്രവർത്തനങ്ങളും അങ്ങനെ ഒച്ചിന്റെ വേഗത്തിൽ പോകുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ പറയത്തക്ക വികസനം ഇന്നും എത്തിയില്ല. വയനാട്ടിലെ ആദിവാസികളുടെ വിഷയങ്ങൾ മാറിവരുന്ന സർക്കാരുകൾക്ക് ഒരു കറവപ്പശു തന്നെ.
കേന്ദ്ര കേരള സർക്കാരുകൾ ഫണ്ടുകൾ നൽകാൻ മത്സരിക്കുന്നു. പക്ഷെ ഗുണഭോക്താക്കളായ ആദിവാസികളിൽ അത് എത്തുന്നില്ല.
കീറാമുട്ടിയായി ഗതാഗതപ്രശ്നം
രാത്രിയാത്രാ നിരോധനം ഇന്നും തുടരുന്നു. 2009 ജൂലായ് 27നാണ് രാത്രിയാത്രാ നിരോധനം നിലവിൽ വന്നത്. മൂലഹള മുതൽ മഥൂർ വരെ 19 കിലോ മീറ്റർ ദൂരത്തിൽ രാത്രി ഒമ്പത് മുതൽ പുലർച്ചെ ആറ് വരെയാണ് നിരോധനം. സഞ്ചാരസ്വാതന്ത്ര്യം പോലും കഴിഞ്ഞ പതിനേഴ് വർഷമായി നേടിയെടുക്കാൻ കഴിഞ്ഞതുമില്ല.
വയനാട് ജില്ലയിലേക്ക് പ്രവേശിക്കണമെങ്കിൽ അഞ്ചുചുരങ്ങളെ ആശ്രയിക്കണം. പ്രധാന ചുരം പാതയായ താമരശ്ശേരി ചുരത്തിൽ നാലും അഞ്ചും മണിക്കൂർ നേരം ഗതാഗതക്കുരുക്കിൽ കുടുങ്ങി വേണം ലക്ഷ്യ സ്ഥാനത്തെത്താൻ. അരമണിക്കൂർ കൊണ്ട് ചുരം കയറേണ്ട സ്ഥാനത്താണ് ഇത്രയും മണിക്കൂർ ചുരത്തിൽ ഹോമിക്കപ്പെടുന്നത്.
ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണ് ആനക്കാംപൊയിൽ കളളാടി തുരങ്കപാത ഇടതുമുന്നണി സർക്കാർ അവതരിപ്പിച്ചത്. എന്നാൽ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മാസങ്ങളായി തുരങ്കപാതയുടെ നിർമ്മാണം നിലച്ചു. ഭരണവും മാറി. ജനങ്ങളുടെ വലിയൊരു പ്രതീക്ഷയാണ് അനിശ്ചിതത്വത്തിലായത്. തുരങ്കപാതയുടെ ഭാവിയെന്തെന്ന് പോലും പറയാൻ ആർക്കും അറിയില്ല. വയനാട്ടിലേക്കുളള താമരശ്ശേരി, പേര്യ, ബോയ്സ് ടൗൺ പാൽചുരം, കുറ്റിയാടി പക്രംതളം ചുരം റോഡുകൾ തകർച്ചയുടെ വക്കിലുമാണ്. ചുരമില്ലാ ബദൽ പാതകൾ യാഥാർത്ഥ്യമാക്കാനും ഇതേവരെ കഴിഞ്ഞതുമില്ല.
ആരോഗ്യമേഖലയിലും പ്രശ്നങ്ങൾ
ജില്ലാ ആശുപത്രിയെ വയനാട് മെഡിക്കൽ കോളേജായി ഉയർത്തിയതല്ലാതെ അടിസ്ഥാനസൗകര്യം ഇന്നും ഇവിടെ നടപ്പിലാക്കിയിട്ടില്ല. വയനാട് മെഡിക്കൽ കോളേജ് സ്ഥലമെടുപ്പ് എവിടെയും എത്തിയില്ല. കൽപ്പറ്റയിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ കോളേജിനായി അമ്പത് ഏക്കർ ഭൂമി സൗജന്യമായി നൽകിയിരുന്നു. മെഡിക്കൽ കോളേജ് സ്ഥലമെടുപ്പ് കീറാമുട്ടിയായി. മെഡിക്കൽ കോളേജും ഇവിടെയെന്നത് തർക്ക വിഷയം തന്നെ.
ഉരുൾബാധിതർ ദുരിതത്തിൽ
രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾ ദുരന്തമായിരുന്നു മുണ്ടക്കൈ ചൂരൽമലയിലേത്. എന്നാൽ നാളിത്രയായിട്ടും വയനാട് ടൗൺ ഷിപ്പിലെ പുനരധിവാസം ഇന്നും പൂർത്തിയായില്ല. ഇന്നലെയായിരുന്നു രണ്ടാംഘട്ട ഗുണഭോക്താക്കളുടെ നറുക്കെടുപ്പ്. ഇനി എന്ന് ഇവർക്ക് വീട് ലഭിക്കും എന്ന നിശ്ചയമില്ല. പറഞ്ഞതൊന്നും ഉരുൾ ദുരിതബാധിതരുടെ കാര്യത്തിൽ യാഥാർത്ഥ്യമായില്ല. ഒരു ഉന്മേഷക്കുറവ് ഇവിടെയും വ്യക്തം. എല്ലാം നഷ്ടപ്പെട്ടവരാണ് ഉരുൾ ദുരിതബാധിതർ എന്ന തിരിച്ചറിവ് വിസ്മരിക്കാൻ പാടില്ല. വയനാടിന്റെ നട്ടെല്ലാണ് കൃഷി. മാറുന്ന കാലാവസ്ഥ കാർഷിക മേഖലയെ ആകെ തകർത്തിട്ടുണ്ട്. വിളയും വിലയും ഇല്ലാതെ വരുമ്പോൾ കർഷകരുടെ എല്ലാ പ്രതീക്ഷകളും തകരുന്നു. കൃഷി മന്ത്രി വയനാട്ടിൽ നിന്നാണ്. പക്ഷേ കരുണ ഉണ്ടായില്ലെങ്കിൽ കർഷകരുണ്ടാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |