SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.59 AM IST

ഇ.എസ്.എ ഭീതിയിൽ മലയോര ഗ്രാമങ്ങൾ

village

വന്യമൃഗങ്ങളുടെ ആക്രമണങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച് ജീവിതം പടുത്തുയർത്തിയവരാണ് കേരളത്തിലെ മലയോര ജനത. എന്നാൽ, അവരുടെ തലയ്ക്ക് മുകളിൽ എന്നും തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാളാണ് ഒരിക്കലും അവസാനിക്കാത്ത ഭൂപ്രശ്നങ്ങൾ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ തുടങ്ങി ഇപ്പോൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനം വരെയെത്തി നിൽക്കുമ്പോഴും, മലയോര കർഷകരുടെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും അറുതിയാകുന്നില്ല.

ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യവും ആഗോള പൈതൃക പദവിയും നിലനിറുത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രത്യേക നിയന്ത്രണമേർപ്പെടുത്തുന്ന മേഖലകളാണ് പരിസ്ഥിതി ലോല മേഖലകൾ (ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ- ഇ.എസ്.എ). യു.പി.എ സർക്കാരിന്റെ കാലത്ത് മാധവ് ഗാഡ്ഗിൽ കമ്മിറ്റി പശ്ചിമഘട്ടത്തെ പൂർണമായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തതോടെയാണ് മലയോരത്ത് ശക്തമായ ജനകീയ പ്രക്ഷോഭം രൂപപ്പെട്ടത്.

തുടർന്നു വന്ന ഡോ.കെ. കസ്തൂരിരംഗൻ സമിതി കേരളത്തിൽ 13,108 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയാക്കാൻ നിർദ്ദേശിച്ചു. ഇതിലും ജനവാസമേഖലകളും പ്രധാന നഗരങ്ങളും ഉൾപ്പെട്ടതോടെ ജനവികാരം വീണ്ടും ഇരമ്പി. തുടർന്നാണ് സംസ്ഥാന സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിഷനെ നിയോഗിച്ചത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി അത് 9,993.7 ചതുരശ്ര കിലോമീറ്ററായി (123 വില്ലേജുകൾ) ചുരുക്കാൻ ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ട് നിർദ്ദേശിച്ചു. കേരള സർക്കാർ ഈ ശുപാർശകൾ ഔദ്യോഗികമായി അംഗീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചു.

ഈ ശുപാർശകൾ ഭാഗികമായി അംഗീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ 2014 മാർച്ച് 10ന് ആദ്യത്തെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്നു മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ കേന്ദ്ര സർക്കാർ മാറിമാറി ഇറക്കിയ ആറ് കരട് വിജ്ഞാപനങ്ങളും സംസ്ഥാനങ്ങളുടെ എതിർപ്പ്, കാലാവധി തീരൽ, സുപ്രീംകോടതിയിലെയടക്കം കേസുകൾ എന്നിവ കാരണം റദ്ദാക്കപ്പെട്ടു. ഇക്കഴിഞ്ഞ ജൂലായ് 27നാണ് ഏഴാമത്തെ കരട് വിജ്ഞാപനം പുറത്തുവന്നത്.

അരക്കോടി ജനങ്ങളുടെ പ്രശ്നം

ആലപ്പുഴയും കാസർകോടും ഒഴികെയുള്ള കേരളത്തിലെ 12 ജില്ലകളിലെ 131 വില്ലേജുകളിലായി അരക്കോടിയോളം ജനങ്ങളെയാണ് ഈ പ്രശ്നം നേരിട്ട് ബാധിക്കുന്നത്. പുതിയ കരട് വിജ്ഞാപന പ്രകാരം 2,19,108 ഏക്കറാണ് (9993.7 ചതുരശ്ര കിലോമീറ്റർ) ഇ.എസ്.എ പരിധിയിൽ വരുന്നത്. ഇതിൽ വന ഇ.എസ്.എയും വനേതര ഇ.എസ്.എയുമുണ്ട്. 9107 ചതുരശ്ര കിലോമീറ്റർ വന ഇ.എസ്.എയ്ക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത്രയും സംരക്ഷിത വനമില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു.

ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിച്ച് അതിർത്തി നിർണയിച്ചതിനാൽ എണ്ണൂറിലധികം ജനസാന്ദ്രതയുള്ള പല ഗ്രാമങ്ങളും ജനവാസ മേഖലകളും കൃഷിയിടങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു വില്ലേജിന്റെ 20 ശതമാനം ഭാഗം ജൈവവൈവിദ്ധ്യ സമ്പന്നമായതിന്റെ പേരിൽ ആ വില്ലേജ് മുഴുവൻ ഇ.എസ്.എയായതോടെ പല പ്രധാന ടൗണുകളും പട്ടികയ്ക്കകത്തായി.

വികസനത്തിനും

ഉപജീവനത്തിനും കടിഞ്ഞാൺ
മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം സ്ഥാപനങ്ങളെ ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ രണ്ടാക്കി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

ചുവപ്പ് വിഭാഗം

ഇതിൽ പുതിയ നിർമ്മാണങ്ങളൊന്നും അനുവദിക്കില്ല. വാണിജ്യ ഖനനം, ക്വാറികൾ, മണലെടുപ്പ്, പുതിയ താപവൈദ്യുത നിലയങ്ങൾ, വൻകിട മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, വൻകിട നിർമ്മാണങ്ങൾ എന്നിവ പൂർണമായി നിരോധിച്ചിരിക്കുന്നു. നൂറിൽ കൂടുതൽ മുറികളുള്ള ഹോട്ടലുകൾ, വലിയ ആശുപത്രികൾ, കശാപ്പുശാലകൾ, ക്ഷീരോത്പാദന പ്ലാന്റുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.

ഓറഞ്ച് വിഭാഗം

ഇതിൽ വരുന്ന ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ, അരിമില്ലുകൾ, കാലിത്തീറ്റ/കോഴിത്തീറ്റ നിർമ്മാണം, ചെറുകിട ഹോട്ടലുകൾ, പ്രസുകൾ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവയെയും പുതിയ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കും. ഖനന നിരോധനം നിലവിൽ വരുന്നതോടെ കുഴൽക്കിണറുകളടക്കം നിർമ്മിക്കുന്നത് തടസപ്പെടും.

ടൂറിസം പ്രധാന ഉപജീവനമാർഗമായ ഇടുക്കി പോലുള്ള ജില്ലകളിൽ പുതിയ വലിയ ഹോട്ടലുകൾക്കോ റിസോർട്ടുകൾക്കോ അനുമതി ലഭിക്കില്ല. റോഡ് വികസനത്തിലുണ്ടാകുന്ന തടസവും ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്.

ഭൂമിയുടെ വില കുത്തനെ ഇടിയാനും ബാങ്ക് വായ്പകൾ തടസപ്പെടാനും സാദ്ധ്യതയുണ്ടെന്ന് മലയോര ജനത ഭയപ്പെടുന്നു.

കൃഷി ചെയ്യാമെന്ന് പറയുന്നുണ്ടെങ്കിലും രാസവളങ്ങളുടെയും കീടനാശിനിയുടെയും ഉപയോഗം, മരംമുറി, റോഡ് വികസനം എന്നിവയിലെല്ലാം കർശന നിയന്ത്രണം വരും.

അടങ്ങാത്ത പ്രതിഷേധം

ഇടുക്കി ജില്ലയിൽ മാത്രം 22 പഞ്ചായത്തുകൾ ഇന്നലെ പ്രത്യേക ഗ്രാമസഭകൾ ചേർന്ന് കരട് വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കി. 24ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരാനാണ് നീക്കം. ആകെ ഭൂവിസ്തൃതിയുടെ 11ശതമാനം മാത്രം ഇ.എസ്.എയുള്ള കർണാടക, കർഷകരുടെ ആശങ്ക കണക്കിലെടുത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കാനൊരുങ്ങുമ്പോൾ, 34 ശതമാനം ഇ.എസ്.എയുള്ള കേരളം ഇതുവരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ല.

മുപ്പതോളം വില്ലേജുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായും ഒഴിവാക്കണമെന്നാണ് കർഷക സംഘടനകളുടെ അടിയന്തര ആവശ്യം. വിജ്ഞാപനത്തിനെതിരെയുള്ള പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25 ആണ്. esz-mef@nic.in എന്ന ഇ- മെയിലിലൂടെ ജനങ്ങൾക്ക് പരാതി നൽകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VILLAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY