SignIn
Kerala Kaumudi Online
Monday, 02 November 2026 4.09 PM IST

ക്യാമറയെ പേടിച്ചിരുന്നവർ ഇന്ന് യൂട്യൂബ് താരങ്ങൾ; 'വില്ലേജ് ഫുഡ് കേരള'യുടെ തുടക്കം ഇങ്ങനെ

village-food-kerala
വില്ലേജ് ഫുഡ് കേരള ടീം പാചകത്തിനായി ഇറങ്ങിയപ്പോൾ

ബേക്കറിയിൽ കേക്ക് ഉണ്ടാക്കിയിരുന്ന അമ്മമാർക്ക് തങ്ങളുടെ പാചകം പുറംലോകത്തെ അറിയിക്കാൻ താൽപര്യം തോന്നി. 'വില്ലേജ് ഫുഡ് കേരള' എന്ന യൂട്യൂബ് ചാനൽ പിറവിയെടുത്തത് അങ്ങനെയാണ്. പാലക്കാട് സ്വദേശികളായ രജനി, ശാരദ, ധന്യ, രഞ്ജിനി, ജയപ്രഭ എന്നിവരാണ് വില്ലേജ് ഫുഡ് കേരള ചാനലിലൂടെ തങ്ങളുടെ പാചകം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് കൈയടി നേടുന്നത്.

ക്യാമറയെ കുറിച്ചോ സോഷ്യൽ മീഡിയ ട്രെൻഡിനെക്കുറിച്ചോ അറിയാത്ത ഇവർ പറമ്പിലും വീടുകളുടെ പരിസരത്തും പാചകം ചെയ്യുന്ന വീഡിയോകൾക്ക് ഇന്ന് ലോകം മുഴുവൻ ആരാധകരുണ്ട്. യൂട്യൂബിൽ ഒരു ലക്ഷത്തോളവും ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തോളവും ഫോളോവേഴ്സുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ യാത്രക്കുറിച്ച് കേരളകൗമുദിയോട് സംസാരിക്കുകയാണ്.

village-food-kerala
വില്ലേജ് ഫുഡ് കേരള ടീം

തുടക്കം ബേക്കറിയിൽ നിന്ന്


ഞങ്ങൾ ബേക്കറിയിൽ കേക്ക് ഉണ്ടാക്കുന്ന ജോലി ചെയ്യുന്ന സാധാരണ ജോലിക്കാരായിരുന്നു. തെജസ് ബേക്കറിയിൽ ജോലി ചെയ്യുന്ന ഞങ്ങൾക്ക് വീഡിയോ ചെയ്യാൻ താൽപര്യം തോന്നിയപ്പോൾ അതിന്റെ ഉടമ ജയപ്രസാദ് ചേട്ടന് അതിന് അവസരം നൽകി. അങ്ങനെയാണ് ഞങ്ങളുടെ ഈ യാത്ര ആരംഭിക്കുന്നത്.

അന്ന് ഞങ്ങളാരും സോഷ്യൽ മീഡിയയിൽ ഇത്രയും വലിയൊരു യാത്രയുടെ ഭാഗമാകുമെന്ന് കരുതിയിരുന്നില്ല. ഞങ്ങളുടെ താൽപര്യം മനസിലാക്കി ജയപ്രസാദ് ചേട്ടൻ മുന്നോട്ടുവന്നതും കാർത്തിക് ഈ പേജിന്റെ വീഡിയോ ജോലികൾ ഏറ്റെടുത്തതുമാണ് തുടക്കം.

കാർത്തിക്കാണ് ക്യാമറയിൽ വീഡിയോ എടുക്കുകയും അത് എഡിറ്റ് ചെയ്ത് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഓരോ ദിവസവും എന്ത് വീഡിയോ ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ പ്ലാൻ ചെയ്യും. പാലക്കാടിന്റെ വെയിലത്തും ചൂടത്തുമൊക്കെ നിന്ന് ആദ്യകാലത്ത് ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട്. ഇന്ന് ആ ദിവസങ്ങൾ ഓർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.

village-food-kerala
കാർത്തിക്കും ജയപ്രസാദും ടീമും

ജീവിതം തന്നെ മാറി


തെജസ് ബേക്കറിയിൽ കേക്ക് ഉണ്ടാക്കുന്നതായിരുന്നു പ്രധാന ജോലി. ജോലിയും വീട്ടുകാര്യങ്ങളുമൊക്കെയായി സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ ജീവിതത്തിൽ പുതിയൊരു അനുഭവം ലഭിച്ചു. കേക്ക് ഉണ്ടാക്കുന്നതിൽ നിന്ന് ക്യാമറയ്ക്ക് മുന്നിൽ വന്ന് പാചകം ചെയ്യുന്നതിലേക്കും സംസാരിക്കുന്നതിലേക്കും ഞങ്ങൾ എത്തി.

ആദ്യമൊക്കെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ചെറിയൊരു മടിയുണ്ടായിരുന്നു. എന്ത് പറയണം, എങ്ങനെ പറയണം എന്നൊക്കെ ചിന്തിക്കുമായിരുന്നു. പക്ഷേ പതുക്കെ അതെല്ലാം മാറി. ഇന്ന് ഞങ്ങളുടെ വീഡിയോകൾ കാണുന്ന ആളുകൾ ഞങ്ങളെ തിരിച്ചറിയുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യുമ്പോൾ വലിയ സന്തോഷം തോന്നുന്നു.

യൂട്യൂബിൾ നിന്ന് സിൽവർ ബട്ടൻ കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നി. ഈ നേട്ടത്തിന് പിന്നിൽ ജയപ്രസാദ് ചേട്ടൻ നൽകിയ അവസരവും കാർത്തിക്കിന്റെ കഠിനാധ്വാനവും ഉണ്ട്. ഞങ്ങൾ ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ, ഞങ്ങളുടെ പിന്നിൽ നിന്ന് ഈ യാത്രയെ മുന്നോട്ടുകൊണ്ടുപോയ ഒരാളാണ് കാർത്തിക്. അതുകൊണ്ട് ഈ നേട്ടത്തിൽ കാർത്തിക്കിനും വലിയൊരു പങ്കുണ്ട്.

village-food-kerala
വില്ലേജ് ഫുഡ് കേരള ടീം ഷൂട്ടിംഗിനിടെ

ഒരുപാട് കളിയാക്കലുകൾ


ആദ്യകാലത്ത് ഒരുപാട് കളിയാക്കലുകൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ വീഡിയോ ചെയ്യുന്നത് കണ്ട് ചിലർ പല രീതിയിലും സംസാരിച്ചിരുന്നു. അന്നൊക്കെ വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ വീഡിയോ ചെയ്യുന്നത് വെറുതെയായിരുന്നില്ല. ഓരോ വീഡിയോയ്ക്കും പിന്നിൽ ഒരുപാട് പരിശ്രമമുണ്ടായിരുന്നു.

കൂടെയുണ്ടായിരുന്ന മൂന്ന് ചേച്ചിമാർക്ക് വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം പിന്നീട് വീഡിയോ ചെയ്യാൻ കഴിയില്ലെന്ന് പറയേണ്ടിവന്നു. അത് വിഷമമുള്ള കാര്യമായിരുന്നു. ഓരോരുത്തർക്കും അവരുടേതായ സാഹചര്യങ്ങളുണ്ടല്ലോ. അവരുടെ തീരുമാനത്തെ ബഹുമാനിച്ചു.

A post shared by VILLAGE FOOD KERALA (@villagefoodkerala__)


മുന്നോട്ടുതന്നെ


ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം 'Village food kerala' കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. ഇനിയും നല്ല വീഡിയോകൾ ചെയ്യണം, ഞങ്ങളുടെ നാടൻ ഭക്ഷണവും ഗ്രാമീണ ജീവിതവും എല്ലാവരിലേക്കും എത്തിക്കണമെന്നുണ്ട്. യൂട്യൂബിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കുകയാണെങ്കിൽ അതിലൂടെ പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം നൽകി അവരെ സഹായിക്കണമെന്നാണ് ആഗ്രഹം. ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കണം. ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കാൻ പ്രായമോ സാഹചര്യങ്ങളോ തടസമല്ല. ഈ യാത്രയിൽ ഞങ്ങൾക്ക് അവസരം നൽകിയ ജയപ്രസാദ് ചേട്ടനും ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഞങ്ങളെ പിന്തുണച്ച കാർത്തിക്കിനും ഒരുപാട് നന്ദിയുണ്ട്. ഞങ്ങൾ ഒരുമിച്ച് തുടങ്ങിയ ഈ യാത്ര ഇനിയും മുന്നോട്ടുപോകണം.

A post shared by The Better India (@thebetterindia)


English Summary

Five women from Palakkad – Rajani, Sharada, Dhanya, Ranjini and Jayaprabha – have won the hearts of viewers through their YouTube channel, Village Food Kerala. Their journey began while they were working at Tejas Bakery, making cakes. With the encouragement of the bakery owner Jayaprasad and the support of Karthik, who handles filming and editing, they started creating cooking videos.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VILLAGE FOOD KERALA, ​VILLAGE FOOD KERALA YOUTUBE, ​PALAKKAD VILLAGE COOKING, ​KERALA YOUTUBE COOKING CHANNEL, ​VILLAGE FOOD KERALA SUCCESS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA