
കൃഷിയുടെ പരിപോഷണത്തിന് കോടിക്കണക്കിന് രൂപ ചെലവിടുന്ന ഒരു വകുപ്പാണ് നമ്മുടെ കൃഷിവകുപ്പ്. ശാസ്ത്രീയമായി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ഗവേഷണം നടത്തുന്ന വലിയ സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വകയായി ഇവിടെ പ്രവർത്തിക്കുകയും ചെയ്യുന്നു. പക്ഷേ ഓരോ വർഷം കഴിയുന്തോറും കൃഷിസ്ഥലവും കൃഷിയും കുറഞ്ഞുവരുന്നതല്ലാതെ കൂടുന്നില്ല. പഴയ കാലങ്ങളിൽ ആളുകൾ കൃഷി നടത്തിയിരുന്നത് ആഹാരം കഴിക്കാനും ജീവിക്കാനുള്ള ചെറിയ വരുമാനം സമ്പാദിക്കാനും വേണ്ടിയായിരുന്നു. ഇന്ന് മലയാളി കഴിക്കുന്ന ആഹാരത്തിൽ, അരിയായാലും പച്ചക്കറിയായാലും തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. നാണ്യവിളകളിൽ നിന്നല്ലാതെ സാധാരണ നാട്ടുനടപ്പുള്ള കൃഷികൾ നടത്തിയതുകൊണ്ട് ആർക്കും സമ്പാദ്യമുണ്ടാക്കാൻ പറ്റിയ സാഹചര്യമല്ല ഇന്നുള്ളത്. ഇന്നത്തെ കൂലിയും വളത്തിന്റെയും മറ്റും ചെലവും കണക്കാക്കുമ്പോൾ കൃഷി ലാഭം നൽകില്ലെന്നു മാത്രമല്ല, നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യും.
കർഷകരുടെ ആത്മഹത്യ ഉത്തരേന്ത്യയിൽ മാത്രമല്ല, കേരളത്തിലും വലിയ ഇടവേളകളില്ലാതെ ആവർത്തിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ കൃഷി നടത്തുന്ന ഒറ്റപ്പെട്ട മനുഷ്യരെ ഒരു വകുപ്പും ശ്രദ്ധിക്കാറില്ല; സഹായിക്കാറുമില്ല. ഇതിൽ ഒരു മാറ്റം ആവശ്യമാണ്. നെല്ലിനങ്ങളുടെ ഒരു 'ജീൻ ബാങ്കർ" ആയ ചെറുവയൽ രാമനിൽ നിന്നാകട്ടെ ആ തുടക്കം. പത്മശ്രീ ലഭിച്ച ചെറുവയൽ രാമന് ജീവിക്കാൻ വകയില്ല. കുറിച്യ സമുദായത്തിൽപ്പെട്ട ഇദ്ദേഹത്തിന്റെ കുലത്തൊഴിലാണ് കൃഷി. നാൽപ്പത്തിയഞ്ച് ഇനം പരമ്പരാഗത വിത്തിനങ്ങൾ ഇദ്ദേഹം കൃഷിചെയ്ത് സംരക്ഷിക്കുന്നു. നമ്മുടെ ഗവേഷണ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള എത്ര വിത്തിനങ്ങൾ സംരക്ഷിക്കുന്നുണ്ട് എന്നറിയില്ല. അന്തക വിത്തുകളെ പ്രോത്സാഹിപ്പിക്കാനാണ് എപ്പോഴും യാഥാസ്ഥിതിക രീതിയിൽ സ്ഥാപനം നടത്തുന്നവർക്ക് താത്‌പര്യം.
'പത്മശ്രീ വയറ് നിറയ്ക്കില്ല" എന്ന തലക്കെട്ടിൽ ചെറുവയൽ രാമന്റെ ദുരിത ജീവിതത്തെക്കുറിച്ച് വയനാട് ലേഖകൻ പ്രദീപ് മാനന്തവാടി എഴുതിയ വാർത്ത 'കേരളകൗമുദി" അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. പൈതൃക ജൈവ നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമന് ജീവിക്കാൻ നിവൃത്തിയില്ല എന്നതായിരുന്നു വാർത്തയുടെ ഉള്ളടക്കം. 75-ാം വയസിലും ചോര നീരാക്കി ജോലി ചെയ്താലേ അടുപ്പിൽ തീ പുകയൂ. 2023-ൽ പത്മശ്രീ ലഭിച്ചതിനുശേഷം ദുബായിലും ബ്രസീലിലുമൊക്കെ സെമിനാറിന് വിളിച്ചുകൊണ്ടുപോയി. പരമ്പരാഗത നെൽവിത്ത് സംരക്ഷണത്തെക്കുറിച്ച് ക്ളാസെടുക്കാനും പലരും വിളിക്കും. ഇതിനൊക്കെ വണ്ടിക്കാശ് പോലും കിട്ടില്ല. ഇതിനിടെ വിത്തുകൾ വാങ്ങിക്കൊണ്ടു പോയി തിരിച്ചു നൽകാതെ പറ്റിച്ചവരുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കേരള സർക്കാരിന്റെ 1600 രൂപ ക്ഷേമപെൻഷൻ വല്ലപ്പോഴും കിട്ടുന്നതല്ലാതെ മറ്റു വരുമാനമൊന്നുമില്ല. ഈ വാർത്ത വന്നതിനു ശേഷവും കൃഷിവകുപ്പിന്റെ സഹായമൊന്നും ആരും വാഗ്ദാനം ചെയ്തില്ല.
അതേസമയം, കോഴിക്കോട് 'കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ" നടത്തുന്ന പ്രമുഖ വേദപണ്ഡിതൻ ആചാര്യശ്രീ രാജേഷിന്റെ ഇടപെടലിലൂടെ രാമന് പ്രതിമാസം 11,000 രൂപ ലഭിക്കാനുള്ള അവസരമുണ്ടായി. ഡൽഹി ആസ്ഥാനമായ എം.ഡി.എച്ച് മഹാശയ് ധരംപാൽ ട്രസ്റ്റാണ് സഹായം നൽകുന്നത്. ആദ്യ ഗഡു രാമന് കൈമാറുകയും ചെയ്തു. മഴ പെയ്താൽ വെള്ളം കയറുന്നതാണ് വീടിന്റെ അവസ്ഥ. താത്‌പര്യം ഒന്നുകൊണ്ടു മാത്രം കൃഷിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കേരളത്തിലെ യഥാർത്ഥ കർഷകന്റെ ഒരു പ്രതീകമാണ് രാമൻ. രാമന്റെ പക്കലുള്ള പരമ്പരാഗത വിത്തുകൾ ഏറ്റെടുത്ത് സംരക്ഷിക്കാനും രാമന്റെ തന്നെ സംരക്ഷണം ഏറ്റെടുക്കാനും സംസ്ഥാന സർക്കാർ തയ്യാറാകണം. കാർഷിക സർവകലാശാലയിൽ ഇത് പഠന വിഷയമാക്കി മാറ്റുകയും വേണം. കൃഷിവകുപ്പിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ചെലവഴിക്കുന്ന വലിയ തുകയുടെ ഒരു ചെറിയ അംശം ഇത്തരം മൗലിക പ്രതിഭകളായ ഒറ്റപ്പെട്ട കർഷകരെ സഹായിക്കുന്നതിന് ചെലവഴിക്കണം. അതിന് വകുപ്പില്ലെങ്കിൽ പുതിയ വകുപ്പുകൾ ഉണ്ടാക്കണം. അതില്ലാതെ ചെറുവയൽ രാമനെപ്പോലുള്ളവരുടെ ദുഃഖം മാറില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |