
സ്വകാര്യ ലക്ഷ്വറി ബസുകൾ ദീർഘദൂര യാത്രയ്ക്ക് ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടിയതോടെ ഓണക്കാല യാത്ര ചെലവേറിയതായി മാറും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ട്രെയിനിൽ ടിക്കറ്റ് കിട്ടാതായതോടെയാണ് സ്വകാര്യ ബസുകൾ സാധാരണ ഈടാക്കുന്നതിന്റെ ഇരട്ടിയിലധികമായി ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്ലീപ്പർ ബസ് നിരക്ക് 3500 രൂപയ്ക്ക് മുകളിലാണ്. ഒരേ ബസിൽ പുഷ്‌ബാക്ക് സീറ്റിന് 2500 രൂപയും ബർത്തിന് 4300 രൂപയും വരെ ഈടാക്കുന്നു. ട്രെയിൻ ടിക്കറ്റുകൾ ഭൂരിഭാഗവും മാസങ്ങൾക്ക് മുമ്പ് തന്നെ വിറ്റുപോയിരുന്നു. ഐ.ടി മേഖലയിലും മറ്റുമുള്ളവർക്ക് അവധി ലഭ്യമാകുമോ എന്ന് നിശ്ചയമില്ലാത്തതിനാൽ പലപ്പോഴും വളരെ നേരത്തേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. അതിനാൽ ഓണത്തിന് രണ്ട് മൂന്ന് ദിവസത്തേക്ക് നാട്ടിൽ വരാനായി ഇവരിൽ ഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സർവീസുകളെയാണ്.
ഓണക്കാലത്ത് റെയിൽവേ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകളിലും ഇപ്പോൾ ടിക്കറ്റുകൾ കിട്ടാനില്ല. ഓണം കഴിഞ്ഞുള്ള ശനി, ഞായർ ദിവസങ്ങളിലാണ് മിക്കവാറും എല്ലാവരും തിരിച്ചു പോകുന്നത്. ഈ ദിവസങ്ങളിലൊന്നും ട്രെയിൻ ടിക്കറ്റുകൾ കിട്ടാനേ ഇല്ല. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കെ.എസ്.ആർ.ടി.സിയിലും ഡൈനാമിക് പ്രൈസിംഗ് ബാധകമായതിനാൽ ആദ്യം കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുമെങ്കിലും തിരക്ക് കൂടുന്നതനുസരിച്ച് നിരക്ക് കൂടും.
ഓണക്കാലത്തെ ടിക്കറ്റ് നിരക്ക് കൂട്ടിയുള്ള ചൂഷണം എല്ലാ വർഷവും ആവർത്തിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തുന്നതിനൊപ്പം കർണാടക സർക്കാരുമായി ബന്ധപ്പെട്ട് അവരുടെ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണവും കൂട്ടാൻ പ്രേരിപ്പിച്ചാൽ ഒരു പരിധി വരെ ടിക്കറ്റ് നിരക്കിന്റെ റോക്കറ്റ് ഗതി നിയന്ത്രിക്കാനാവും.
കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് കുട്ടികളും കേരളത്തിലേക്ക് ഓണക്കാലത്ത് വരാൻ തിരക്ക് കൂട്ടുന്നതാണ് ലക്ഷ്വറി ബസ് സർവീസുകാർ മുതലെടുക്കുന്നത്. ബംഗളൂരു, ചെന്നൈ പോലുള്ള പ്രധാന തൊഴിൽ കേന്ദ്രങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന റൂട്ടുകളിലാണ് യാത്രക്കാരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. അടിയന്തരമായി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറായാൽ യാത്രാ പ്രതിസന്ധിയുടെ രൂക്ഷത കുറയ്‌ക്കാനാവും. എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസിന് ഇപ്പോൾ ഉപയോഗിക്കുന്ന 8 കോച്ചുകളുള്ള ട്രെയിനിനു പകരം 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ചെങ്കിലും ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല.
ബംഗളൂരു ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് 16 കോച്ചുകളുള്ള സർവീസ് തുടങ്ങാൻ വൈകുന്നതിന് കാരണമായി പറയുന്നത്. കേരളത്തിൽ നിന്നുള്ള എം.പിമാർ ഈ പ്രശ്നം അടിയന്തരമായി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കേണ്ടതാണ്. അത് ഓണത്തിന് മുമ്പ് അനുവദിക്കപ്പെട്ടാൽ 600 സീറ്റുകൾ വീതമാണ് ഓരോ ട്രിപ്പിലും അധികം ലഭിക്കുക. റെയിൽവേ മെല്ലെപ്പോക്ക് തുടരുന്നത് ബസ് ലോബിയെ സഹായിക്കാനാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കുടുംബവുമായും മറ്റും ഓണക്കാലത്ത് ഇത്തവണ കേരളത്തിലേക്ക് വരുന്നവർക്ക് വലിയ ഒരു തുക തന്നെ യാത്രയ്ക്ക് മാത്രം മാറ്റിവയ്‌ക്കേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |