SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.59 AM IST

പുതിയ ജില്ലകളുടെ രൂപീകരണം

1

സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം ദീർഘകാലമായി നിലനിൽക്കുന്ന ഒന്നാണ്. കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം വീണ്ടും ഇതുസംബന്ധിച്ച ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. 1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ലയും കണ്ണൂർ ജില്ലയുടെ വടക്കൻ ഭാഗങ്ങൾ അടർത്തിമാറ്റി 1984ൽ കാസർകോട് ജില്ലയും രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കേരളത്തിന്റെ ഭൂപടത്തിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ ഡീലിമിറ്റേഷൻ കമ്മി‌ഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനാൽ മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന ആവശ്യം പരിഗണിക്കപ്പെടുമെന്നത് ഏതാണ്ട് ഉറപ്പാക്കാം.

1982ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാ‌റ്റുപുഴ, കോതമംഗലം, പിറവം മണ്ഡല‌ങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. മൂവാ‌റ്റുപുഴയ്ക്കു പുറമെ മലപ്പുറത്തെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർന്നുള്ള തിരൂർ ജില്ല, പാലക്കാട് വിഭജിച്ച് ഷൊർണ്ണൂർ ജില്ല, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങൾ ചേർന്ന ജില്ല, തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല എന്നിങ്ങനെ വ്യത്യസ്ത ജില്ലകൾക്കായുള്ള ആവ‌ശ്യം സർക്കാരിന്റെ മുന്നിലുണ്ട്.

ഭീമമായ ചെലവ് വരുമെന്നതിനാൽ ഈ ആവശ്യങ്ങളെല്ലാം ഒറ്റയടിക്ക് നടപ്പാവുക മിക്കവാറും അസാദ്ധ്യമാണ്. പുതിയ ജില്ലകളിൽ മൂവാറ്റുപുഴയ്ക്ക് മുൻഗണന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അക്കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഞങ്ങൾ മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനം നൽകിയിട്ടേ പോകാവൂ എന്ന ആമുഖത്തോടെ പുതിയ ജില്ല വേണമെന്ന ആവ‌ശ്യം ഓണാഘോഷ യോഗത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര പ്രദേ‌‌ശങ്ങളുടെ വികസന മുരടിപ്പ് പരിഹരിക്കാൻ മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല വരുന്നത് നല്ലതാണ്. ഏറെക്കാലമായുള്ള മൂവാറ്റുപുഴക്കാരുടെ സ്വപ്നം കൂടിയാണത്. ജനസംഖ്യയിൽ ഏറ്റവും മുന്നിലുള്ള മലപ്പുറം ജില്ലയുടെയും വികസനപാതയിൽ കുതിക്കുന്ന തിരുവനന്തപുരം ജില്ലയുടെയും വിഭജനം വേണമെന്ന ആവശ്യങ്ങളും വളരെ ശക്തമാണ്.

ജില്ലകൾ വിഭജിക്കുന്നത് ഭരണം കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്താനും ഫണ്ടുകളുടെ വികേന്ദ്രീകരണം കാര്യക്ഷമമാക്കാനും ഉപകരിക്കും. ഒരു ജില്ല രൂപീകരിക്കൽ കേവലം അതിർത്തി തിരിക്കലിൽ മാത്രം ഒതുങ്ങുന്നതല്ല. പുതിയ കളക്ടറേറ്റുകൾ, ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ, കോടതികൾ, മ‌റ്റു അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം ആവ‌ശ്യമായി വരും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കേരളത്തിന് ഇത് എങ്ങനെ താങ്ങാനാവും എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. അതിനാൽ ഡീലിമിറ്റേഷൻ കമ്മിഷന്റെ പഠന റിപ്പോർട്ട് കേവലം അതിർത്തി തിരിക്കലിന് അപ്പുറം പൂർണമായും വസ്തുനിഷ്ഠവും സാമ്പത്തിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നതും ആയിരിക്കേണ്ടത് ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY