SignIn
Kerala Kaumudi Online
Sunday, 27 September 2026 2.37 AM IST

കുട്ടനാടിന്റെ കണ്ണീരൊപ്പണം

READ ENGLISH VERSION
a

കുട്ടനാടെന്നു കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസിൽ തെളിയുക കുട്ടനാടൻ കായലും വള്ളംകളിയും പുഞ്ചക്കൃഷിയും പുന്നെൽ മണവുമായിരിക്കും. ഒരുകാലത്ത് കേരളത്തിന്റെ നെല്ലറകളായിരുന്നു കുട്ടനാടും പാലക്കാടും. വഞ്ചിപ്പാട്ടിന്റെയും വിപ്ളവപ്രസ്ഥാനങ്ങളുടെയും ഈറ്റില്ലം കൂടിയാണ് കായലും തോടുകളും വയൽവരമ്പുകളും കൈകോർത്തുകിടക്കുന്ന ഈ ജലഭൂമിക. തകഴിയുടെയും വയലാറിന്റെയും ശ്രീകുമാരൻതമ്പിയുടെയും പത്മരാജന്റെയും കാവാലത്തിന്റെയും സർഗഭാവനകൾ നൂറുമേനി വിളഞ്ഞ മണ്ണാണിത്.

നെൽകൃഷിക്ക് അല്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ പ്രവാഹത്തിന് ഒരു കുറവുമില്ല. കൊതുമ്പുവള്ളങ്ങളും കെട്ടുവള്ളങ്ങളും ഒഴുകിനടന്ന കായൽപ്പരപ്പിൽ ഇപ്പോൾ ഹൗസ്‌ബോട്ടുകളുടെ നിരയാണ്. കാണാനെത്തുന്നവർക്ക് അളവറ്റ സന്തോഷവും ഉല്ലാസവും കുട്ടനാട് പകരുന്നുണ്ടെങ്കിലും കുട്ടനാട്ടുകാരുടെ ജീവിതം ദുരിതമയമാണ്. ഏതു നിമിഷവും ഉണ്ടാകാവുന്ന വെള്ളപ്പൊക്കവും കൃഷിനാശവും സംഭരണശേഷിയിലെ പോരായ്മകളും യഥാസമയം സംഭരണ വില പ്രഖ്യാപിക്കാത്തതും ദുരിതങ്ങളുടെ ഒഴുക്കു കൂട്ടുന്നു. ദുരിതം പേറുന്ന കുട്ടനാട് എന്ന പേരിൽ നാലു ലക്കങ്ങളിലായി ഇതിന്റെ വിവിധ വശങ്ങൾ കേരളകൗമുദി ആലപ്പുഴ ജില്ലാ ലേഖകനായ ദീപു. ആർ. തുറന്നുകാട്ടുകയുണ്ടായി.

സമുദ്രനിരപ്പിനും താഴെ മടകെട്ടി അത്യദ്ധ്വാനം ചെയ്ത് പൊന്നുവിളയിക്കുന്നവരാണ് കുട്ടനാട്ടിലെ കർഷകർ. അവർക്ക് പറയാൻ ലാഭക്കണക്കുകളില്ല. ജീവിതത്തിൽ അവശേഷിക്കുന്നത് നഷ്ടവും ദുരിതവും മാത്രം.

മാറിമാറി വരുന്ന സർക്കാരുകൾ പലതരം പാക്കേജുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ പാക്കേജ് പോയ വഴികൾ അപ്രത്യക്ഷമാകുകയാണ് പതിവ്. കഴിഞ്ഞ ഡിസംബറിൽ സംഭരിച്ച നെല്ലിന്റെ മുഴുവൻ പണവും ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നാല്പതുകോടിയിലേറെ രൂപ ഇനിയും കുടിശികയാണ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത നെല്ലിന്റെ വിലവർദ്ധനയോ നെല്ലുവില വിതരണത്തിൽ കാലതാമസം ഒഴിവാക്കാൻ പ്രഖ്യാപിച്ച റിവോൾവിംഗ് ഫണ്ടിന്റെ കാര്യത്തിലോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

2018ലെ പ്രളയശേഷം നദികളിൽ നീരൊഴുക്ക് കുറവാണ്. നദികളിൽ നിന്ന് ചെളിയും മണലും വാരിയായിരുന്നു മുമ്പ് കുട്ടനാട്ടിലെ നിർമ്മിതികൾ. ഇപ്പോൾ അത് പാറയും എംസാൻഡും കൈയടക്കിയിരിക്കുന്നു. ഇതോടെ സ്വാഭാവിക ഡ്രഡ്‌ജിംഗ് നിന്നു. പണ്ടൊക്കെ ഒരു മാസം മഴ തുടർന്നാലായിരുന്നു വെള്ളപ്പൊക്കം. ഇന്ന് രണ്ടുദിവസം മഴ പെയ്താൽ വെള്ളം കയറും. ഓരോ വെള്ളപ്പൊക്കത്തിലും പഠനവും പാക്കേജും ചർച്ചയാകും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നിരവധി പഠന കമ്മിഷനുകൾ കുട്ടനാട്ടിൽ വന്നുപോയി. വെള്ളമിറങ്ങുമ്പോൾ പഠനവും ചർച്ചയും അതോടെ അവസാനിക്കും. വെള്ളപ്പൊക്കം ഒഴിവാക്കാൻ കായലിന്റെയും തോടുകളുടെയും ആഴം കൂട്ടിയാൽ മതിയെന്നാണ് ഇപ്പോഴത്തെ വാദം. അതിന്റെ ഗതി എന്താകുമെന്ന് കണ്ടറിയണം.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 64 പഞ്ചായത്തുകളെ ഉൾപ്പെടുത്തി കുട്ടനാട് പാക്കേജിന് രൂപം നൽകിയിരുന്നു. വികസനത്തിന്റെ സമൃദ്ധി വിളയിക്കാമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഈ സംരംഭം. ഈ മേഖലകളിലെ പാടശേഖരങ്ങൾക്കും അവിടത്തെ സ്ഥിര വികസനത്തിനുമുള്ള രൂപരേഖയായിരുന്നു അത്. നിർഭാഗ്യവശാൽ ഈ പാക്കേജ് പ്രഖ്യാപിച്ചശേഷം കുട്ടനാട്ടിൽ മൂന്നു വലിയ വെള്ളപ്പൊക്കം വന്നുപോയി.

കുട്ടനാടും പാലക്കാടുമുൾപ്പെടെ നെൽകർഷകർ കാലാകാലങ്ങളായി നേരിടുന്ന പ്രധാന വിഷയം നെല്ലുസംഭരണവും വിലവിതരണവുമാണ്. നെല്ല് സംഭരിക്കുന്ന സപ്ളൈകോയ്ക്കു സ്വന്തമായി റൈസ് മില്ലോ ഗോഡൗണോ ഇല്ല. ഇതുകാരണം സ്വകാര്യ മില്ലുകളെയാണ് ആശ്രയിക്കുന്നത്.

കുട്ടനാട്ടിലെ നെല്ല് സംഭരിച്ച് സംസ്കരിച്ച് അന്താരാഷ്ട്ര ഗുണനിലവാരമുള്ള കുട്ടനാട് ബ്രാൻഡ് അരിയും മൂല്യവർദ്ധിത ഉത്‌പന്നങ്ങളും ഉണ്ടാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ചെങ്ങന്നൂരിലെ റൈസ് പാർക്കിന്റെ നിർമ്മാണമാകട്ടെ പാതിവഴിയിൽ നിലച്ചിരിക്കുന്നു.

നെൽകർഷകർക്ക് ആശ്വാസമേകുന്ന വാഗ്ദാനങ്ങൾക്കും പാക്കേജുകൾക്കും ഒരു പഞ്ഞവുമില്ല. പ്രഖ്യാപിച്ചവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുണ്ടായാൽ കർഷകർക്ക് അതു സാന്ത്വനമായി മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY