
ജപ്പാനിലെ അയ്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി ഷൂട്ടിംഗ് താരം വിദർശ കെ.വിനോദ് രണ്ട് വെള്ളിമെഡലുകൾ സ്വന്തമാക്കിയിരിക്കുന്നു. 10 മീറ്റർ എയർ റൈഫിൾ വനിതാ ടീമിനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീമിനത്തിലുമാണ് കോഴിക്കോട് തിരുവമ്പാടിക്കാരിയായ വിദർശ മെഡലണിഞ്ഞത്.
റോസാദളങ്ങൾ വിരിച്ചതല്ല, കല്ലും മുള്ളും നിറഞ്ഞ വെല്ലുവിളികളുടെ പാത താണ്ടിക്കടന്നാണ് വിദർശ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായത്. കോളേജ്കാലത്ത് എൻ.സി.സി കേഡറ്ററായിരുന്ന വിദർശ അതുവഴിയാണ് ആദ്യം തോക്കിൽതൊട്ടത്. ആദ്യം കൗതുകമായിരുന്നെങ്കിലും പിന്നീട് ഹരമായി. മികവുണ്ടെന്ന് കണ്ടെത്തിയതോടെ റൈഫിൾ അസോസിയേഷന്റെ മത്സരങ്ങളിൽ പങ്കെടുക്കുകയും പരിശീലനത്തിൽ മുഴുകുകയും ചെയ്തു.
തോക്കിനും വെടിയുണ്ടയ്ക്കും യൂണിഫോമിനുമൊക്കെയായി ലക്ഷങ്ങൾ ചെലവുവരുന്ന ഷൂട്ടിംഗിൽ പങ്കെടുക്കാനുള്ള സാമ്പത്തികസ്ഥിതി വിദർശയുടെ കുടുംബത്തിനുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിന്ധികാരണം ഷൂട്ടിംഗ് ഉപേക്ഷിക്കാൻ അച്ഛനും അമ്മയും വിദർശയെ നിർബന്ധിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടണമെന്ന അവളുടെ അടിയുറച്ച ആഗ്രഹത്തിന് വഴങ്ങിയാണ് ലോണെടുത്ത് ഒൻപത് ലക്ഷത്തോളം സ്വരുക്കൂട്ടി നല്ലൊരുതോക്ക് വാങ്ങിനൽകിയത്. വിദർശയ്ക്ക് ഒപ്പംനിന്ന ഷൂട്ടിംഗ് താരം കൂടിയായ ഭർത്താവ് മനുവും മറ്റ് കുടുംബാംഗങ്ങളും ഈ മെഡൽനേട്ടത്തിൽ അഭിനന്ദനമർഹിക്കുന്നു. ഏഷ്യൻ ഗെയിംസിന് ടീം തിരിക്കും മുന്നേതന്നെ കേരള സർക്കാർ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 60 ലക്ഷം രൂപ പാരിതോഷികമായി വിദർശയ്ക്ക് ലഭിക്കും. സർക്കാർ ജോലിയും പരിഗണിക്കുന്നുണ്ട്. ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആദ്യ ഷൂട്ടിംഗ് സ്വർണം നേടിയ താരത്തിന് പൊലീസിൽ ഗസറ്റഡ്റാങ്കിൽ ജോലിനൽകി ആദരിച്ച കേരളം ഏഷ്യൻ ഗെയിംസിലെ മെഡലിസ്റ്റിന് അതിലും മികച്ച റാങ്കിലുള്ള ജോലിയാണ് നൽകേണ്ടത്.
തിരുവനന്തപുരം വട്ടിയൂർക്കാവിൽ 2015 ദേശീയ ഗെയിംസിനായി നിർമ്മിച്ച അന്താരാഷ്ട്ര ഷൂട്ടിംഗ്റേഞ്ചിലാണ് വിദർശ തുടക്കത്തിൽ പരിശീലനം നടത്തിയത്. ദേശീയഗെയിംസ് വേളയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടിംഗ് റേഞ്ചെന്ന് അന്താരാഷ്ട്രതാരങ്ങൾ അഭിനന്ദിക്കുകയും ദേശീയ ചാമ്പ്യൻഷിപ്പിന് വേദിയാക്കുകയുംചെയ്ത വട്ടിയൂർക്കാവ് റേഞ്ചിന്റെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കൃത്യമായ മേൽനോട്ടവും അറ്റകുറ്റപ്പണികളുമില്ലാതെ തോക്കുകളും കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു. കെട്ടിടത്തിന്റെ തൂണുകൾ ചിതലുകയറിയ നിലയിൽ. പുല്ലുവളർന്ന് കാടായി മാറിയ റേഞ്ച് അടുത്തിടെ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ സമയത്താണ് കുറച്ചെങ്കിലും വൃത്തിയാക്കിയത്.
ഒന്നല്ല, ഒൻപത് വിദർശമാർ പിറവിയെടുക്കേണ്ട റേഞ്ചാണ് സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിൽ നശിച്ചത്. 11 കൊല്ലം മുമ്പ് ദേശീയ ഗെയിംസിനായി ലഭ്യമാക്കിയ താത്കാലിക ആംസ് ആൻഡ് അമ്മ്യൂണിഷൻ ലൈസൻസ് സ്ഥിരമാക്കിയിട്ടുപോലുമില്ല. രണ്ടുകോടിയോളം മുടക്കി തോക്കുകൾ വാങ്ങിയെങ്കിലും വെടി പൊട്ടിക്കാൻ പോയിട്ട് പാഴ്സലിന്റെ പെട്ടിപൊട്ടിക്കാൻ പോലും കഴിയാതെ തുരുമ്പിച്ചിരിക്കുന്നുണ്ട്. സ്പോർട്സ് കൗൺസിലിന്റെ അഴിമതികളെക്കുറിച്ച് പരിശോധന നടത്തിയ വിജിലൻസ് വട്ടിയൂർക്കാവിലെ അഴിമതികളെക്കുറിച്ച്കൂടി അന്വേഷിക്കണം.
ഈ നിലയിലും അവിടെ പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യുന്ന കേരളത്തിന്റെ ഷൂട്ടിംഗ് താരങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.മുരളീധരനും കായികമന്ത്രി ഒ.ജെ ജനീഷും റേഞ്ച് സന്ദർശിച്ചിരുന്നു. കായികമന്ത്രിയുടെ നിർദ്ദേശാനുസരണം ദേശീയ റൈഫിൾ ഷൂട്ടിംഗ് അസോസിയേഷനുമായും ഒളിമ്പിക് സ്വർണമെഡലിസ്റ്റ് അഭിനവ് ബിന്ദ്രയുടേത് ഉൾപ്പടെ 15 ഓളം ദേശീയ അക്കാഡമികളുമായും ചർച്ച നടത്തിയ കായികവകുപ്പ് ഇവിടം ദേശീയ നിലവാരത്തിലുള്ള അക്കാഡമിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നത് ആശ്വാസം പകരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |