SignIn
Kerala Kaumudi Online
Saturday, 31 October 2026 1.56 AM IST

ശവസംസ്കാര തർക്കങ്ങൾ അനാദരവാകരുത്

READ ENGLISH VERSION
d

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ആദരവും അനാദരവും ചേർന്ന മുഹൂർത്തങ്ങൾ ധാരാളമുണ്ടാകും. അതേസമയം മൃതദേഹത്തോട് ആരും അനാദരവ് കാട്ടാറില്ല. എല്ലാ മതങ്ങളും മരണാനന്തര ചടങ്ങുകളിൽ തികഞ്ഞ ആദരവും ബഹുമാന്യതയും പുലർത്തുന്നു. മനുഷ്യരോട് മാത്രമല്ല സഹജീവികളോട് പോലും ആദരവ് പ്രകടിപ്പിക്കുന്ന സംസ്കാരമാണ് നമ്മുടേത്. അതുകൊണ്ടാണ് യുദ്ധത്തിൽ മരിക്കുന്ന ശത്രുസൈനികരുടെ മൃതദേഹങ്ങളോട് പോലും ആദരവ് പ്രകടിപ്പിക്കുന്നത്. മരിച്ച സൈനികരുടെ മൃതദേഹത്തോട് കാട്ടുന്ന അനാദരവ് പലപ്പോഴും വലിയ പ്രതിഷേധം ഉയർത്താറുണ്ട്. ജീവിച്ചിരുന്നപ്പോൾ കുടുംബത്തിനും സൗഹൃദങ്ങൾക്കും നാടിനും വേണ്ടി ചെയ്ത നല്ല കർമ്മങ്ങളെ നന്ദിപൂർവം ഓർമ്മിപ്പിച്ചുകൊണ്ടാണ് അന്ത്യയാത്രാ ചടങ്ങുകൾ നടത്താറുള്ളത്. ആ ചടങ്ങുകൾ ആരും വൈകിപ്പിക്കാറില്ല. മൃതദേഹം ജീർണിക്കുന്നതിനും ദുർഗന്ധം വമിക്കുന്നതിനും മുമ്പേ അതു ചെയ്യാറുണ്ട്. എന്നാൽ ബാലിശമായ ചില തർക്കങ്ങൾ കാരണം മൃതദേഹം സംസ്കരിക്കുന്നത് ചിലയിടങ്ങളിൽ വൈകാറുണ്ട്. ഏറ്റവും നിർഭാഗ്യകരവും മരിച്ചയാളോടുള്ള അനാദരവുമാണത്.

ഒന്നര വർഷമായി യു.എ.ഇ അജ്‌മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി റോബർട്ട് ഫ്രാൻസിസ് സഹായന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ ഒടുവിൽ ഹൈക്കോടതി ഉത്തരവ് വേണ്ടിവന്നു. ബന്ധുക്കൾ തമ്മിലുള്ള തർക്കം കാരണം സംസ്കാരം വൈകുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അടിയന്തരമായി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവിവാഹിതനായ റോബർട്ട് 2025 മാർച്ച് 26നാണ് യു.എ.ഇയിൽ ജീവനൊടുക്കിയത്. കുടുംബ കല്ലറയിൽ സംസ്കരിക്കണമെന്ന് സഹോദരീപുത്രി മേരി വിക്ടോറിയ ആവശ്യപ്പെട്ടു.

അതേസമയം സംസ്കാരം യു.എ.ഇയിൽ മതിയെന്നായി പൂനെയിൽ താമസിക്കുന്ന അനന്തരവൻ ജോൺസൺ ഫിലിപ്സ്.

കോൺസുലേറ്റിനു മുന്നിലെത്തിയ ഈ തർക്കമാണ് മൃതദേഹം അജ്‌മാനിലെ ഷെയ്‌ക് ഖലീഫ ഫോറൻസിക് ലാബിൽ കുടുങ്ങാൻ കാരണമായത്. മരിച്ചയാളുടെ മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബന്ധുക്കൾക്കാണ്. മരിച്ചയാളുടെ ശരീരം മണ്ണിനവകാശപ്പെട്ടതാണ്. അതു ഏതു രീതിയിൽ അടക്കിയാലും സംസ്കരിച്ചാലും മണ്ണിന്റെ ഭാഗമായി മാറുന്നു. ഭൂമിയുടെ ഈ അവകാശത്തെ ചോദ്യം ചെയ്യുന്നത് ഭൂഷണമല്ല. ഏതു നാട്ടിൽ സംസ്കരിച്ചാലും എത്ര വൈകി നടത്തിയാലും 'മനുഷ്യാ നീ മണ്ണാകുന്നു' എന്ന പ്രസിദ്ധമായ വചനത്തിന്റെ അർത്ഥം മാറുന്നില്ല. ആർക്കാണ് അർഹതയെന്ന് വിലയിരുത്താൻ നോർക്കയെ ചുമതലപ്പെടുത്തിയെങ്കിലും ആശയക്കുഴപ്പം തുടർന്നതോടെയാണ് മേരി ഹൈക്കോടതിയെ സമീപിച്ചത്.

മരിച്ചവർക്ക് അന്തസോടെയുള്ള സംസ്കാരത്തിന് അവകാശമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ബന്ധുക്കളും സമൂഹവും അതു നിഷേധിച്ചാൽ സർക്കാർ ഉത്തരവാദിത്വമേറ്റെടുക്കണം. അല്ലാത്തപക്ഷം കോടതിക്ക് ഇടപെടേണ്ടിവരും. മൃതദേഹത്തിന് ദരിദ്രനെന്നോ ധനികനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തു തർക്കമുണ്ടെങ്കിൽ അതു കോടതിയിൽ തീർപ്പാക്കാം. അതിനായി മൃതദേഹത്തെ അപമാനിക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞിട്ടുണ്ട്. മരണം എല്ലാ വേർതിരിവുകളെയും ഇല്ലാതാക്കുന്നുവെന്ന കോടതി നിരീക്ഷണം അർത്ഥവത്താണ്. ശാസ്ത്രവും സംസ്കാരവുമൊക്കെ വളരെയധികം പുരോഗമിച്ച കാലത്ത് മൃതദേഹത്തിന്റെ പേരിലുള്ള ഇത്തരം തർക്കങ്ങൾ ഒഴിവാക്കേണ്ടതാണ്. താനാണ് വലുതെന്ന ചിന്ത ജീവിച്ചിരിക്കുന്നവരുടെ തെറ്റിദ്ധാരണയാണ്. എല്ലാ കാലവും ജീവിച്ചിരിക്കുന്നവരാരുമില്ല. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'ഇന്നു ഞാൻ നാളെ നീ' എന്ന കവിത പ്രസിദ്ധമാണ്. ആ സാരം ഉൾക്കൊണ്ടാൽ ഇത്തരം തർക്കങ്ങൾ ഒഴിവാകും. മൃതദേഹത്തെ ആദരിക്കുന്നത് സംസ്കാരത്തെ ആദരിക്കുന്നതു കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FUNERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION