SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.56 AM IST

അനിവാര്യം ഊർ​ജ്ജ​ സാ​ക്ഷ​ര​ത​

electricity-bill

വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ സന്ധ്യയ്ക്ക് ആറര മുതൽ രാത്രി പത്തര വരെയുള്ള പീക്ക് സമയത്ത് കേരളത്തിലെ ഓരോ കുടുംബവും ഒരു യൂണിറ്റ് വൈദ്യുതി വീതം ലാഭിച്ചാൽ ഏകദേശം 90 ലക്ഷം യൂണിറ്റ് വൈദ്യുതി മിച്ചം വയ്ക്കാനാകും. പീക്ക് സമയത്ത് 6000 മെഗാവാട്ട് വരെ ഉപഭോഗം പോകുന്നു എന്നതാണ് പ്രധാന വെല്ലുവിളി.

രാത്രികാല വൈദ്യുതി ഉപഭോഗമാണ് പ്രധാനം. 13500 കിലോവാട്ട്‌ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാലിത് രാത്രി ഉപയോഗിക്കണമെങ്കിൽ സ്‌റ്റോറേജ് സൗകര്യം അത്യാവശ്യമാണ്. ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ച് മാത്രം സംസ്ഥാനത്തിന് ഇനി മുന്നോട്ടു പോകാനാവില്ല. ബദൽ ഊർജ്ജ സ്രോതസുകളായ കാറ്റ്, തിരമാല, മാലിന്യം എന്നിവയിൽ നിന്നെല്ലാം ഊർജ്ജത്തെ വികസിപ്പിക്കാനുള്ള കാര്യമായ ശ്രമം അത്യാവശ്യമാണ്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഊർജ്ജത്തിന്റെ കാര്യക്ഷമമായ ഉപഭോഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇതിനായി വിവിധങ്ങളായ ഊർജ്ജ സംരക്ഷണ പരിപാടികൾ നടപ്പാക്കണം. സന്ധ്യയ്ക്ക് ആറര മുതൽ രാത്രി പത്തര വരെ ഫ്രിഡ്ജ് ഓഫ് ചെയ്തിട്ടാലും സാധനങ്ങൾക്ക് കേടുവരില്ല. അതുപോലെ എ.സി പരമാവധി 24 മുതൽ 25 വരെ സെറ്റ് ചെയ്യണം. ഏത് സാഹചര്യത്തിലും രാത്രി ഉപഭോഗം കൂടാതെ നോക്കിയാൽ തന്നെ വൈദ്യുതി പ്രതിസന്ധി ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.

വേണം ഊർജ്ജ ബഡ്ജറ്റ്
ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചെറുകിട വൈദ്യുത പദ്ധതികൾ ആലോചിക്കണം. ഇത്തരം പദ്ധതികൾ ഏകോപിപ്പിക്കുവാൻ ഇലക്ട്രിസിറ്റി ബോർഡിൽ പ്രത്യേകം സംവിധാനം ഉണ്ടാകണം.

സമഗ്രമായ ഊർജ്ജനയവും അത്യാവശ്യമാണ്. ഓരോ ഗ്രാമപഞ്ചായത്തിലും ഊർജ്ജ ബഡ്ജറ്റ് ഉണ്ടാകണം. എറണാകുളം ജില്ലയിലെ ചേന്നമംഗലം ഗ്രാമപഞ്ചായത്തിൽ നടത്തിയതു പോലെയുള്ള ഊർജ്ജ സർവേ എല്ലാ ഗ്രാമങ്ങളിലും സംഘടിപ്പിക്കണം.

സ്‌റ്റോറേജ് ഫെസിലിറ്റി സ്‌കീമുകളിലൂടെ ഡാമുകളെ ബന്ധിപ്പിച്ച് അധിക വൈദ്യുതി ഉത്പാദിപ്പിക്കണം. സ്മാർട്ട് മീറ്റർപോലുള്ളവ സ്ഥാപിച്ച് വിതരണ, ഉപഭോഗ നഷ്ടം ഒഴിവാക്കണം. സംസ്ഥാന ജില്ലാ പ്രാദേശിക ഊർജ മിഷനുകൾ രൂപീകരിക്കണം. പുരപ്പുറ സോളാർ പദ്ധതി പരമാവധി വിപുലപ്പെടുത്തണം.

മാറ്റേണ്ട ശീലങ്ങൾ
പൊതു ഇടങ്ങളിലെ ലൈറ്റുകൾ യഥാസമയം ഓഫ് ചെയ്യണം. വലിയ ഹാളുകൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ കുറച്ചുപേർ മാത്രം പങ്കെടുക്കുന്ന പരിപാടികളിൽ സമ്പൂർണമായും ഫാനുകളും ലൈറ്റുകളും ഇടുന്ന രീതി ഒഴിവാക്കണം. പരിപാടി കഴിഞ്ഞ ഉടനെ ഓഫ് ആക്കണം. വീടുകളിലെയും സ്ഥാപനങ്ങളിലെയും അലങ്കാര ലൈറ്റുകൾ ഒഴിവാക്കണം. മതിലുകളിൽ ഒന്നിലധികം ലൈറ്റുകൾ ഉണ്ടെങ്കിൽ നിയന്ത്രിക്കണം. വീടുകളിലെ വയറിംഗ് പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കണം.

ഇലക്ട്രിക് വെഹിക്കിൾ ചാർജ്, ഇൻഡക്ഷൻ കുക്കർ ഉപയോഗം എന്നിവ പരമാവധി പകൽ ചെയ്യണം. സ്ഥാപനങ്ങളിൽ യഥാസമയം ലൈറ്റും ഫാനും ഓഫാക്കുന്നുവെന്ന് ഉറപ്പാക്കണം ഓരോരുത്തരും കരുതുന്ന ഓരോ കണം വൈദ്യുതിയും അടുത്ത നിമിഷങ്ങളിലെ നമ്മുടെ തന്നെ വെളിച്ചമാണ് എന്നറിയണം. ശീലങ്ങളും മനോഭാവവും മാറിയാൽ തന്നെ ലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതി കരുതാനാകും. അതിനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ വേണ്ടത്.

വേണം സമഗ്ര പരിപാടികൾ
സ്‌കൂളുകൾ, കോളേജുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വായനശാല, ക്ലബുകൾ, കുടുംബശ്രീ എന്നിവ കേന്ദ്രീകരിച്ച് ഊർജ്ജ ക്ലബുകൾ സ്ഥാപിക്കണം. അനർട്ടിനെയും എനർജി മാനേജ്‌മെന്റ് സെന്ററിനെയും ഉൾപ്പെടെ ചേർത്തു പുതിയ ഉപകരണ ഗവേഷണം വികസിപ്പിക്കണം. ഇലക്ട്രിസിറ്റി ബോർഡും ഈ രണ്ടു സ്ഥാപനങ്ങളും ചേർത്ത് ഊർജ്ജ മിഷന് രൂപം നൽകണം. സമഗ്രമായ ഊർജ്ജ നയവും ദീർഘകാല വിഷനും തയ്യാറാക്കണം.

(ലേഖകന്റെ ഫോൺ: 9847547881)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA