
തിരുവനന്തപുരം: 'വില എത്ര കൂടിയാലും വേണ്ടില്ല വൈദ്യുതി എവിടെ നിന്നെങ്കിലും വാങ്ങണം, പവർകട്ട് ഒഴിവാക്കണം' ഇന്നലെ കെ.എസ്.ഇ.ബി കോർ കമ്മിറ്റി യോഗത്തിലുയർന്ന അഭിപ്രായം. പിന്നാലെ വൈദ്യുതി തേടി ബോർഡ് ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്. അടിയന്തരമായി 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായും വൈദ്യുതി വിതരണ കമ്പനികളുമായും ഉദ്യോഗസ്ഥർ നേരിട്ട് ചർച്ച നടത്തും. അസാം, ബീഹാർ, യു.പി, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ഇപ്പോൾതന്നെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് നേരിട്ടുള്ള ദൗത്യം. പുതിയ വൈദ്യുതി കരാറുകളുടെ സാദ്ധ്യതയും പരിശോധിക്കും.
രാജ്യത്തെ വിവിധ വൈദ്യുതി ഉത്പാദകരിൽനിന്ന് കിട്ടാനുള്ള സാദ്ധ്യത തേടി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടി (സി.ഇ.എ) അധികൃതരേയും കാണും. രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ ഇടപെടൽ നടത്താമെന്ന ഉറപ്പ് സി.ഇ.എയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. യൂണിറ്റിന് 10 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങാനാണ് റഗുലേറ്ററി കമ്മിഷന്റെ അനുമതിയുള്ളത്.
ഇതൊഴിവാക്കി പീക്ക് സമയത്ത് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാരിനോട് കെ.എസ്.ഇ.ബി അനുമതി തേടി. പവർകട്ട് ഒഴിവാക്കാൻ എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
കുതിച്ചുയർന്ന്
വൈദ്യുതി ഉപഭോഗം
1 സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുന്നു. ശനിയാഴ്ച പീക്ക് സമയ ഉപഭോഗം 5150 മെഗാവാട്ട് വരെ ഉയർന്നു
2 മുൻവർഷങ്ങളിൽ സെപ്തംബർ മാസത്തെ ഡിമാൻഡിൽ നിന്ന് 1100 മെഗാവാട്ട് വരെയാണ് ഉയർന്നത്
3 സതേൺ റീജിയണൽ ലോഡ് ഡെസ്‌പാച്ച് സെന്ററിന്റെ കണക്കുപ്രകാരം ശനിയാഴ്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പീക്ക് സമയത്ത് വൈദ്യുതിക്ഷാമമുണ്ടായത് കേരളത്തിൽ മാത്രമായിരുന്നു
ഇന്നലെ ആശ്വാസം
പവർ എക്സ്ചേഞ്ചിൽ നിന്നുൾപ്പെടെ 1200 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാൽ ഇന്നലെ രാത്രി പ്രതിസന്ധിയുണ്ടായില്ല.പലയിടങ്ങളിലും പവർകട്ട് വേണ്ടിവന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |