SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.43 AM IST

സംരംഭകനാകാൻ പഠിക്കേണ്ടത് പാഠപുസ്തകത്തിൽ നിന്നല്ല

1

വലിയ സംരംഭങ്ങൾ പലപ്പോഴും ആരംഭിക്കുന്നത് വളരെ ചെറിയൊരാശയത്തിൽ നിന്ന് തുടങ്ങിയ ചെറിയൊരു സംരംഭത്തിൽ നിന്നാണ്. ഒരു സംരംഭകനാകാൻ പണമല്ല, ഒരു ആശയമാണ് ആദ്യം വേണ്ടത്. മറ്റുള്ളവർക്ക് കാണാനാവാത്ത ഒരവസരം കാണാനുള്ള വ്യത്യസ്തമായ കാഴ്ചപ്പാടാണ് ആവശ്യം. ശുഭാപ്തി വിശ്വാസമാണ് ഒരു സംരംഭകന്റെ മുഖമുദ്ര.

.......................................

സർക്കാർ ജോലി നേടുക എന്നതായിരുന്നു ഒരു കാലത്ത് യുവതലമുറയുടെ ഏറ്റവും വലിയ സ്വപ്നം. പതിയെ, പതിയെ ബാങ്കിംഗ് മേഖലയിൽ, കോർപ്പറേറ്റ് കമ്പനികളിൽ, പ്രമുഖ പ്രൈവറ്റ് സ്ഥാപനങ്ങളിൽ നല്ലൊരു ജോലി കരസ്ഥമാക്കുക എന്നതായി ചിന്ത. എന്നാൽ ഇന്ന് ജോലി നേടുക എന്ന സ്വപ്നത്തിന് ഒരു പുതിയ മുഖം നേടാനായിട്ടുണ്ട്- ഒരു ജോലി തേടുന്നവനാകുന്നതിന് പകരം, നിരവധി പേർക്ക് ജോലി നൽകുന്ന ഒരാളാകണം.
അതുകൊണ്ടുതന്നെ പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്, നല്ലൊരു സംരംഭകനാകുക.


ഒരു സംരംഭകനാകാൻ പണം ആവശ്യമില്ല; ഒരു ആശയമാണ് ആദ്യം വേണ്ടത്. മറ്റുള്ളവർക്ക് കാണാനാവാത്ത ഒരവസരം കാണാനുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ആവശ്യം. ദീർഘവീക്ഷണവും വേണം. നിശ്ചയദാർഢ്യവും ഉണ്ടായിരിക്കണം. സർവോപരി, ശുഭാപ്തി വിശ്വാസമാണ് ഒരു സംരംഭകന്റെ മുഖമുദ്ര.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഷങ്ങളായി നയിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് ബോദ്ധ്യമായ ഒരു സത്യമുണ്ട്- നമ്മുടെ കുട്ടികളിൽ കഴിവിന്റെ കുറവില്ല. എന്നാൽ പലപ്പോഴും കഴിവിനെ അവസരമാക്കി മാറ്റാനുള്ള ചിന്താശേഷിയുടെയും ധൈര്യത്തിന്റെയും കുറവാണ്.
ഒരാൾക്ക് വ്യക്തമായ ഒരാശയം ഉണ്ടാകാം. അടുത്ത ആൾക്ക് സാങ്കേതികവിദ്യയിൽ മികവുണ്ടാകാം. മറ്റൊരാൾക്ക് മനുഷ്യരുമായി ഇടപഴകാനുള്ള കഴിവ്. വേറൊരാൾക്ക് വിൽപ്പനയിൽ; പിന്നൊരാൾക്ക് സൃഷ്ടിപരമായ ചിന്തയിൽ.
അതിനാൽ സംരംഭകത്വത്തിന്റെ ആദ്യപടി മറ്റൊരാളെ അനുകരിക്കുകയല്ല, സ്വയം തിരിച്ചറിയുകയാണ്.

മികച്ച സംരംഭം

എനിക്ക് എന്ത് ചെയ്യാനാണ് ഇഷ്ടം?, എന്താണ് നന്നായി ചെയ്യാൻ കഴിയുന്നത്?, സമൂഹത്തിന് എന്താണ് ആവശ്യം?. ഈ മൂന്നു ചോദ്യങ്ങൾക്ക് ഒരുമിച്ച് ഉത്തരം കണ്ടെത്തുന്നിടത്താണ് പലപ്പോഴും ഒരു മികച്ച സംരംഭത്തിന്റെ തുടക്കം. പ്രശ്നങ്ങളെ, പ്രതിസന്ധികളെ ഒക്കെ അവസരങ്ങളായി കാണാനുള്ള മികവ് വളർത്തിയെടുക്കുക. ഉയർന്ന ചിന്തയും വ്യക്തമായ കാഴ്ചപ്പാടും ഒരു സംരംഭകന്റെ ലക്ഷണമാണ്.

ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാങ്കേതികവിദ്യ, തൊഴിലില്ലായ്മ, പരിസ്ഥിതി, യാത്ര, വയോജനപരിചരണം, കുട്ടികളുടെ പഠനം. എല്ലായിടത്തും പുതിയ ആശയങ്ങൾക്ക് ഇടമുണ്ട്. വലിയ സംരംഭങ്ങൾ പലപ്പോഴും ആരംഭിക്കുന്നത് വളരെ ചെറിയൊരാശയത്തിൽ നിന്ന് തുടങ്ങിയ ചെറിയൊരു സംരംഭത്തിൽ നിന്നാണ്.

ചെറിയ തുടക്കത്തെ ചെറുതായി കാണാത്ത, അതിൽ നിന്ന് സ്വപ്നതുല്യമായ നേട്ടങ്ങൾ കൊയ്യാനാവുമെന്ന നിശ്ചയദാർഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ഒരാളെ വലിയ സംരംഭകനാക്കുന്നത്. പരാജയത്തെ പേടിക്കുന്നവർ സംരംഭകരാകരുത്. സംരംഭം തുടങ്ങുന്നതിന് മുൻപ് തന്നെ ആകുലതകളും ഭയാശങ്കകളും ഉള്ളവർക്ക് പറ്റിയതല്ല സംരംഭകത്വം. പരാജയം ഒരു സംരംഭകന്റെ അവസാനമല്ല; അടുത്ത അവസരത്തിനുള്ള ഊർജസ്രോതസാണ്.

സംരംഭം തുടങ്ങാൻ മൂലധനം ആവശ്യമാണ്. മൂലധനം എന്നാൽ പണം മാത്രമാണ് എന്നും സംരംഭക വിജയത്തിന്റെ അടിസ്ഥാനം പണം ആണെന്നും കരുതുന്നത് വലിയ തെറ്റാണ്.

പണത്തേക്കാൾ വിലപ്പെട്ട മൂലധനങ്ങളുണ്ട്:ആശയം, വിശ്വാസ്യത, കഠിനാദ്ധ്വാനം, സമയനിഷ്ഠ, മനുഷ്യബന്ധങ്ങൾ പഠിക്കാനുള്ള മനസ്, ആളുകളെ ഉൾക്കൊള്ളാനുള്ള വിവേകം, ഒട്ടും നീട്ടി വയ്ക്കാതെ വളരെ വേഗത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യം. ഒരു സംരംഭകൻ ആദ്യം സൃഷ്ടിക്കേണ്ടത് വിശ്വാസ്യതയുള്ള വ്യക്തിത്വമാണ്.

സാങ്കേതികവിദ്യ,

പഠിക്കാനുള്ള മനസ്
സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ച് ഒരു സംരംഭകനാകാനാവില്ല. നിർമ്മിത ബുദ്ധിയെ ആശ്രയിക്കാം; എന്നാൽ ശരിയായ ദിശ നൽകേണ്ടത് മനുഷ്യന്റെ ചിന്തയാണ്.
അതുകൊണ്ട് സാങ്കേതികവിദ്യ പഠിക്കുന്നതിനൊപ്പം മനുഷ്യരെ മനസിലാക്കാനും അറിയണം. അതിനായി സമൂഹത്തെ പഠിക്കണം.

പുതിയ തലമുറയിലെ സംരംഭകർക്ക് ഏറ്റവും ആവശ്യമായ സവിശേഷത തുടർച്ചയായി പഠിക്കാനുള്ള മനസാണ്. സ്വന്തം ബിസിനസിന്റെ പുരോഗതിക്കുള്ള സാദ്ധ്യതകളെക്കുറിച്ച് എന്നും എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കണം. സാങ്കേതിക വിദ്യയുടെ വൈവിദ്ധ്യങ്ങൾ മനസിലാക്കണം, എന്നുമെപ്പോഴും നവീകരിക്കണം. ഒരു സംരംഭകൻ എന്നും വിദ്യാർത്ഥിയായിരിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്ന സ്ഥാപനങ്ങൾക്കാണ് കാലത്തിനപ്പുറം നിലനിൽക്കാൻ കഴിയുന്നത്.

പുതിയ തലമുറയോടുള്ള

അഭ്യർത്ഥന
ഒരു സ്ഥാപനത്തിന്റെ ചെയർമാൻ എന്ന നിലയിൽ നാൽപത് വർഷമായി യുവാക്കളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയും അടുത്തറിയാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അതിൽ നിന്ന് മനസിലാക്കിയ ഒരു കാര്യമുണ്ട്: ഇന്നത്തെ കുട്ടികൾക്ക് അവസരങ്ങൾ കുറവല്ല; ധൈര്യമാണ് പലപ്പോഴും കുറവ്. അതുകൊണ്ട് നിങ്ങളുടെ സ്വപ്നങ്ങളെ മറ്റുള്ളവരുടെ വിജയവുമായി താരതമ്യം ചെയ്യരുത്. ആർക്കെങ്കിലും വലിയൊരു കമ്പനി ഉണ്ടെന്ന കാരണത്താൽ ഒരു ചെറിയ സംരംഭം തുടങ്ങാൻ മടിക്കേണ്ടതില്ല.


ആർക്കെങ്കിലും വലിയ നിക്ഷേപമുണ്ടെന്നതിനാൽ നിങ്ങളുടെ ആശയത്തെ ചെറുതായി കാണേണ്ടതില്ല. ആശയം മികച്ചതാണെങ്കിൽ, ഉദ്ദേശ്യം സത്യസന്ധമാണെങ്കിൽ, സേവനം മികച്ചതാണെങ്കിൽ വിജയം സുനിശ്ചിതം. പുതിയ തലമുറയിലെ ഓരോ കുട്ടിയോടും പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രം: ജോലി കിട്ടുമോ എന്നു മാത്രം ചിന്തിക്കരുത്. ഒരുനാൾ മറ്റൊരാൾക്ക് ജോലി നൽകാൻ കഴിയുമോ എന്നതായിരിക്കണം മുഖ്യമായ ചിന്ത.


ഒരു ജോലി നിങ്ങളുടെ ജീവിതം മാറ്റിയേക്കാം. പക്ഷേ, ഒരു നല്ല സംരംഭം നിങ്ങളുടേത് മാത്രമല്ല, അനേകം ജീവിതങ്ങളുടെ ദിശ തന്നെ മാറ്റിയേക്കാം. നാളെയുടെ ലോകത്തെ നിർമ്മിക്കുന്നത് ജോലി തേടുന്നവർ മാത്രമല്ല, അവസരങ്ങൾ സൃഷ്ടിക്കാൻ ധൈര്യപ്പെടുന്ന സംരംഭകരായിരിക്കും.

(ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ്‌ ചെയർമാനാണ് ലേഖകൻ. ഫോൺ: 94460 65751)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENTREPRENEUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY