SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

അടുപ്പുകൾ അണയുന്നു;ഹോട്ടലുകൾ പൂട്ടുന്നു

s

പാചക വാതക പ്രതിസന്ധി കാരണം സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകൾ പൂട്ടിയിടുന്നത് തുടരുകയാണ്. നഗരങ്ങളിലെയും പട്ടണങ്ങളിലെയും അമ്പതു ശതമാനത്തിലേറെ ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. ചെറുകിട ഇടത്തരം തട്ടുകടകൾ പോലും പ്രവർത്തന സമയം വെട്ടിച്ചുരുക്കി. തമിഴ്‌നാട് സ്വദേശികൾ നടത്തുന്ന മിക്കവാറും ചായക്കടകൾ പ്രവർത്തിക്കുന്നില്ല. ചിലരൊക്കെ വിറകിലേക്ക് മാറിയെങ്കിലും അതും കൂടുതൽ ദിവസം തുടരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഗാർഹിക ഉപഭോക്താക്കളും സമാനമായ അവസ്ഥയാണ് നേരിടുന്നത്. പലർക്കും ബുക്ക് ചെയ്യാൻ പറ്റുന്നില്ല. മുമ്പൊക്കെ വിളിച്ചാൽ ഗ്യാസ് ബുക്ക് ചെയ്തതിന്റെ സന്ദേശം ലഭിക്കുന്നതായിരുന്നു. ഇപ്പോഴതും കിട്ടുന്നില്ല. ഒരുപാട് ബുക്കിംഗുകൾ ഒരേ സമയം വന്നതുകൊണ്ടാണിതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ഗാർഹിക സിലിണ്ടറിന് ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ പറയുകയും ചെയ്യുന്നു.

പ്രതിസന്ധി ഇതേപടി തുടർന്നാൽ കല്യാണ സദ്യകൾ വരെ മുടങ്ങുന്ന സ്ഥിതിയാവും ഉണ്ടാവുക. ഈ വിഷയത്തിൽ കമ്പനിക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായ ഇടപെടൽ ഈ വിഷയത്തിൽ നടത്തുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. പ്രതിസന്ധി മുതലെടുത്ത് സാധനങ്ങളുടെ വിലയും പലയിടത്തും കൂട്ടിയിട്ടുണ്ട്.

പ്രവർത്തനം തുടരുന്ന ഹോട്ടലുകളിൽ പോലും വിഭവങ്ങൾ കുറവാണ്. ദോശ, ഇഡ്ഡലി, വട, പഴംപൊരി എന്നിവയ്ക്ക് പകരം ഓവനിലും മറ്റും ഉണ്ടാക്കുന്ന സാന്റ്വിച്ച് പോലുള്ള പലഹാരങ്ങളാണ് ഉള്ളത്. ദിനംപ്രതി പത്തിന് മീതേ സിലിണ്ടറുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഹോട്ടലുകൾക്ക് ഇപ്പോൾ ദിനംപ്രതി ഒരെണ്ണം പോലും ലഭിക്കുന്നില്ല. ഹോട്ടലുകളിൽ പ്രവർത്തനം കുറഞ്ഞതോടെ അന്യസംസ്ഥാനക്കാരായ പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിപ്പോക്ക് തുടങ്ങി. ഇവർ പോയിക്കഴിഞ്ഞാൽ സിലിണ്ടറുകൾ കിട്ടിയാൽ പോലും ഹോട്ടലുകൾ തുറക്കാനാവാത്ത സ്ഥിതിയാവും കുറെനാളത്തേക്ക് ഉണ്ടാവുക.

അന്യ സ്ഥലങ്ങളിൽ നിന്നും നഗരത്തിൽ കോച്ചിംഗിനും മറ്റും ചേർന്ന വിദ്യാർത്ഥികളാണ് ഏറ്റവുമധികം വലയുന്ന ഒരുകൂട്ടർ. ഇവർ രാവിലത്തെയും രാത്രിയിലെയും ഭക്ഷണം ബ്രഡ്, മുട്ട, പഴം തുടങ്ങിയവയിലേക്ക് മാറ്റിയിരിക്കുകയാണ്. പഴവർഗങ്ങളുടെ ഡിമാന്റ് കൂടിയതിനാൽ വിലയും കൂടിവരികയാണ്. വിറകടുപ്പ് അന്യസംസ്ഥാന തൊഴിലാളികൾക്ക് അത്രമേൽ പരിചിതമല്ലാത്തതിനാൽ അതിൽ പാകം ചെയ്യാൻ അവരിൽ ഭൂരിപക്ഷവും വിമുഖത കാണിക്കുന്നതും ഹോട്ടലുടമകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. സദ്യ ഉൾപ്പെടെ തയ്യാറാക്കുന്നത് ഇപ്പോൾ വിറകടുപ്പിലായതിനാൽ വിറകിന് ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. വിറകും കൂടി കിട്ടാതെ വന്നാൽ പ്രതിസന്ധി അതിരൂക്ഷമാകും. കേറ്ററിംഗ് സ്ഥാപനങ്ങൾ പുതിയ ഓർഡറുകൾ സ്വീകരിക്കുന്നില്ല. അതുപോലെ ഹോട്ടലുകളിൽ ഉച്ചയൂണിന് തൊടുകറികളുടെയും മറ്റും എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. കല്യാണത്തിന് വിളിച്ചാൽ ഇപ്പോൾ കുടുംബസമേതമാണ് പലരും പങ്കെടുക്കുന്നത്. ഉച്ചനേരത്തേക്കുള്ള വലിയ പാചകം ഒരു ദിവസത്തേക്കെങ്കിലും ഒഴിവായിക്കിട്ടുമല്ലോ എന്ന ആശ്വാസമാണവർക്ക്.

പ്രതിസന്ധി ഇതേപടി പരിഹാരമില്ലാതെ തുടർന്നാൽ പ്രത്യക്ഷ സമര മാർഗങ്ങളിലേക്ക് നീങ്ങാനാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കും സംസ്ഥാന സർക്കാരിനും അവർ നിവേദനം നൽകിയിട്ടുണ്ട്. ഗ്യാസ് ഉപയോഗിക്കുന്ന വീട്ടുകാർ സംഘടിതരല്ലാത്തതിനാൽ സമരം ഉണ്ടാകുന്നില്ലന്നതേ ഉള്ളൂ. പ്രതിസന്ധി കടുത്താൽ അവരും സമരമാർഗങ്ങളുമായി റോഡിലിറങ്ങേണ്ടിവരും.

കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതനുസരിച്ച് റിഫൈനറികൾ എൽ.പി.ജി ഉത്‌പാദനം കൂട്ടിയെന്നും നിലവിൽ 38 ശതമാനം വർദ്ധനവുണ്ടായെന്നും കേന്ദ്ര പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. ഖത്തറിൽ നിന്ന് എൽ.പി.ജിയുമായി പുറപ്പെട്ട ഇന്ത്യൻ കപ്പലായ ശിവാലിക് ഗുജറാത്തിലെ മുദ്ര തുറമുഖത്ത് എത്തിയിട്ടുണ്ട്. മറ്റൊരു കപ്പലായ നന്ദാദേവിയും ഉടനെത്തും. ഇതുകൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ല ഇപ്പോൾ ഉടലെടുത്തിട്ടുള്ള ഗുരുതരമായ പ്രതിസന്ധി. യുദ്ധം എന്ന് തീരുമെന്ന് ആർക്കും പ്രവചിക്കാനാകാത്തതിനാൽ ഗ്യാസ് വിട്ട് ബദൽ മാർഗങ്ങളായ വൈദ്യുതി, സോളാർ, വിറക് അടുപ്പുകളിലേക്ക് ജനങ്ങൾ തിരിയുന്നതാവും അഭികാമ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LPG, SHORTAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY