
കണ്ണീരും ചിരിയും ഇടകലർന്ന ജീവിതത്തെ പൊട്ടിച്ചിരിയുടെ ആഘോഷമാക്കി മാറ്റിയ ചലച്ചിത്ര സംവിധായകനായിരുന്നു ഷാഫിയെന്ന എം.എച്ച്. റഷീദ്. അമ്പത്തിയേഴാം വയസിൽ അപ്രതീക്ഷിതമായി സംഭവിച്ച ആ വിയോഗം മലയാള സിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് പറയേണ്ടതില്ല. ജീവിതാനുഭവങ്ങളെ ഊതിക്കാച്ചിയെടുത്ത ഷാഫിയ്ക്ക് സിനിമയ്ക്കായി വേറെങ്ങും പോകേണ്ടതില്ലായിരുന്നു. ജീവിതം തന്നെ പല റീലുകൾ ഓടിക്കാവുന്ന സിനിമ പോലെയായിരുന്നുവെന്ന് ഷാഫി പറഞ്ഞിട്ടുണ്ട്. മലയാളികൾ ഓർത്തോർത്തു ചിരിക്കുന്ന, എണ്ണിയെണ്ണിപ്പറയാവുന്ന ചിത്രങ്ങൾ ഷാഫിയുടെ കയ്യൊപ്പോടെ ഇന്നും നമുക്കു മുന്നിലുണ്ട്. കരയിക്കുന്നതിനേക്കാൾ ചിരിപ്പിക്കാനാണ് പ്രയാസമെന്ന് ചാർളി ചാപ്ളിൻ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും മറക്കാൻ തിയറ്ററിലെത്തുന്ന പ്രേക്ഷകരെ ഷാഫി ഒരിക്കലും നിരാശരാക്കിയില്ല.
വൺമാൻ ഷോയിൽ തുടങ്ങി കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂ കൺട്രീസ്... എന്നിങ്ങനെ ഓരോ ചിത്രവും ഷാഫിയുടെ അവസാന ചിത്രത്തിന്റെ പേരുപോലെ 'ആനന്ദവും പരമാനന്ദ"വും നൽകുന്നവയായിരുന്നു. അവയെല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ സൂപ്പർഹിറ്റുകളുടെ പരമ്പരയായി. കൊച്ചിയിലെ പുല്ലേപ്പടിയിൽ നിന്ന് നർമ്മത്തിന്റെ അകമ്പടിയോടെ മലയാള സിനിമയുടെ അമരത്തേക്കെത്തിയ അമ്മാവനായ സംവിധായകൻ സിദ്ദിഖിന്റെ പാതയിലൂടെയാണ് ജ്യേഷ്ഠൻ റാഫിക്കു പിന്നാലെ ഷാഫിയും ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നതിലും സിനിമകളുടെ ചിത്രീകരണ വേളയിൽ തികഞ്ഞ മാന്യത പുലർത്തുന്ന പ്രകൃതം രൂപപ്പെടുത്തുന്നതിലുമെല്ലാം സിദ്ദിഖ് എന്നും റോൾ മോഡലായിരുന്നു.
റാഫിയുടെയും ഷാഫിയുടെയും അമ്മയും സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളായിരുന്നു. അമ്മാവന്റെ സ്ഥാനമായിരുന്നെങ്കിലും ഇരുവർക്കും സിദ്ദിഖ് അണ്ണനും കൂട്ടുകാരനുമായിരുന്നു. കൂട്ടുകുടുംബത്തിന്റെ അകത്തളങ്ങളിൽ വിടർന്ന തമാശകൾ പിൽക്കാലത്ത് സിനിമയിൽ രസച്ചരടായി അവർ കോർത്തിണക്കി. ജീവിക്കാനായി എത്രവേണമെങ്കിലും പോരാടാനുള്ള മനസ് തനിക്കുണ്ടെന്ന് ഷാഫി പറയുമായിരുന്നു. ബാഗ് നിർമ്മാണക്കമ്പനിയിലെ ജോലിയടക്കം ചെയ്തശേഷമാണ് ഒരു ചിത്രത്തിൽ ക്ളാപ് ബോയിയായി ഷാഫി സിനിമയിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് ജ്യേഷ്ഠൻ റാഫിയെപ്പോലെ സിദ്ദിഖിന്റെ സഹസംവിധായകനായി. സ്വന്തമായി ആദ്യം സംവിധാനം ചെയ്ത സിനിമയുടെ പേര് 'വൺമാൻ ഷോ"യെന്നായിരുന്നെങ്കിലും എല്ലാ ചിത്രങ്ങളിലും ആ കൂട്ടുകെട്ടിന്റെ ഒത്തുചേരലുകളിൽ വിടർന്ന ആശയങ്ങൾ ഉണ്ടായിരുന്നു. സിദ്ദിഖിന്റെ അഭിനന്ദനങ്ങളാണ് തങ്ങൾക്കു ലഭിച്ച അവാർഡുകളെന്ന് ഷാഫിയും റാഫിയും പറയുമായിരുന്നു. സിദ്ദിഖിന്റെ അകാല വേർപാട് അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
മമ്മൂട്ടി എന്ന നടന് ഹാസ്യത്തിന്റെ മേമ്പൊടി കലർന്ന വേഷങ്ങൾ സമ്മാനിക്കുന്നതിലും ഷാഫി വലിയ വൈഭവം കാട്ടി. തൊമ്മനും മക്കളും എന്ന ചിത്രത്തിൽ മമ്മൂട്ടിയും രാജൻ പി. ദേവും ലാലും ചേർന്നുള്ള കോമ്പിനേഷൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ദിലീപ് നായകനായ കല്യാണരാമൻ എന്ന സിനിമയിലെ ഓരോ രംഗവും അതു കണ്ടവരാരും ഇന്നും മറന്നിട്ടുണ്ടാവില്ല. കഥാപാത്രസൃഷ്ടിയിൽ സൂക്ഷ്മശ്രദ്ധ പതിപ്പിക്കുന്ന സംവിധായകനായിരുന്നു ഷാഫി. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബിജു മേനോന് കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്ന് ഷാഫി സമ്മാനിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സ്വാധീനം ലോക സിനിമയിലെന്ന പോലെ മലയാള സിനിമയിലും വലിയ മാറ്റങ്ങൾ വരുത്തി. പാത്രസൃഷ്ടിയിൽപ്പോലും മാറ്റങ്ങൾ വന്നു. നല്ല മാറ്റങ്ങൾ എപ്പോഴും സ്വാഗതാർഹമാണ്. പക്ഷെ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്തി അവതരിപ്പിക്കുന്ന ചില ചിത്രങ്ങൾ പണം വാരുന്നുണ്ടെങ്കിലും കുടുംബസമേതം തിയറ്ററിലെത്തുന്നവരെ പിന്തിരിപ്പിക്കുംവിധം അറപ്പുളവാക്കുന്ന രംഗങ്ങൾ നിറഞ്ഞവയാണ്. അവിടെയാണ് നിർദ്ദോഷ ഫലിതങ്ങളാൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഷാഫിയെപ്പോലുള്ള സംവിധായകരുടെ പ്രസക്തിയേറുന്നത്. ആദരാഞ്ജലികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |