SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

ജനമനസ് തൊടുന്ന തീർത്ഥയാത്ര

READ ENGLISH VERSION

modi
നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് പന്ത്രണ്ടു വയസായിരിക്കുന്നു. അതൊരു തീർത്ഥയാത്രയായിരുന്നുവെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ആ വിശേഷണം പൂർണമായും ശരിയാണ്. രാജ്യത്തിനും ജനങ്ങൾക്കും ഇതൊരു പുതിയ യാത്രയായിരുന്നു. ഭരണാധികാരി ജനഹൃദയങ്ങൾ കാണുന്ന യാത്ര. അതേസമയം ജനങ്ങൾക്ക് ഭരണാധികാരിയെ അടുത്തറിയാനും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള ഒരവസരം. കഴിഞ്ഞ പന്ത്രണ്ടു വർഷമായി അത് മുടങ്ങാതെ നടക്കുന്നു.

രാജ്യത്തിനും ജനങ്ങൾക്കും അത് പുതിയൊരു അനുഭവം തന്നെയായിരുന്നു.

രാജ്യത്തെ വിവിധ ജനതയെയും ഭാഷകളെയും സംസ്കാരത്തെയും തൊട്ടുള്ള ഒരു തീർത്ഥയാത്രയായിരുന്നു മൻ കി ബാത്ത്. അതിന് നഗര- ഗ്രാമ വ്യത്യാസമുണ്ടായിരുന്നില്ല. പല കുഗ്രാമങ്ങളും പരിഷ്കാരം തീണ്ടിയിട്ടില്ലാത്ത ജനതയും ആ തീർത്ഥയാത്രയിലൂടെ മുഖ്യധാരയിലെത്തി. പലരും അതിലൂടെ പ്രശസ്തരാവുകയും ചെയ്തു. മറ്റുള്ളവർക്ക് മാതൃകയായ എത്രയോ ഗ്രാമീണ ബാലന്മാരെയും ബാലികമാരെയും അങ്ങനെ ഇന്ത്യയറിഞ്ഞു.

2014 ഒക്ടോബറിൽ വിജയദശമി ദിനത്തിലാണ് മൻ കി ബാത്ത് ആരംഭിച്ചത്. ജനങ്ങളാണ് ഈ യാത്രയിൽ വഴികാട്ടിയായതെന്നും അവരുടെ പരിശ്രമങ്ങൾ അടുത്തറിയാനും സംഭാവനകൾക്ക് ആദരമർപ്പിക്കാനും സാധിച്ചുവെന്ന് മോദി ഓർമ്മിപ്പിക്കുന്നുണ്ട്. ജനങ്ങൾ നൽകുന്ന സ്നേഹവും ആത്മബന്ധവും വിലപ്പെട്ട സമ്പത്താണ്. തദ്ദേശീയ ഉത്‌പന്നങ്ങൾ ലോക വിപണിയിലെത്തുന്നു. ബീഹാറിലെ പൂർണിയയിൽ നിന്നുള്ള മഖാന ഗ്രീസിലേക്കും കർണാടകയിലെ കൽബുർഗയിൽ നിന്നുള്ള തുവരപ്പരിപ്പ് മാലദ്വീപിലേക്കും ഇപ്പോൾ കയറ്റുമതി ചെയ്യുന്നുണ്ട്. കർണാടകയിലെ 'ബാംബു' എന്ന സ്റ്റാർട്ടപ്പ് മുളയിൽ നിന്നും കാർഷികാവശിഷ്ടങ്ങളിൽ നിന്നും പാക്കേജിംഗ് സാമഗ്രികൾ നിർമ്മിക്കുന്നു. ഈ വർഷത്തെ ഗാന്ധിജയന്തി ദിനത്തിൽ മാത്രം ഖാദിഗ്രാമോദ്യോഗ് ഉത്‌പന്നങ്ങളുടെ വില്പന 28 കോടിയിലധികമായി.

ഇന്ത്യ ലോക രാജ്യങ്ങൾക്ക് കൂടുതൽ സ്വീകാര്യമാവുകയാണെന്നും പ്രധാനമന്ത്രി ദീപാവലി - ഛഠ് പൂജ ആശംസകൾക്കിടയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യ എന്തെന്നറിയാനും ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനു കഴിയുന്നുണ്ട്. ജനകീയ പ്രശ്നങ്ങളും നേട്ടങ്ങളും മനസിലാക്കാനുള്ള ഈ തീർത്ഥയാത്ര തികച്ചും മാതൃകാപരമാണ്. പുണ്യകരമായ തീർത്ഥയാത്രകളുടെ നാടാണ് ഭാരതം. പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെയുള്ള ആ തീർത്ഥയാത്ര എക്കാലവും ഓർമ്മിപ്പിക്കപ്പെടും. ജനഹൃദയങ്ങളിലൂടെയുള്ള ഈ തീർത്ഥയാത്ര ഒരു ഭരണാധികാരിയെന്ന നിലയ്ക്ക് അദ്ദേഹത്തിന് വളരെ പ്രയോജനപ്പെടും. ആ പ്രയോജനത്തിന്റെ ഫലങ്ങൾ എല്ലാ വിഭാഗത്തിനും ഗുണകരമാകട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION